Categories
kerala

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു:
ഉദ്ധവ് താക്കറെയുടെ വസതിയിൽ വൈകിട്ട് 5ന് യോഗം

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അഘാഡി സർക്കാരിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാർ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായില്ലെന്നാണ് വിവരം.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിൽ വൈകിട്ട് 5-ന് ശിവസേനയുടെ എല്ലാ എംഎൽഎമാരുടെയും നിർണായക യോഗം പാർട്ടി വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കാത്തവരുടെ അംഗത്വം റദ്ദാക്കുമെന്ന് പാർട്ടി അന്ത്യശാസനം നൽകി.

thepoliticaleditor

ഉദ്ധവ് താക്കറെ കോവിഡ് ബാധിതനായതിനാൽ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു മന്ത്രിസഭാ യോഗം. കോണ്‍ഗ്രസ് നേതാക്കൾ മന്ത്രി ബാലസാഹെബ് തോറാട്ടിന്റെ വീട്ടിലും യോഗം ചേർന്നു.

46 എംഎൽഎമാർ തന്നോടൊപ്പം ഉണ്ട് എന്ന് അവകാശപ്പെടുന്ന ഏക്നാഥ് ഷിൻഡെ, വിമത എംഎൽഎമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്‌. എന്നാൽ ഷിൻഡെ പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നാണ് അറിയിച്ചത്.

സർക്കാരിന്റെ ഭാഗമായിട്ടുള്ള എംഎൽഎമാരിൽ ഭൂരിഭാഗം പേരും ഷിൻഡെയ്ക്കൊപ്പമുള്ളത് കൊണ്ട് തന്നെ മഹാവികാസ് അഘാഡി സർക്കാരിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മന്ത്രിസഭ പിരിച്ചുവിട്ടേക്കുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. ‘വിധാൻസഭ പിരിച്ചുവിടലിലേക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ യാത്ര’ – എന്നാണ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തത്.

വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്.കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം.

സ്വതന്ത്രയായി ജയിച്ച ശേഷം 2020ല്‍ ശിവസേനയിലെത്തിയ ഗീത ജയിന്‍ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി. സേനാ എംഎല്‍എമാരായ സഞ്ജയ് റാത്തോഡ്, യോഗേഷ് കദം എന്നിവരും വിമതര്‍ക്കൊപ്പം ചേരുമെന്നു റിപ്പോര്‍ട്ടുണ്ട്.

ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നു ഷിൻഡെ അവകാശപ്പെടുന്നു. വിമത ക്യാംപില്‍നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ തിരിച്ചെത്താമെന്നാണ് ഷിന്‍ഡെ ഉദ്ധവ് താക്കറെയെ ഫോണില്‍ അറിയിച്ചത്.

ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു ഷിന്‍ഡെയെ നീക്കിയെങ്കിലും അനുനയശ്രമം തുടരുകയാണ്. ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തി. ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്.

ഉദ്ധവ് ഇന്നലെ വിളിച്ച അടിയന്തര പാര്‍ട്ടി യോഗത്തില്‍ 55 എംഎല്‍എമാരില്‍ 17 പേര്‍ മാത്രമാണു പങ്കെടുത്തതെന്നാണ് വിവരം. എന്നാല്‍ 33 പേര്‍ എത്തിയെന്നു ശിവസേന അവകാശപ്പെട്ടു.

46 പേര്‍ ഒപ്പമുണ്ടെന്നാണു ഷിന്‍ഡെയുടെ അവകാശവാദം. 37 പേരുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം. ഇത്രയും പേരില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിനാണ് ബിജെപി പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്.

Spread the love
English Summary: political crisis in maharashtra government

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick