Categories
kerala

ആര്‌ കടക്കും തൃക്കാക്കര…? സമഗ്ര അവലോകനം

ചൊവ്വാഴ്‌ച തൃക്കാക്കരയിലെ ജനങ്ങള്‍ പോളിങ്‌ ബൂത്തിലേക്ക്‌ പോവുകയാണ്‌. വെറും ഒരു ഉപതിരഞ്ഞെടുപ്പ്‌ എന്നതിലുപരിയായി കേരളം ഉറ്റുനോക്കുന്ന ബാലറ്റ്‌ യുദ്ധമാണ്‌ അവിടെ നടക്കാന്‍ പോകുന്നത്‌. കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിന്റെ നിര്‍ണ്ണായക ജാതകക്കുറിപ്പായി മാറാന്‍ ഇടയുള്ള ജനവിധിയായിരിക്കും തൃക്കാക്കര സമ്മാനിക്കുക.

കടുത്ത പോരാട്ടമാണെങ്കിലും സ്ഥാനാര്‍ഥിയുടെയും പ്രചാരണത്തിന്റെയും രാഷ്ട്രീയ കാലാവസ്ഥയുടെയും മികവില്‍ ചുരുങ്ങിയത്‌ 5000 വോട്ടിനെങ്കിലും മണ്ഡലം പിടിച്ചെടുക്കുമെന്ന്‌ ഇടതുമുന്നണി കരുതുന്നു എന്നതാണ്‌ അവസാന ലാപില്‍ വ്യക്തമാക്കപ്പെടുന്നത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവല്ലാത്ത ഭൂരിപക്ഷത്തോടെ ഉമ വിജയിക്കുമെന്ന്‌ കോണ്‍ഗ്രസും പറയുന്നുണ്ട്‌. പക്ഷേ ആ ശബ്ദത്തിനും മീതെയാണ്‌ പ്രചാരണപരമായി നോക്കിയാല്‍ ഇടതുമുന്നണിയുടെ വിജയവാദം.

thepoliticaleditor

ഇടതു-വലതു മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ ജനങ്ങളോട്‌ വോട്ട്‌ ചോദിക്കുന്നതിന്‌ ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്ത്‌ പ്രയോഗിച്ചു കഴിഞ്ഞിട്ടുണ്ട്‌. പി.ടി.തോമസിന്റെ ഓര്‍മ്മ തന്നെയാണ്‌ യു.ഡി.എഫ്‌. സ്ഥാനാര്‍ഥി അവസാന നിമിഷം വരെയും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിപരമായ സെന്റിമെന്റ്‌സ എങ്കില്‍ ജോ ജോസഫിന്റെ ചടുലതയും ഊര്‍ജ്ജസ്വലമായ പെരുമാറ്റവും ആണ്‌ ഇടതുമുന്നണിക്ക്‌ ഹൈലൈറ്റ്‌ ആയി വരുന്നത്‌.

പ്രധാനമായും മൂന്ന്‌ രീതിയിലാണ്‌ തൃക്കാക്കരയിലെ ജനവിധി നിര്‍ണായകമായിത്തീരുന്നത്‌. ഒന്നാമത്തെ കാര്യം ഇടതു പക്ഷം മുന്നോട്ടു വെക്കുന്ന പുത്തന്‍ വികസന രാഷ്ട്രീയത്തിനുള്ള ജനപിന്തുണ അളക്കുന്നു എന്നതാണ്‌. രണ്ടാമത്തെത്‌ കോണ്‍ഗ്രസിന്റെ ഉറച്ച തട്ടകം ഇടതുമുന്നണി പിടിച്ചെടുത്താല്‍ കേരളത്തില്‍ നടക്കാവുന്ന രാഷ്ട്രീയ പരിണാമം എന്തായിരിക്കും എന്നതാണ്‌. മൂന്നാമത്തെത്‌ ആം ആദ്‌മിയുടെ നേതൃത്വത്തിലുളള പുതിയൊരു സഖ്യം സംസ്ഥാനത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ കാലൂന്നിത്തുടങ്ങുന്നു എന്നതും.

വികസന രാഷ്ട്രീയത്തിന്റെ ലിറ്റ്‌മസ്‌ പരിശോധനയാണ്‌ തൃക്കാക്കരയില്‍ നടക്കുകയെന്ന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉറപ്പിച്ചു പറയുന്നു. ഇടതു സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള സില്‍വര്‍ ലൈന്‍ എന്ന അര്‍ധ അതിവേഗ റെയില്‍പ്പാതയ്‌ക്ക്‌ കേരളം നല്‍കുന്ന പ്രതീകാത്മക അംഗീകാരമായി മാറും ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി. അര്‍ധ അതിവേഗ പാതയുടെ കൊച്ചിയിലെ സ്റ്റേഷന്‍ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ ആണ്‌. അതു കൊണ്ടു തന്നെ മണ്ഡലത്തില്‍ സില്‍വര്‍ ലൈന്‍ പ്രതിനിധാനം ചെയ്യുന്ന വികസനസങ്കല്‍പം പ്രധാന തിരഞ്ഞെടുപ്പ്‌ അജണ്ടയാണ്‌. ഇതാണ്‌ ഇടതുപക്ഷത്തിന്റെ വാദം. എന്നാല്‍ എറണാകുളത്തിന്റെ വികസനത്തില്‍ എല്‍.ഡി.എഫിന്റെ യാതൊരു കൈയ്യൊപ്പും ഇതുവരെ ഉണ്ടായിട്ടില്ലെന്നും തങ്ങളാണ്‌ ഈ ജില്ലയിലെ എല്ലാ വന്‍ വികസന പദ്ധതികളും കൊണ്ടുവന്നതെന്നും യു.ഡി.എഫ്‌. തിരിച്ചടിക്കുന്നു. അതേസമയം, പഴയ ചരിത്രമല്ല വര്‍ത്തമാനകാലമാണ്‌ പരിഗണിക്കേണ്ടതെന്ന്‌ ഇടതുപക്ഷവും വാദിക്കുന്നു.

ഐക്യജനാധിപത്യ മുന്നണിക്കാവട്ടെ തൃക്കാക്കര സീറ്റ്‌ ശരിക്കും അതിജീവനത്തിന്റെ ആണിക്കല്ലാണ്‌. 2011-ല്‍ രൂപീകരിച്ച ശേഷം ഇതുവരെ തങ്ങളുടെ സ്ഥിരം കോട്ടയായ ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതിലും ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചില്ലെങ്കില്‍ അത്‌ സംസ്ഥാനത്തുടനീളം തന്നെ പാര്‍ടിയെ അതീവ ദുര്‍ബലമാക്കുമെന്നുറപ്പാണ്‌. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷമായ സമരത്തിനിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥിരം സീറ്റ്‌ ഇടതുമുന്നണി പിടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ ആ രാഷ്ട്രീയ പരാജയത്തിന്‌ പകരം വെക്കാന്‍ ന്യായങ്ങളൊന്നുമില്ല.
മറ്റൊരു കാര്യം സംസ്ഥാന കോണ്‍ഗ്രസിലെ നേതൃതലമുറ മാറ്റത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്‌ എന്നതാണ്‌. കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനും വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവുമായി വന്ന ശേഷമുള്ള ആദ്യത്തെ ജനകീയ വിധി നിര്‍ണയം. അതുകൊണ്ടു തന്നെ തൃക്കാക്കര ഇരുവര്‍ക്കും അഗ്നി പരീക്ഷ തന്നെയാണ്‌, വിജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ല അവര്‍ക്ക്‌ പാര്‍ടിക്കകത്തെ സുരക്ഷിതമായ നിലനില്‍പിന്‌.

2011-ലാണ്‌ തൃക്കാക്കര നിയമസഭാ നിയോജക മണ്ഡലം നിലവില്‍ വരുന്നത്‌. അന്നു മുതല്‍ മണ്ഡലത്തിന്റെ മനസ്സ്‌ കോണ്‍ഗ്രസിനൊപ്പമാണ്‌. 2011-ലെ ഇലക്ഷനില്‍ ജയിച്ചത്‌ ബെന്നി ബഹനാന്‍. സി.പി.എം ആയിരുന്നു മുഖ്യ എതിരാളി. ബെന്നി ബഹനാന്റെ ഭൂരിപക്ഷം 22,406 ആയിരുന്നു. 2016-ല്‍ പി.ടി.തോമസ്‌ കോണ്‍ഗ്രസിന്റെ പോരാളിയായി വന്നു. ആ വരവ്‌ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റില്‍ മല്‍സരിച്ച പി.ടി.തോമസ്‌ കത്തോലിക്കാസഭയില്‍ നിന്നും കടുത്ത വെല്ലുവിളി നേരിട്ടു. മാധവ്‌ ഗാഡ്‌ഗില്‍-കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ നടപ്പാക്കലിനെ ശക്തമായി അനുകൂലിച്ച പി.ടി. തോമസിനെതിരെ സഭ വാളെടുത്തു. പരാജയപ്പെടുത്തുമെന്ന്‌ പരസ്യമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ പി.ടി.തോമസ്‌ തോറ്റു. പക്ഷേ പാര്‍ടി തോമസിനെ തള്ളിപ്പറഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ്‌ തൃക്കാക്കരയിലേക്കുള്ള തോമസിന്റെ വരവ്‌. സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നു ഇടതു സ്ഥാനാര്‍ഥി. നിലപാടുകളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ ജനവിധി തേടിയ പി.ടി.തോമസ്‌ വിജയിച്ചെങ്കിലും കോണ്‍ഗ്രസിന്‌ നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷം 11,966 ആയി കുറഞ്ഞു. എന്നാല്‍ 2021-ല്‍ പി.ടി തോമസ്‌ തന്റെ ഭൂരിപക്ഷം 13,813 ആയി വര്‍ധിപ്പിച്ചുകൊണ്ട്‌ വിജയം ആവര്‍ത്തിച്ചു. ഇപ്പോള്‍ പി.ടി.യുടെ ആകസ്‌മിക മരണത്തെത്തുടര്‍ന്നാണ്‌ പുതിയ തിരഞ്ഞെടുപ്പിലേക്ക്‌ എത്തിയിരിക്കുന്നത്‌. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിന്‌ അതിന്റെ സ്ഥിരം തട്ടകം കൂടുതല്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തേണ്ടത്‌ അഭിമാന പ്രശ്‌നം തന്നെയാണ്‌.


പക്ഷേ കോണ്‍ഗ്രസ്‌ പാളയത്തില്‍ വിള്ളലുകള്‍ ഇല്ലെന്ന്‌ പറയാന്‍ വയ്യ. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സീനിയര്‍ നേതാക്കളിലൊരാളായ കെ.വി.തോമസ്‌ തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണിക്കാണ്‌ വോട്ട്‌ തേടുന്നത്‌. അതു പോലെ പി.ടി.തോമസിന്റെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്ന ജില്ലാകോണ്‍ഗ്രസ്‌ ഭാരവാഹി മുരളീധരന്‍ പാര്‍ടി വിട്ട്‌ സി.പി.എമ്മിനോട്‌ ചേര്‍ന്നതും ഒരു ഇടര്‍ച്ചയാണ്‌. പക്ഷേ ഭാഗ്യാന്വേഷികളുടെ വിട്ടുപോകല്‍ പാര്‍ടിയെ ബാധിക്കില്ലെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌.
ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും തൃക്കാക്കരയില്‍ മല്‍സരരംഗത്തുണ്ട്‌. എന്നാല്‍ എല്‍.ഡി.എഫ്‌.-യു.ഡി.എഫ്‌. ദ്വന്ദ്വരാഷ്ട്രീയത്തിന്റെ തിരികല്ലില്‍ ഉരയുന്ന തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സി.പി.എം.വിരുദ്ധ രാഷ്ട്രീയ ചര്‍ച്ചയ്‌ക്കപ്പുറം ചലനമുണര്‍ത്താന്‍ അവര്‍ക്ക്‌ കഴിയുമോ എന്നതാണ്‌ ഉയരുന്ന ചോദ്യം.

ഇടതു,വലതു മുന്നണിയും എന്‍.ഡി.എ.യും തിരഞ്ഞെടുപ്പുകളിലെ സ്ഥിരം ഘടകങ്ങളാണെങ്കില്‍ ഇത്തവണ പുതിയ ഒരു മുന്നണി കൂടി സംസ്ഥാനത്ത്‌ ഉദയം ചെയ്‌തു എന്നത്‌ ഈ ഉപതിരഞ്ഞെടുപ്പിനെ വ്യത്യസ്‌തമാക്കുന്നു. ആം ആദ്‌മി പാര്‍ടിയും ട്വന്റി ട്വന്റിയും ചേര്‍ന്ന്‌ രൂപീകരിച്ച ജനക്ഷേമ മുന്നണി ആണത്‌. ഇത്തവണ തിരഞ്ഞെടുപ്പു ഗോദയില്‍ ഇല്ലെങ്കിലും ഭാവികേരളത്തിന്റെ ബാലറ്റ്‌ യുദ്ധങ്ങളില്‍ ഈ സഖ്യം, പ്രത്യേകിച്ച്‌ മധ്യകേരളത്തിലെ തിരഞ്ഞെടുപ്പുകളത്തിലെ ഗണ്യമായ ഒരു ചേരുവയായി ജനക്ഷേമ മുന്നണി മാറുന്നതിന്റെ കാഹളം തൃക്കാക്കരയില്‍ കേട്ടു.

മെയ്‌ 15-ന്‌ ആം ആദ്‌മി ദേശീയ കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്രിവാള്‍ കൊച്ചിയിലെത്തുകയും സംസ്ഥാന തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക്‌ ആം ആദ്‌മിയുടെ എന്‍ട്രി പ്രഖ്യാപിക്കുകയും ചെയ്‌തത്‌ ഇടതു-വലതു മുന്നണികള്‍ക്ക്‌ ഭാവിയില്‍ ഒരു പോലെ തലവേദനയാണ്‌. പ്രത്യേകിച്ച്‌ ഇവരെ ഭയപ്പെടേണ്ടത്‌ കോണ്‍ഗ്രസാണ്‌. ആം ആദ്‌മി വളര്‍ന്നതും ഭരണം പിടിച്ചതുമെല്ലാം പഴയ കോണ്‍ഗ്രസ്‌ തട്ടകങ്ങളിലാണ്‌ എന്നോര്‍ക്കുക, ഏറ്റവും ഒടുവില്‍ പഞ്ചാബിലും ഗോവയിലും സംഭവിച്ചത്‌ ഉദാഹരണം. ഇന്ത്യയില്‍ എവിടെയും അസംതൃപ്‌ത കോണ്‍ഗ്രസ്‌ വോട്ടുകളാണ്‌ ആം ആദ്‌മിയുടെ വോട്ടുകളായി മാറിയിട്ടുളളത്‌ .കേരളത്തിലെ കോണ്‍ഗ്രസിനും അതിനാല്‍ ഭയപ്പെടാനുണ്ട്‌.

ട്വന്റി ട്വന്റിയാവട്ടെ 2020-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എറണാകുളം ജില്ലയില്‍ ചെറുതല്ലാത്ത സാന്നിധ്യമറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട്‌ മണ്ഡലങ്ങളില്‍ ട്വന്റി ട്വന്റി മല്‍സരിക്കുകയും 14 ശതമാനത്തോളം വോട്ടുകള്‍ നേടുകയും ചെയ്‌തു. തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി ട്വന്റിക്ക്‌ നല്ല സാന്നിധ്യമുണ്ട്‌. 2021-ല്‍ സ്ഥാനാര്‍ഥിയായിരുന്ന ഡോ. ടെറി തോമസ്‌ 13,897 വോട്ടുകള്‍ അതായത്‌ 10.18 ശതമാനം വോട്ട്‌ നേടുകയും ചെയ്‌തിട്ടുണ്ട്‌. മണ്ഡലത്തില്‍ മൂന്നാമതെത്തിയ ബി.ജെ.പി. നേടിയത്‌ 11.34 ശതമാനം വോട്ട്‌ മാത്രമാണെന്ന്‌ ഓര്‍ക്കുമ്പോഴാണ്‌ ട്വന്റി ട്വന്റിയുടെ വോട്ടുകളുടെ പ്രാധാന്യം മനസ്സിലാവുക.
എന്നാല്‍ ജനക്ഷേമ സഖ്യത്തിന്‌ ഇത്തവണ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥികളില്ല. ഇതാണ്‌ ഇത്തവണ തൃക്കാക്കരയുടെ തുരുപ്പുചീട്ടായി മാറിയിരിക്കുന്നത്‌. ആര്‍ക്കും ഇത്തവണ പിന്തുണയില്ല എന്ന്‌ ജനക്ഷേമസഖ്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ അവരുടെ മനസ്സാക്ഷി വോട്ടുകള്‍ ആര്‍ക്കെന്ന സ്വപ്‌നത്തിലാണ്‌ ഇടതു വലതു മുന്നണികള്‍. സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കുകയും എന്നാല്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ട്വന്റി ട്വന്റിയുടെയും ആം ആദ്‌മി പാര്‍ടിയുടെയും വോട്ടുകള്‍ ഇടതു-വലത്‌ മുന്നണികളുടെ വിജയസാധ്യതകളെ എങ്ങിനെയായിരിക്കും സ്വാധീനിക്കുക എന്നതാണ്‌ വലിയൊരു ചര്‍ച്ചാ വിഷയം.

മണ്ഡലത്തില്‍ നേരത്തെ 10.18 ശതമാനം വോട്ട്‌ ഉള്ള ട്വന്റി ട്വന്റിയെ എല്ലാവരും ഉള്ളില്‍ പേടിക്കുന്നുണ്ടെന്നു വേണം കരുതാന്‍. എന്നാല്‍ ഏക ആശ്വാസം ട്വന്റി ട്വന്റിയുമായി ഇടഞ്ഞു നില്‍ക്കുന്നത്‌ സി.പി.എം മാത്രമല്ല കോണ്‍ഗ്രസും ഉണ്ടെന്നതാണ്‌. മുന്‍ എം.എല്‍.എ. പി.ടി. തോമസ്‌ ട്വന്റി ട്വന്റിക്കെതിരെ പരസ്യമായി രംഗത്തു വന്ന വ്യക്തിയായിരുന്നു. ഇപ്പോഴത്തെ കുന്നത്തുനാട്‌ എം.എല്‍.എ.യായ സി.പി.എമ്മിന്റെ പി.വി.ശ്രീനിജനും മോശമല്ല. ട്വന്റി ട്വന്റിയുടെ നായകന്‍ സാബു എം.ജേക്കബിനും അദ്ദേഹത്തിന്റെ കമ്പനിയായ കിറ്റെക്‌സിനും എതിരെ യുദ്ധം നയിക്കുന്ന വ്യക്തിയാണ്‌ ശ്രീനിജന്‍. കിറ്റെക്‌സ്‌ കമ്പനിക്കെതിരെ സര്‍ക്കാരും വ്യവസായ വകുപ്പും നടത്തിയ നീക്കങ്ങള്‍ കാരണം സാബു ജേക്കബിന്‌ കൂടുതല്‍ എതിര്‍പ്പ്‌ സി.പി.എമ്മിനോട്‌ ഉണ്ടാവാന്‍ കാരണമായിട്ടുണ്ട്‌. അടുത്ത കാലത്താണ്‌ ഒരു സിപിഎം പ്രവര്‍ത്തകന്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകരെന്നു പറയപ്പെടുന്നവരാല്‍ കിഴക്കമ്പലത്ത്‌ കൊല്ലപ്പെട്ടതും. അതേസമയം ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാന്‍ ഇരുപക്ഷവും രഹസ്യനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. സാബുവിനെ പരിഹസിച്ച്‌ പി.വി.ശ്രീനിജന്‍ ഇട്ട സാമൂഹിക മാധ്യമകുറിപ്പ്‌ ശ്രീനിജനെക്കൊണ്ട്‌ തന്നെ സി.പി.എം. നീക്കം ചെയ്യിച്ചത്‌ ഒരു സൂചനയാണ്‌.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടതു-വലതു മുന്നണികള്‍ പുലര്‍ത്തിയ അതിസൂക്ഷ്‌മ തന്ത്രങ്ങള്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു ചൂട്‌ വ്യക്തമാക്കുന്നതായിരുന്നു. പി.ടി.തോമസിന്റെ ജീവിത പങ്കാളിയായ ഉമ തോമസ്‌ അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന്‌ ആലോചിക്കേണ്ടി വന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ മികച്ച സ്ഥാനാര്‍ഥിയാണ്‌ ഉമ. പി.ടി.തോമസിനോട്‌ മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ള ആദരവും ഒപ്പം അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ലഭിക്കാവുന്ന അനുകമ്പയും മുതലെടുക്കാന്‍ ഏറ്റവും പറ്റിയ വ്യക്തി ഉമ തന്നെ.

ഇടതു മുന്നണിയാവട്ടെ അതിലും സാമര്‍ഥ്യത്തോടെയാണ്‌ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്‌. പി.ടി.തോമസിനോട്‌ കത്തോലിക്കാ സഭയ്‌ക്കുണ്ടായിരുന്ന രോഷം മുന്‍നിര്‍ത്തി തങ്ങളുടെ സ്ഥാനാര്‍ഥി ഒരു ക്രിസ്‌ത്യാനി ആകണമെന്നും സഭയ്‌ക്ക്‌ സ്വീകാര്യനാകണമെന്നും ഒപ്പം തനി രാഷ്ട്രീയക്കാരനാകരുതെന്നും അവര്‍ തീരുമാനിച്ചതിന്റെ ഫലമാണ്‌ ഡോ.ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം. ഇടതു സ്വതന്ത്രന്‍മാരെ വെച്ചുള്ള പരീക്ഷണമായിരുന്നു ഇതുവരെ തൃക്കാക്കരയില്‍ സി.പി.എം. നടത്തിയിരുന്നത്‌. അതെല്ലാം പരാജയമായിരുന്നു. അതിനാല്‍ ഇത്തവണ സ്വന്തം ചിഹ്നത്തില്‍ തന്നെയുളള മല്‍സരമാണ്‌ സി.പി.എമ്മിന്റെത്‌ എന്ന പ്രത്യേകതയും ഉണ്ട്‌. പ്രമുഖനായ കാര്‍ഡിയാക്‌ സര്‍ജ്ജന്‍ എന്ന നിലയില്‍ ഡോ. ജോ ജോസഫിനുള്ള പൊതു സ്വീകാര്യതയും ഒട്ടേറെ മനുഷ്യര്‍ക്ക്‌ രോഗശമനമേകിയ വ്യക്തി എന്ന വൈകാരിക ബന്ധവും കൂടി മുതലെടുക്കാന്‍ ഇടതു സ്ഥാനാര്‍ഥിക്ക്‌ സാധിക്കുമെന്ന കാഴ്‌ചപ്പാടുണ്ട്‌. ഉന്നത വിദ്യാഭ്യാസമുള്ള, പ്രൊഫഷണലുകളായ ധാരാളം വോട്ടര്‍മാരുള്ള മണ്ഡലമാണ്‌ തൃക്കാക്കര. ഇവരെ സ്വാധീനിക്കാന്‍ തനി രാഷ്ട്രീയക്കാരനല്ലാത്ത വ്യക്തിക്ക്‌ കഴിയുമെന്ന കണക്കു കൂട്ടല്‍ വേറെ. സഭയുടെ സ്വീകാര്യന്‍ എന്ന ഇമേജും കൂട്ടിനുണ്ട്‌. ബെന്നി ബഹനാന്റെ സ്വപ്‌ന ഭൂരിപക്ഷം അടുത്ത തവണ പി.ടി.തോമസിന്‌ കിട്ടാതിരുന്നത്‌ സഭയുമായുള്ള ഭിന്നതയാണെന്ന വ്യാഖ്യാനമുണ്ട്‌. തോമസിനോടുള്ള നീരസം ഉമയോടും തുടരുമെന്നും ആ വോട്ടുകള്‍ തങ്ങള്‍ക്ക്‌ പിടിച്ചെടുക്കാനാവും എന്നുമുള്ള ചാണക്യസൂത്രവാക്യം ഇടതുപക്ഷം ഉദ്ദേശിച്ചിട്ടുണ്ടെന്നത്‌ വ്യക്തമാണ്‌.

സഭയുടെ സ്ഥാനാര്‍ഥി എന്ന വിവാദം ഉയര്‍ത്താന്‍ കോണ്‍ഗ്രസ്‌ ശ്രമിച്ചെങ്കിലും അത്‌ സ്വന്തം കൈ തന്നെ പൊള്ളിച്ചേക്കുമെന്ന തിരിച്ചറിവില്‍ അവര്‍ വേഗം പിന്‍മാറിയതും ഇടതിന്‌ ഗുണമേ ചെയ്‌തുള്ളൂ. ജോ ജോസഫ്‌ സഭയുടെ സ്ഥാനാര്‍ഥിയാണ്‌, അതായത്‌ നിയമസഭയുടെ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തമാശ രൂപേണ തൃക്കാക്കരയിലെ ആദ്യ തിരഞ്ഞെടുപ്പു യോഗത്തില്‍ പ്രഖ്യാപിച്ചതില്‍ ഇരുതല മൂര്‍ച്ഛയുള്ള ഒരു നയമുണ്ട്‌. എല്ലാതരത്തിലും കോണ്‍ഗ്രസിന്റെ വോട്ടു ബാങ്ക്‌ ചോര്‍ത്തി മണ്ഡലം പിടിച്ച്‌ ചരിത്രം കുറിക്കുക എന്നത്‌ തന്നെയാണ്‌ ഇടതിന്റെ ഉന്നം.

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ അവസാനത്തെ ട്വിസ്റ്റ്‌ പി.സി. ജോര്‍ജ്ജിന്റെ രംഗപ്രവേശമാണ്‌. മണ്ഡലത്തില്‍ ഉള്‍പ്പെട്ട വെണ്ണലയില്‍ ജോര്‍ജ്ജ്‌ നടത്തിയ വിദ്വേഷ പ്രസംഗത്തെത്തുടര്‍ന്നാണ്‌ നേരത്തെ തിരുവനന്തപുരം പ്രസംഗത്തില്‍ അദ്ദേഹത്തിനു ലഭിച്ച്‌ ജാമ്യം റദ്ദായതും അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ റിമാന്‍ഡിലായതും. പി.സി.ജോര്‍ജ്ജ്‌ നടത്തുന്ന വര്‍ഗീയ പ്രതികരണങ്ങള്‍ മണ്ഡലത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകളെയും ഹിന്ദു വോട്ടുകളെയും സ്വാധീനക്കുമെന്ന വ്യാമോഹത്തിലാണ്‌ ബി.ജെ.പി. അടുത്ത കാലത്ത്‌ ക്രിസ്‌ത്യാനികള്‍ക്കിടയില്‍ രൂപം കൊണ്ടതായി വ്യാഖ്യാനിക്കപ്പെടുന്ന മുസ്ലീം വിരോധം മുതലെടുക്കാന്‍ ജോര്‍ജ്ജിലൂടെ കഴിയുമെന്ന്‌ സംഘപരിവാര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ രംഗപ്രവേശം എ.എന്‍.രാധാകൃഷ്‌ണന്‌ കാര്യമായ ഗുണമൊന്നും ഉണ്ടാക്കാന്‍ പര്യാപ്‌തമല്ല എന്നതാണ്‌ പൊതു നിഗമനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക്‌ 2019-ലെ ലോക്‌ സഭാ ഇലക്ഷനിലെതിനേക്കാള്‍ ആറു ശതമാനം കുറച്ചേ ലഭിച്ചുള്ളൂ. ട്വന്റി ട്വന്റിയുടെതുമായി ചേര്‍ത്തു നോക്കുമ്പോള്‍ വെറും നാല്‌ ശതമാനം അധികം വോട്ട്‌ മാത്രമാണ്‌ അവര്‍ക്ക്‌ കിട്ടിയത്‌. 2021-ല്‍ കിട്ടിയ വോട്ട്‌ ഇത്തവണ നിലനിര്‍ത്താനാവുമോ എന്നതാണ്‌ ബി.ജെ.പി.യുടെ പ്രധാന വെല്ലുവിളി. അവരുടെ സ്ഥാനാര്‍ഥി രാധാകൃഷ്‌ണന്‌ കാര്യമായ വ്യക്തിപ്രഭാവമൊന്നും ഇല്ലെന്ന വിലയിരുത്തല്‍ സംഘപരിവാര്‍ ക്യാമ്പില്‍ തന്നെ ശക്തമാണ്‌.

വോട്ടെടുപ്പിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കേ മറ്റൊരു വിവാദം പെട്ടെന്ന്‌ കയറിവരികയും അത്‌ ഇടതു മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്‌തതും തൃക്കാക്കരയില്‍ കണ്ടു. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വഴിത്തിരിവാണ്‌ അത്‌. സര്‍ക്കാരിനെ സംശയ മുനയില്‍ നിര്‍ത്തി അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവുമുള്ളതായി ചര്‍ച്ച ചെയ്യപ്പെട്ടു. അതിജീവിതയുടെ കേസ്‌ ദുര്‍ബലമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം എവിടെയൊക്കെയോ ഇടപെടുന്നു എന്നാണ്‌ ഹര്‍ജിയില്‍ പറഞ്ഞത്‌. സി.പി.എം. നേതാക്കള്‍ ഈ ഹര്‍ജി ഫയല്‍ ചെയ്‌ത സന്ദര്‍ഭത്തില്‍ സംശയം ഉയര്‍ത്തുകയും ചെയ്‌തതോടെ അതിജീവിതയ്‌ക്കെതിരെ സര്‍ക്കാര്‍ എന്ന സന്ദേഹം ഉയര്‍ന്നു. പ്രതിപക്ഷം ഇത്‌ ശരവേഗത്തില്‍ ആയുധമാക്കുകയും ചെയ്‌തു. സര്‍ക്കാര്‍ അതിജീവിതയോടൊപ്പമാണ്‌ എന്ന്‌ മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കേണ്ടി വന്നത്‌ ഈ വിവാദത്തിന്റെ മുനയൊടിക്കാനായിരുന്നു. മാത്രമല്ല കേസ്‌ എത്ര സാവകാശമെടുത്തും അന്വേഷിക്കാന്‍ പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു എന്നതാണ്‌ ഏറ്റവും പുതിയ ട്വിസ്റ്റ്‌.

അതിജീവിതയായ നടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആക്രമിക്കപ്പട്ട സംഭവത്തിലെ സുപ്രധാന രംഗങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ഇടമായിരുന്നു തൃക്കാക്കര. ഇരയാക്കപ്പെട്ട നടിക്ക്‌ ആദ്യ രക്ഷകനായതാവട്ടെ പി.ടി.തോമസും. പി.ടിയുടെ ഇടപെടലിലൂടെയാണ്‌ ആ കേസ്‌ ഇന്നു കാണുന്ന വിധം രൂപപ്പെട്ടതു തന്നെ. അതു കൊണ്ടു തന്നെ അതിജീവിതയുടെ കേസും അവസാന ഘട്ടത്തില്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു ചര്‍ച്ചയുടെ ഭാഗമായതില്‍ അത്ഭുതപ്പെടാനില്ല. സര്‍ക്കാരിന്റെ കാപട്യമെന്ന്‌ പ്രതിപക്ഷവും അതിജീവിതയ്‌ക്ക്‌ ഒപ്പമെന്ന്‌ സര്‍ക്കാരും പരസ്‌പരം കൊമ്പുകോര്‍ത്തതിന്റെ സ്വാധീനം ജനവിധിയില്‍ പ്രതിഫലിക്കുമോ എന്ന്‌ കണ്ടറിയണം.

100 എന്ന മാന്ത്രിക സംഖ്യ തികയ്‌ക്കാന്‍ ഇടതുമുന്നണി തൃക്കാക്കരയിലൂടെ ലക്ഷ്യമിടുമ്പോള്‍ അത്‌ ഇരുതല മൂര്‍ച്ഛയുള്ള വാള്‍ ആണ്‌. തൃക്കാക്കര നേടിയാല്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരമ്പരാഗത രാഷ്ട്രീയ സമവാക്യത്തിന്റെ പൊളിച്ചെഴുത്തും പുതിയ മേച്ചില്‍പ്പുറങ്ങളുടെ തിരനോട്ടവുമായി മാറും ആ വിജയം. അത്ര തന്നെ അളവില്‍ അത്‌ കോണ്‍ഗ്രസ്‌ എന്ന ഗ്രാന്‍ഡ്‌ ഓള്‍ഡ്‌ പാര്‍ടിയുടെ കേരളത്തിലെ അടിത്തറ തകര്‍ക്കുന്ന സ്‌ഫോടകവസ്‌തുവും ആയി മാറും. ജൂണ്‍ മൂന്നിലെ ജനകീയ വിധിക്കായി ജനാധിപത്യകേരളം കാത്തിരിക്കുകയാണ്‌….മുമ്പൊരിക്കലും ഇല്ലാത്ത ആകാംക്ഷയോടെ…

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick