രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ വിശദീകരണം തേടാൻ എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിലേക്കു വിളിച്ചു വരുത്തി. സിപിഎം നേതൃയോഗങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ വിളിച്ചു വരുത്തിയത്. ഇരുവരിൽനിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല മാർച്ച് നടന്നതെന്ന് ഇരുവരും സിപിഎം നേതാക്കളെ അറിയിച്ചു.

എംപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി അക്രമം അഴിച്ചുവിട്ടതിനോട് യോജിപ്പില്ലെന്ന് വി.പി.സാനു പ്രതികരിച്ചു.
സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. അതിനെ ശക്തമായി അപലപിക്കുന്നു. എന്താണ് സംഭവിച്ചതെന്നു പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സാനു പറഞ്ഞു.
എസ്എഫ്ഐ നേതൃത്വം അറിഞ്ഞല്ല മാർച്ച് നടന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. പ്രതിഷേധം എന്ന നിലയിൽ ജില്ലാ നേതൃത്വമാണ് പരിപാടി നടത്തിയത്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിൽ ആലോചിച്ച പരിപാടി ആയിരുന്നില്ല. അക്രമത്തെ അപലപിക്കുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെ തന്നെ യോഗം ചേർന്ന് പരിശോധിക്കും. എസ്എഫ്ഐ ആസൂത്രണം ചെയ്ത പരിപാടിയാണെങ്കിൽ കാരണക്കാരായവരെ പുറത്താക്കും. ഇത്തരം സമരം എസ്എഫ്ഐയുടെ രീതിയല്ല. അതുകൊണ്ട് ആരാണ് സമരത്തിനു നേതൃത്വം നൽകിയത്, മറ്റാരെങ്കിലും അതിനു പിന്നിലുണ്ടോ എന്നു പരിശോധിക്കും. ജില്ലാ സെക്രട്ടറിയും പ്രസിഡന്റും മാർച്ചിന്റെ ഭാഗമായിരുന്നു. അവരുടെ അറിവോടെയാണോ അക്രമം നടന്നത് എന്നത് പരിശോധിക്കേണ്ടതുണ്ട്. ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെങ്കിൽ അത് ഗുരുതരമായ തെറ്റാണ്. ജില്ലാ സെക്രട്ടറിയായാലും ഏതു സ്ഥാനത്തിരിക്കുന്നവർ ആയാലും വീഴ്ചയുണ്ടെന്നു കണ്ടാൽ നടപടിയുണ്ടാകും. എസ്എഫ്ഐ ജില്ലാ കമ്മറ്റി യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും കെ.അനുശ്രീ പറഞ്ഞു.
അതേ സമയം, രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകർത്ത സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഡിജിപി മനോജ് എബ്രഹാമിൻ്റെ മേൽനോട്ടത്തിലാവും അന്വേഷണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായരും വയനാട്ടിലെത്തി.