Categories
kerala

പ്രശസ്ത ബോളിവുഡ് മലയാളി ഗായകൻ കെ.കെ സ്റ്റേജ് ഷോയ്ക്ക് പിന്നാലെ അന്തരിച്ചു

ബോളിവുഡിലെ അതുല്യ ഗായകനായ കെ.കെ (കൃഷ്ണകുമാർ കുന്നത്ത് – 53) സംഗീതപരിപാടി കഴിഞ്ഞതിന് തൊട്ടുപിന്നാലെ അന്തരിച്ചു. ഇന്നലെ രാത്രി കൊൽക്കത്തയി‍ലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെ.കെയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

thepoliticaleditor

3500ഓളം ജിംഗിളുകൾ(പരസ്യചിത്രഗാനങ്ങൾ) പാടിയാണ് കെ. കെ ഹിന്ദി സിനിമാഗാന രംഗത്ത് കാൽ വെയ്ക്കുന്നത്. കെകെ പാടിയ പരസ്യചിത്രഗാനങ്ങൾ പലതും നമുക്ക് പ്രിയപ്പെട്ടതാണ്. പെപ്സിയുടെ ‘യേ ദിൽ മാംഗേ മോർ’ ഉദാഹരണം.

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിക്കുമായിരുന്നു. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളജിലും പഠിക്കുമ്പോൾ ഹൃദിസ്ഥമാക്കിയതു കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ.

സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചു.

സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്‌ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകൾ മൂളി സംഗീത രംഗത്തേക്ക്‌ കടന്ന് വന്നു.

3500ൽ അധികം ജിംഗിളുകൾ ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെകെയുടെ ശബ്‌ദം എല്ലാ പ്രേക്ഷകർക്കും പരിചിതമാണ്.

മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം….’ എന്ന ഗാനത്തോടെയാണ് കെ.കെയെ ഗാനലോകമറിയുന്നത്.

ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലർ ചാർട്ടുകളുടെ മുൻനിരയിലെത്തിച്ചു.

എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കു പ്രവേശിച്ചത്. വൈകാതെ തമിഴിലും തെലുങ്കിലും സ്‌ഥിരം ഗായകനായി.

മലയാളത്തിൽ പാടാൻ പിന്നെയും വൈകി. ആയുധം എന്ന സിനിമയിൽ പാടിയെങ്കിലും യേശുദാസിന്റെ സ്‌ഫടികസമമായ സ്വരം കേട്ടു ശീലിച്ച മലയാളികൾ തന്റെ ഉച്ചാരണശുദ്ധിയില്ലായ്‌മ സ്വീകരിക്കുമോ എന്നു സംശയിച്ചു.മലയാളത്തിൽ പുതിയ മുഖത്തിലെ ‘രഹസ്യമായ്’ ഹിറ്റ് ഗാനമാണ്.

തമിഴിൽ സ്ട്രോബറി കണ്ണേ (മിൻസാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിൻ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റിൽ പെടുന്നു.

5 തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ബാല്യകാലസഖിയായ ജ്യോതിയെയാണു കെ.കെ വിവാഹം ചെയ്തത്. മകൻ നകുൽ കെ.കെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്.

കെകെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു.

Spread the love
English Summary: keralite bollywood singer K.K passes away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick