Categories
latest news

ഉത്തര കൊറിയയില്‍ കൊവിഡ്‌ ആഞ്ഞടിക്കുന്നു…രഹസ്യങ്ങളുടെ നടുവില്‍ ഈ രാജ്യത്ത്‌ മഹാമാരിക്കെടുതി എന്താവും…EXPLAINER

കൊവിഡിന്റെ കാര്യത്തില്‍ ലോകം ഇപ്പോള്‍ വലിയ ആകാംക്ഷയോടെ നോക്കുന്നത്‌ ഉത്തരകൊറിയയെ ആണ്‌. മഹാമാരിയുടെ പിടിയിലാണ്‌ ആ രാജ്യം. ഇതിനകം 42 പേര്‍ മരിച്ചുവെന്നാണ്‌ കഴിഞ്ഞ ഞായറാഴ്‌ച ഉത്തരകൊറിയ ഔദ്യോഗികമായി അറിയിച്ചത്‌. വിഭവ സമ്പന്നതയോ, കാര്യക്ഷമമായ വാക്‌സിനേഷന്‍ പദ്ധതിക്കായുള്ള ശേഷിയോ, രോഗപരിശോധനയ്‌ക്ക്‌ വിപുലമായ സംവിധാനമോ ഇല്ലാതെ ഉത്തര കൊറിയ കൊവിഡിനെ എങ്ങിനെ നേരിടും–ഇതാണ്‌ എല്ലാവര്‍ക്കും അറിയേണ്ട പ്രധാന കാര്യം.

2019 അവസാനം ആരംഭിച്ച മഹാമാരിയുടെ പകര്‍ച്ച തങ്ങളെ ഒട്ടും ബാധിച്ചില്ലെന്ന്‌ പ്രഖ്യാപിച്ച്‌ കഴിഞ്ഞ രണ്ടര വര്‍ഷം ലോകത്തിനു മുന്നില്‍ കൗതുകമായി നിന്ന കിം ജോങ്‌ ഉന്‍ എന്ന സ്വേഛാധിപതിയുടെ രാജ്യം ഇപ്പോള്‍ ആദ്യമായി കൊവിഡ്‌ കേസുകള്‍ തങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന്‌ മെയ്‌ 12-ന്‌ സമ്മതിച്ചിരിക്കയാണ്‌. ലോകത്താകെ നാലാം തരംഗവും അഞ്ചാം തരംഗവും സംഭവിച്ചു കഴിഞ്ഞപ്പോഴും മില്യണ്‍ കണക്കിന്‌ ജനങ്ങള്‍ മരിച്ചു വീണപ്പോഴും ഉത്തര കൊറിയയില്‍ ഒറ്റ കൊവിഡ്‌ കേസ്‌ പോലും ആ രാജ്യത്തു നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടനുസരിച്ച്‌ ഉത്തരകൊറിയ കൊവിഡിന്റെ പിടിയിലാണ്‌.

thepoliticaleditor

രാജ്യം അടച്ചിട്ടിരിക്കയാണിപ്പോള്‍. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും കൗണ്ടികളും പൂർണ്ണമായും പൂട്ടിയിരിക്കുകയാണ്, മെയ് 12 ന് രാവിലെ മുതൽ വർക്കിംഗ് യൂണിറ്റുകളും പ്രൊഡക്ഷൻ യൂണിറ്റുകളും റെസിഡൻഷ്യൽ യൂണിറ്റുകളും അടച്ചുപൂട്ടുകയും എല്ലാ ആളുകളുടെയും കർശനവും തീവ്രവുമായ പരിശോധന നടത്തുകയും ചെയ്യുന്നു എന്നാണ് ഔദ്യോഗിക വാർത്താ ഏജൻസി പറയുന്നത്. ഉത്തരകൊറിയയിൽ 820,620 സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 324,550 പേർ ഇപ്പോഴും ചികിത്സയിലാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇത് വരെ ഒരു ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ മരണസംഖ്യ 56 ആയി ഉയർന്നതായി ന്യൂസ് ഏജൻസി അറിയിച്ചു. എന്നാൽ എത്ര പേർക്ക് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഉത്തര കൊറിയയിലെ 26 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുത്തിട്ടില്ലെന്ന് വിശ്വസിക്കപ്പെടുന്നു. രാജ്യത്തെ പൊതുജനാരോഗ്യ പരിപാലന സംവിധാനം പതിറ്റാണ്ടുകളായി തകർന്ന നിലയിലാണ്. മരുന്നിന്റെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിരന്തരമായ ക്ഷാമവും രാജ്യം അനുഭവിക്കുന്നു. വാക്സിനുകൾ, മരുന്നുകൾ, മറ്റ് മെഡിക്കൽ സപ്ലൈകൾ എന്നിവ ഉടനടി ലഭിച്ചില്ലെങ്കിൽ ഉത്തര കൊറിയയിൽ വലിയ തോതിൽ കോവിഡ് മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ചില വിദഗ്ധർ പറയുന്നു. രോഗലക്ഷണങ്ങളുള്ള പതിനായിരക്കണക്കിന് രോഗികളെ ഒന്നിച്ചു പരിശോധിക്കാനുള്ള ശേഷി ഉത്തരകൊറിയയ്ക്ക് ഇല്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഇപ്പോള്‍ കൊവിഡ്‌ രോഗികളെ എങ്ങിനെയാണ്‌ ഉത്തര കൊറിയ തിരിച്ചറിയുന്നത്‌?

കൊവിഡ്‌ രോഗികളെ തിരിച്ചറിയാന്‍ ഇപ്പോള്‍ ഉത്തരകൊറിയ സ്വീകരിക്കുന്ന മാര്‍ഗം അറിയുമ്പോള്‍ മനസ്സിലാക്കാം ആ രാജ്യത്തെ ടെസ്‌റ്റിങ്‌ സൗകര്യങ്ങളുടെ അപര്യാപ്‌തത. ടെസ്റ്റ്‌ ചെയ്യാനുള്ള കിറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ശരീരത്തിന്റെ താപനില ഉയര്‍ന്നു നില്‍ക്കുന്നുണ്ടോ എന്ന്‌ നോക്കിയാണ്‌ കൊവിഡ്‌ ബാധ ഉണ്ടോ എന്ന്‌ ഇപ്പോള്‍ അനുമാനിക്കുന്നത്‌ എന്നാണ്‌ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട്‌. വൈറസ്‌ വാഹകരെ കണ്ടെത്താന്‍ ഈ മാര്‍ഗം എത്ര മാത്രം അപര്യാപ്‌തവും കൃത്യതയില്ലാത്തതുമാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. രോഗികളെ കൃത്യമായി തിരിച്ചറിയാന്‍ പറ്റാതാവുന്നതോടെ മരണ സംഖ്യ വളരെയധികം വര്‍ധിക്കാനിടയുണ്ടെന്നാണ്‌ നിഗമനം.

ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം

വളരെ ദുര്‍ബലമായ രോഗ പ്രതിരോധ സംവിധാനമാണ്‌ നോര്‍ത്ത്‌ കൊറിയക്കാരുടെത്‌ എന്നാണ്‌ ദക്ഷിണകൊറിയയിലെ കൊറിയ യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ മെഡിസിനിലെ പ്രൊഫസര്‍ കിം സിന്‍ ഗോണ്‍ പറയുന്നത്‌. വാക്‌സിനേഷനും ആന്റിവൈറല്‍ ഗുളികകളും വ്യാപകമായതോടെ ലോകത്ത്‌ കൊവിഡ്‌ മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായി. ഒമിക്രോണ്‍ വേരിയന്റ്‌ ഉള്‍പ്പെടെ വന്നപ്പോള്‍ ലോകത്ത്‌ അതൊന്നും മാരകമായി അനുഭവപ്പെട്ടില്ല. എന്നാല്‍ വാക്‌സിനേഷന്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഉത്തര കൊറിയയില്‍ കൊവിഡ്‌ പ്രതിരോധം വലിയ വെല്ലുവിളിയാകുമെന്നുറപ്പാണെന്ന്‌ പ്രൊഫ. കിം പറയുന്നു. പ്രായമായവരില്‍ കൊവിഡ്‌ കൂടുതല്‍ മാരക ഫലങ്ങള്‍ ഉണ്ടാക്കുമെന്നതും പ്രധാനമാണ്‌.

Spread the love
English Summary: NORTH KORIA UNDER COVID SERGE- EXPLAINER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick