സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചർച്ച ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൾ വീണയ്‌ക്കെതിരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
പ്രൈസ്‌വാട്ടർഹൗസ്കൂപ്പേഴ്സ് ഡയറക്ടർ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വിശേഷിപ്പിച്ചതായാണ് മാത്യു കുഴൽനാടൻ ചർച്ചയ്‌ക്കിടെ ആരോപിച്ചത്.

പച്ചക്കള്ളമാണ് കുഴൽനാടൻ പറയുന്നതെന്നും പിഡബ്ലിയുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു.
എങ്ങനെയും തട്ടിക്കളയാമെന്നാണ് കുഴൽനാടന്റെ വിചാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘‘അതിനു വേറെ ആളെ നോക്കണം’’ – മുഖ്യമന്ത്രി വ്യക്തമാക്കി.
മകളെ പറ്റി പറഞ്ഞാൽ ഞാൻ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടി ചിലർ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴൽനാടന്റെ വിചാരം എങ്ങനേയും തട്ടികളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ്. എന്താണ് നിങ്ങൾ വിചാരിച്ചത്. മകളെ പറ്റി പറഞ്ഞാൽ ഞാൻ വല്ലാതെ കിടുങ്ങി പോകുമെന്നാണോ..പച്ച കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകൾ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്..എന്തും പറയാമെന്നാണോ..അതൊക്കെ മനസ്സിൽ വെച്ചാൽ മതി. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങൾ വിളിച്ച് പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. ഞങ്ങളുടെ ഭാഗത്തുള്ള തെറ്റുകളുണ്ടെങ്കിൽ അത് പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്കാരം. മറ്റുകൂടുതൽ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല’ മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ പി.ഡബ്ലയു.സി. ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്ന് കുഴൽനാടൻ ആരോപിച്ചിരുന്നു. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓർമയുണ്ടോയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ചോദ്യം. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചത്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജേക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. പി.ഡബ്ലയു.സി. ഡയറക്ടറായിരുന്നു ബാലകുമാർ. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴൽനാടൻ പറഞ്ഞു.
എന്ത് മറയ്ക്കാനാണ് ഈ പരാമർശം പിൻവലിച്ചതെന്നും അദ്ദേഹം ചോദിച്ചു. മെന്ററെ പോലെയാണെന്ന് മകൾ പറഞ്ഞ കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനോ തനിക്ക് നേരിട്ടോ ഒരു ബന്ധവുമില്ലെന്നാണ് ആദ്യം പ്രതികരിച്ചത്. ശിവശങ്കറെ വിളിച്ചുവെന്ന് തെളിഞ്ഞപ്പോൾ വിവാദവനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വപ്നയെ നിയമിച്ച മുഖ്യമന്ത്രി സ്വപ്നയെ സംരക്ഷിക്കാൻ തയ്യാറായി. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ എന്താണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.