Categories
latest news

ഇത് ചരിത്രകാരന്മാർക്ക് വിടുക’: താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

നാളെ നിങ്ങൾ ഞങ്ങളുടെ ചേമ്പറുകൾ കാണാൻ അനുവാദം ചോദിക്കും. ആദ്യം കുറച്ച് ഗവേഷണം നടത്തുക — എംഎ, പിഎച്ച്ഡി, എവിടെയെങ്കിലും സ്വയം എൻറോൾ ചെയ്യുക. അല്ലാതെ പൊതു താല്പര്യ ഹർജി സമ്പ്രദായത്തെ കളിയാക്കരുത്…

Spread the love

താജ്മഹലിന്റെ പൂട്ടിയിട്ടിരിക്കുന്ന 22 മുറികൾ തുറക്കണമെന്നും സ്മാരകത്തിന്റെ ചരിത്രം പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് രജനീഷ് സിംഗിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. താജ്മഹലിലെ പൂട്ടിയിട്ടിരിക്കുന്ന 22 മുറികളുടെ പിന്നിലെ “സത്യം” കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആണ് ബിജെപിയുടെ അയോധ്യ യൂണിറ്റിന്റെ മാധ്യമ ചുമതലയുള്ള രജനീഷ് സിംഗ് കഴിഞ്ഞ ആഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന് മുമ്പാകെ ഹർജി നൽകിയത്.

ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച്‌ തീരുമാനത്തിലെത്താന്‍ കോടതിക്ക്‌ അവകാശമില്ലെന്നും അക്കാര്യം ചരിത്രകാരന്‍മാര്‍ക്കും ചരിത്രഗവേഷണം നടത്തുന്നവര്‍ക്കും വിടുകയാണ്‌ വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രശ്‌നം പരിശോധിക്കാന്‍ വസ്‌തുതാന്വേഷണ സമിതി രൂപീകരിക്കുന്നതും കോടതിയുടെ അധികാരപരിധിയില്‍ വരില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. വിവരാവകാശത്തിന്റെ പരിധിയിലും ഇത്‌ വരില്ല.

thepoliticaleditor

ഹർജിക്കാരനെ അലഹബാദ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിമർശിച്ചു. “നാളെ നിങ്ങൾ ഞങ്ങളുടെ ചേമ്പറുകൾ കാണാൻ അനുവാദം ചോദിക്കും. ദയവായി, പൊതുതാൽപര്യഹർജി സമ്പ്രദായത്തെ പരിഹസിക്കരുത്”– വ്യാഴാഴ്ചത്തെ വാദത്തിനിടെ ബെഞ്ച് പറഞ്ഞു.“ഞങ്ങൾ എന്ത് വിധി പറയണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ആരാണ് താജ്മഹൽ നിർമ്മിച്ചത്? അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ മാത്രമേ റിട്ട് ഓഫ് മാൻഡമസ്(ഒരു പ്രത്യേക നിയമപരമായ ചുമതല നിർവഹിക്കുന്നതിനുള്ള ഉത്തരവ്) പുറപ്പെടുവിക്കാൻ കഴിയൂ. നിങ്ങളുടെ എന്ത് അവകാശങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്?-ജസ്റ്റിസുമാരായ ഡികെ ഉപാധ്യായയും സുഭാഷ് വിദ്യാർത്ഥിയും ചോദിച്ചു. ആദ്യം കുറച്ച് ഗവേഷണം നടത്തുക — എംഎ, പിഎച്ച്ഡി, എവിടെയെങ്കിലും സ്വയം എൻറോൾ ചെയ്യുക. അല്ലാതെ പൊതു താല്പര്യ ഹർജിയെ കളിയാക്കരുത്-കോടതി രൂക്ഷമായി പറഞ്ഞു.

കോടതി ഒരു റിട്ട് ഓഫ് മാൻഡമസ് പുറപ്പെടുവിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ശവകുടീരം യഥാർത്ഥത്തിൽ ഒരു പഴയ ശിവക്ഷേത്രമാണെന്ന ചില ചരിത്രകാരന്മാരുടെയും ഹൈന്ദവ സംഘടനകളുടെയും അവകാശവാദങ്ങൾ ഹരജിയിൽ ഉദ്ധരിച്ചു. പൂട്ടിയ മുറികൾ പരിശോധിച്ച് റിപ്പോർട്ട് പുറത്തുവിടാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ചരിത്ര വകുപ്പിനെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും സമീപിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ രുദ്ര വിക്രം സിംഗ് പറഞ്ഞു.

Spread the love
English Summary: Allahabad HC rejects plea to open 22 locked rooms in Taj Mahal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick