സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് വിജിലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ എം ആർ അജിത് കുമാറിന് പുതിയ നിയമനം. സിവിൽ റൈറ്റസ് പ്രൊട്ടക്ഷൻ എഡിജിപിയെന്ന തസ്തികയിലേക്കാണ് അജിത് കുമാറിനെ നിയമിച്ചത്. പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടേതിന് തുല്യമായ അധികാരമായിരിക്കും ഈ തസ്തികയ്ക്ക്. ഒരു വർഷത്തേക്കാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.
സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണുമായി അജിത് കുമാർ ഫോണിൽ സംസാരിച്ചു എന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടർ തസ്തികയിൽ നിന്നും നീക്കിയത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നായിരുന്നു അജിത് കുമാറിനെ മാറ്റിയത്. ആരോപണങ്ങൾ ഉയർന്നത് കൊണ്ടാണ് വിജിലൻസ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
സ്വർണകടത്ത് കേസിലെ കൂട്ടുപ്രതി സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എഡിജിപി അജിത് കുമാറിനെ ഷാജ് കിരൺ ഏഴുതവണ വിളിച്ചതായി പിന്നീട് ഷാജ് കിരണിന്റെ ഫോൺ രേഖകളിൽ നിന്ന് കണ്ടെത്തി.
ആറു മാസമായി അന്വേഷണം നിലച്ച ലൈഫ് മിഷൻ കേസിൽ സരിത്തിന്റെ ഫോൺ മാത്രം പിടിച്ചെടുത്തത് വിവാദമായിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അന്വേഷിക്കുന്ന കേസിൽ പാലക്കാട്ടെ വിജിലൻസ് സംഘത്തെ ഫോൺ പിടിച്ചെടുക്കാൻ ആരു നിയോഗിച്ചെന്ന ചോദ്യവും ഉയർന്നു. നോട്ടീസ് നൽകാതെയാണ് സരിത്തിന്റെ താമസസ്ഥലത്തുനിന്ന് ബലംപ്രയോഗിച്ച് കൊണ്ടുപോയത്.
സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയും അറിയാതെയാണ് സരിത്തിന്റെ ഫോൺ വിജിലൻസ് പിടിച്ചെടുത്തത്. ഇക്കാര്യത്തിലുള്ള അതൃപ്തി ഡിജിപി വിജിലൻസ് മേധാവിയെ അറിയിച്ചിരുന്നു.
അജിത് കുമാറിനെ വിജിലൻസിൽ നിന്നും മാറ്റിയെങ്കിലും പുതിയ തസ്തിക നൽകിയിരുന്നില്ല.
പുതിയ വിജിലൻസ് ഡയറക്ടറെയും ഇത് വരെ നിയമിച്ചിട്ടില്ല. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല.