Categories
kerala

കെ എം ഷാജി ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി തടഞ്ഞു

അഴീക്കോട് മുൻ എംഎൽഎ കെ.എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
എന്നാൽ മറ്റ് നടപടികളുമായി ഇഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എതിർ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നടപടിക്കെതിരേ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

thepoliticaleditor

വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഏപ്രില്‍ 18 നാണ് കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ല്‍ ഉള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നുമായിരുന്നു ഷാജി നല്‍കിയ ഹർജിയില്‍ പറയുന്നത്.

പ്ലസ്ടു കോഴ്സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്കൂൾ മാനേജ്മെന്റിൽനിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇഡി നടപടികൾ സ്വീകരിച്ചത്.

അഴിമതിയിലൂടെ സമ്പാദിക്കുന്നത് കള്ളപ്പണം ആണെന്നു വിലയിരുത്തി കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമാണ് ഇഡിയുടെ നടപടികൾ.

എം.എല്‍.എ ആയിരുന്ന സമയത്ത് അഴീക്കോട് സ്‌കൂളില്‍ ഒരു അധ്യാപകയ്ക്ക് സ്ഥിരനിയമനം നല്‍കാന്‍ അവരില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലിയായി ഷാജി വാങ്ങിച്ചെന്ന പരാതിയില്‍ 2016-ല്‍ വിജിലന്‍സ് ഷാജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഭാര്യയുടെ പേരില്‍ കോഴിക്കോട് വീടും സ്ഥലവും വാങ്ങാന്‍ ഈ പണം ഉപയോഗിച്ചതായി ഇ.ഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇ.ഡി ഇറക്കിയ വാര്‍ത്താ കുറിപ്പിൽ പറഞ്ഞിരുന്നു.

Spread the love
English Summary: Highcourt Stay on ED Attachment of Asha Shaji's assets

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick