എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം അർഷോയെ ജയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ പ്രവർത്തകർ സ്വീകരണം നൽകിയ സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടി സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
പോലീസ് കസ്റ്റഡിയിലിരിക്കെ പ്രവർത്തകർ സ്വീകരണം സംഘടിപ്പിച്ചതിൽ മൂന്ന് പോലീസുകാർക്കെതിരേയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കമ്മീഷണർ പറഞ്ഞു.

പോലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. നേതാവിന് പ്രവർത്തകർ സ്വീകരണം സംഘടിപ്പിച്ചതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പറഞ്ഞത്. എന്നാലും ഇതൊന്നും അനുവദിക്കാൻ പാടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി . അർഷോയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകിയത്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ സംസ്ഥാന സെക്രട്ടറിയെ ജയിലിലേക്ക് പറഞ്ഞയച്ചത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.
വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. അർഷോ. വധശ്രമ കേസിൽ മൂന്നു മാസം മുമ്പ് അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളിൽ കൂടി പങ്കാളിയായി എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം റദ്ദാക്കിയത്.
അർഷോയെ ഉടൻ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും പോലീസ് പിടികൂടിയിരുന്നില്ല. അർഷോ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം.
ഇതിനിടെ, മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത അർഷോ, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് വിവാദമായത്.
വിഷയത്തിൽ യൂത്ത് കോൺഗ്രസ് അടക്കം പോലീസിനെ സമീപിച്ചതോടെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിന്നീട് അർഷോയെ അറസ്റ്റ് ചെയ്തത്.