Categories
latest news

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് : പദ്ധതി വിജയിച്ചാൽ ബിജെപിക്ക് വിജയം അകലെയാകും…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ട് ബിജെപിയെ തകർക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഉണ്ടാവില്ല എന്നറിയിച്ച കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച്ച നടത്തി പൊതു സ്ഥാനാർഥിയെ നിർത്താനാണ് പദ്ധതിയിടുന്നത്.

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഐഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇത് സംബന്ധിച്ച് ചർച്ച നടത്തും.

thepoliticaleditor

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയോട് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താനും രാഷ്ട്രപതി സ്ഥാനാർത്ഥിയായി ആരെ നാമനിർദ്ദേശം ചെയ്യണമെന്ന് സമവായമുണ്ടാക്കാനും സോണിയ ഗാന്ധി നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്‌.

വോട്ടു മൂല്യത്തിൽ എൻഡിഎയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും അനായാസം ജയിച്ചുകയറാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

ബിജെപിക്ക് ലോക്സഭയിൽ 300 ഉം രാജ്യസഭയിൽ 98 ഉം അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1,241 അംഗങ്ങളുണ്ട്. സഖ്യകക്ഷികൾക്കടക്കം എൻഡിഎക്ക് ലോകസഭയിൽ 332 പേരും രാജ്യസഭയിൽ 115 പേരുമുണ്ട്.

പ്രതിപക്ഷത്ത് ലോക്സഭയിൽ കോൺഗ്രസിന്റെ 52 പേർ ഉൾപ്പെടെ യുപിഎക്ക് 91 പേരാണുള്ളത്. യുപിഎയോട് ആഭിമുഖ്യമുള്ള തൃണമൂൽ, ടിആർഎസ്, ശിവസേന, ഇടതുപാർട്ടികൾ എന്നിവർക്കെല്ലാം കൂടി ലോക്സഭയിൽ 60 എംപിമാരുണ്ട്.

ഫലത്തെ സ്വാധീനിക്കാൻ കഴിയുന്ന, ഒരു മുന്നണിയിലും ഉൾപ്പെടാത്ത ബിഎസ്പി,അകാലിദൾ, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, എംഐഎം എന്നീ പാർട്ടികൾക്ക് ഇരുസഭയിലുമായി 68 എംപിമാരും 296 എംഎൽഎമാരുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായുള്ള മുപ്പതോളം സ്വതന്ത്ര എംഎൽഎ മാരുടെ വോട്ടും നിർണായകമാണ്.

ഇപ്പോഴത്തെ കണക്ക് അനുസരിച്ച് മൊത്തമുള്ള 10,86,000 വോട്ടിൽ 5,12,000 വോട്ട് മാത്രമേ ദേശീയ ജനാധിപത്യ സഖ്യത്തിന്റേതായി കിട്ടാൻ തരമുള്ളൂ. വിജയിക്കാൻ വേണ്ട 5,43,000 വോട്ടിന് 29,000 വോട്ടിന്റെ കുറവ്. നിയമസഭ സസ്പെന്റു ചെയ്ത ജമ്മു കശ്മീരിലെ 87 എംഎൽമാരുടെ വോട്ട് മൂല്യം കുറച്ചാണ് മൂല്യം കണക്കാക്കുന്നത്. അല്ലെങ്കിൽ ഒട്ടേറെ കക്ഷികൾ വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കണം

എല്ലാ പ്രതിപക്ഷ പാർട്ടിയും അംഗീകരിക്കുന്ന സ്ഥാനാർഥിയെ യുപിഎയുടെ നേതൃത്വത്തിൽ കണ്ടെത്തിയാൽ ബിജെപിയുടെ വിജയം സംശയമാണ്. എന്നാൽ, സംയുക്ത സ്ഥാനാർഥിയെ നിലവിൽ പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുപോലെ പിന്തുണയ്ക്കുമോ എന്നതും ചോദ്യമാണ്.

ബിജെപി സ്ഥാനാർഥികളായി പലരുടെയും പേരുകൾ ഉയർന്ന് വരുന്നുണ്ട്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജ തുടങ്ങിയ പേരുകൾ ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനെ തന്നെ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ഇത്തരത്തിൽ 2017 ൽ ഉയർന്നു വന്ന എല്ലാ പേരുകളെയും അപ്രസക്തമാക്കിക്കൊണ്ടാണ് അപ്രതീക്ഷിതമായി റാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചത്. അത് കൊണ്ടുതന്നെ ഇത്തവണയും സമാന രീതിയിലുള്ള ഒരു നീക്കം പ്രതീക്ഷിക്കുന്നുണ്ട്.

ജൂലൈ 18-ന് ആണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.

Spread the love
English Summary: presidential election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick