രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള എസ്.എഫ്.ഐ പ്രവർത്തകൻ കെ.ആർ.അവിഷിത്തിനെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൽ നിന്ന് ഒരു മാസം മുമ്പ് ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞതായി പുറത്ത് വന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു. അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നാണ് രാവിലെ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.
അവിഷിത്തിനെ ഒഴിവാക്കാൻ തീരുമാനിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.

‘സംഭവം എന്താണ് എന്ന് അന്വേഷിക്കട്ടെ. അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നാണ് രാവിലെ പറഞ്ഞത്. അതിന് ശേഷം കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സ്റ്റാഫ് ആയിരുന്ന അവിഷിത്ത് വ്യക്തിപരമായ കാരണങ്ങളാൽ ജൂൺ ആദ്യം മുതൽ തന്നെ ഓഫീസിൽ വന്നിരുന്നില്ല. ഇടക്ക് കുറച്ചു ദിവസം വന്നിരുന്നു. അതുകൊണ്ട് 15-ാം തീയതി തന്നെ അവിഷിത്തിനെ പിരിച്ചു വിടണമെന്ന് പറഞ്ഞ് ഓഫീസിൽ നിന്ന് പൊതുഭരണ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.
ജനാധിപത്യത്തിൽ ആർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അടൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി പറഞ്ഞു. അവർ പ്രതിഷേധിക്കട്ടെ. വഴി തടയലിൽ ഭയക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിന് പങ്കുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് നേതാവ് ഐ.സി. ബാലകൃഷ്ണനാണ് ആരോപണമുന്നയിച്ചത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിർദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.