Categories
latest news

രാജ്യസഭ: 16ല്‍ എട്ട്‌ സീറ്റ്‌ ബി.ജെ.പിക്ക്‌, കോണ്‍ഗ്രസിന്‌ അഞ്ച്‌…

ഇന്ത്യന്‍ രാഷ്ട്രീയം ഉദ്വേഗത്തോടെ കാത്തിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ പിടിച്ചു നില്‍ക്കുകയും ബി.ജെ.പി.ക്ക്‌ കനത്ത തിരിച്ചടി നല്‍കുകയും ചെയ്‌തപ്പോള്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി. നേട്ടമുണ്ടാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റില്‍ എട്ടും ബി.ജെ.പി.ക്ക്‌. ഒരു ബി.ജെ.പി. സ്വതന്ത്രനും ജയിച്ചു. കോണ്‍ഗ്രസിന്‌ അഞ്ച്‌ സീറ്റ്‌ കിട്ടി. ശിവസേനയ്‌ക്കും എന്‍.സി.പി.ക്കും ഓരോ സീറ്റും കിട്ടി. രാജ്യസഭയിലേയ്ക്കുള്ള 57 ഒഴിവുകളില്‍ 41 സീറ്റുകളിലേക്ക് വിവിധ കക്ഷി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മൂന്ന്‌ സ്ഥാനാര്‍ഥികളും ജയിച്ചപ്പോള്‍ ബി.ജെ.പി.ക്ക്‌ ഒരു സീറ്റ്‌ മാത്രമാണ്‌ കിട്ടിയത്‌. സ്വതന്ത്രനെ നിര്‍ത്തി കോണ്‍ഗ്രസില്‍ നിന്നും വോട്ട്‌ ചോര്‍ത്തി മറ്റൊരു സീറ്റ്‌ പിടിച്ചെടുക്കാനുള്ള ബി.ജെ.പി. തന്ത്രം ഫലിച്ചില്ല. എന്നു മാത്രമല്ല ബി.ജെ.പി. എം.എല്‍.എ. ശോഭാ റാണി ഖുശ്‌ വാഹ കോണ്‍ഗ്രസിന്‌ അനുകൂലമായി വോട്ട്‌ ചെയ്യുകയും ചെയ്‌തു. കോണ്‍ഗ്രസിന്റെ പ്രമുഖ മുഖങ്ങളായ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല, മുകുള്‍ വാസ്‌നിക്‌, പ്രമോദ്‌ തിവാരി എന്നിവര്‍ ജയിച്ചു.

thepoliticaleditor

കര്‍ണാടകയില്‍ ഭരണകക്ഷിയായ ബി.ജെ.പി. മല്‍സരിച്ച മൂന്നു സീറ്റുകളിലും ജയിച്ച്‌ നേട്ടമുണ്ടാക്കി. ആകെ നാല്‌ സീറ്റിലായിരുന്നു മല്‍സരം. ഒരു സീറ്റില്‍ കോണ്‍ഗ്രസ്‌ ആണ്‌ വിജയിച്ചത്‌. കര്‍ണാടകയില്‍ ജെ.ഡി.എസ്‌. എം.എല്‍.എ. കോണ്‍ഗ്രസിന്‌ വോട്ടു ചെയ്‌തു. കോലാര്‍ ജനപ്രതിനിധി ശ്രീനിവാസ ഗൗഡയാണ്‌ വിപ്പ്‌ ലംഘിച്ച്‌ കോണ്‍ഗ്രസിന്‌ വോട്ട്‌ നല്‍കിയത്‌. ഗബ്ബിയിലെ ജനപ്രതിനിധിയാവട്ടെ ബാലറ്റില്‍ വോട്ട്‌ രേഖപ്പെടുത്താതെ അസാധുവാക്കി. മല്‍സരത്തില്‍ ജെ.ഡി.എസ്‌. സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്‌തു. താന്‍ കോണ്‍ഗ്രസ്‌ എന്ന ഗ്രാന്‍ഡ്‌ ഓള്‍ഡ്‌ പാര്‍ടിയെ സ്‌നേഹിക്കുന്നതായി ശ്രീനിവാസ്‌ ഗൗഡ എം.എല്‍.എ. പറഞ്ഞു. കോണ്‍ഗ്രസും ജെ.ഡി.എസും പരസ്‌പരം മല്‍സരിച്ചതോടെ ബി.ജെ.പി.ക്ക്‌ കര്‍ണാടകയില്‍ വിജയം എളുപ്പമായി. ബി.ജെ.പി.യുടെ മൂന്ന്‌ അംഗങ്ങള്‍ വിജയിച്ചു. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ കൂടിയായ ജഗ്ഗേഷ്‌, ലെഹര്‍സിങ്‌ സരോയ എന്നിവരാണ്‌ വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസില്‍ നിന്നും ജയറാ രമേശ്‌ ജയിച്ചു.

മഹാരാഷ്ട്രയില്‍ ശിവസേനാ എം.എല്‍.എ. വോട്ട്‌ അസാധുവാക്കിയത്‌ പാര്‍ടിക്ക്‌ തിരിച്ചടിയായി. ബി.ജെ.പി. ഇവിടെ മൂന്ന്‌ സീറ്റ്‌ നേടിയപ്പോള്‍ ഭരണകക്ഷിയായ ശിവസേനയ്‌ക്കും എന്‍.സി.പി.ക്കും ഓരോ സീറ്റ്‌ കിട്ടി. മഹാരാഷ്ട്രയില്‍ കൂടുതല്‍ സീററ്‌ നേടാനായതില്‍ ബി.ജെ.പി. ആഹ്ലാദത്തിലാണ്‌.

Spread the love
English Summary: rajyasabha poll results

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick