രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ട യുവാവിന്റെ തല അറുത്ത് മാറ്റി.
തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളെയാളാണ് രണ്ട്പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇരുവരും കൊലചെയ്യാനുപയോഗിച്ച കത്തിയുമായി വീഡിയോയും പങ്ക് വെച്ചു. വീഡിയോയിൽ നുപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റിട്ടതിനാണ് തല അറുത്തതെന്ന് ഇരുവരും സമ്മതിക്കുന്നു.
കടയുടമയുടെ എട്ട് വയസ്സുള്ള മകനാണ് നുപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റിട്ടതെന്ന് ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.
ഉദയ്പൂരിലെ ഒരു തയ്യൽക്കടയിലേക്ക് രണ്ട് പേർ പ്രവേശിച്ച് കടയിലുള്ള വ്യക്തിയെ കത്തികൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആദ്യം പ്രചരിച്ചത്.പിന്നാലെ ഇരുവരും കൊലപാതകം സമ്മതിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നു.
കൊലപാതകത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന മൂന്നാമത്തെ വീഡിയോയിൽ, രണ്ടുപേരിൽ ഒരാൾ ഉദയ്പൂരിൽ ഇന്ന് നടന്നതിന് സമാനമായ കൊലപാതകം നടത്താനുള്ള തന്റെ ഉദ്ദേശ്യം വിവരിക്കുന്നതും കേൾക്കാം. എന്നാൽ ഇത് ജൂൺ 17-ന് റെക്കോർഡ് ചെയ്‌ത വീഡിയോ ആണെന്നാണ് റിപ്പോർട്ട്.
ആക്രമികളെ തിരിച്ചറിഞ്ഞതായും ഉടൻ കണ്ടെത്തുമെന്നും രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ ഉടലെടുത്തു.ഹിന്ദു സംഘടനകൾ മാർക്കറ്റുകൾ അടച്ചുപൂട്ടി. സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാർ തെരുവിലിറങ്ങി.അടുത്ത 24 മണിക്കൂറിലേക്ക് പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ വഷളായതോടെ ജില്ലാ കളക്ടർ താരാചന്ദ് മീണയും പോലീസ് സൂപ്രണ്ട് മനോജ് ചൗധരിയും സ്ഥലത്തെത്തി.
“ഉദയ്പൂരിൽ യുവാവിന്റെ ദാരുണമായ കൊലപാതകത്തെ ഞാൻ അപലപിക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ക്രിമിനലുകൾക്കെതിരെയും കർശന നടപടിയെടുക്കും.പോലീസ് വിശദമായി അന്വേഷിക്കും. സമാധാനം നിലനിർത്താൻ എല്ലാ കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു,” രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.