Categories
kerala

ധര്‍മശാലയിലെ “തീബോംബുകൾ” വലിയ ദുരന്ത മുന്നറിയിപ്പ് …വളരുന്ന നഗരസഭാ പ്രദേശം…ചുറ്റിലുംഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ,വിനോദ സ്ഥാപനങ്ങള്‍… നഗരസഭാ പരിധിയില്‍ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റ്‌ അനിവാര്യം… അധികൃതര്‍ കണ്ണുതുറക്കണം

കണ്ണൂര്‍ ജില്ലയിലെ ധര്‍മശാലയില്‍ ഇന്നലെ രാത്രി ഇവിടുത്തെ പ്രമുഖ ചെറുകിട വ്യവസായ എസ്റ്റേറ്റിലെ അഫ്ര പ്ലൈവുഡ്‌ ഫാക്ടറിയില്‍ വന്‍ തീപിടുത്തമുണ്ടായത്‌ വലിയ ഞെട്ടലാണ്‌ ഈ പ്രദേശത്തുണ്ടാക്കിയിരിക്കുന്നത്‌. രാത്രി 11.30-ഓടെ പടര്‍ന്നു പിടിച്ച തീ നേരം പുലര്‍ന്നിട്ടും അണയ്‌ക്കാനായിട്ടില്ല.

വളരെ ഗൗരവമുള്ള സുരക്ഷാപ്രശ്‌നത്തിലേക്കും ഇനി അടിയന്തിരമായി ചെയ്യേണ്ട അതി പ്രധാന കാര്യങ്ങളിലേക്കുമാണ്‌ ഈ വന്‍ അപകടം കണ്‍തുറക്കുന്നത്‌. ആന്തൂര്‍ നഗരസഭാ ആസ്ഥാനത്തിനും വളര്‍ന്നു വരുന്ന ടൗണിനും തൊട്ടടുത്താണ്‌ തീപിടുത്തം സംഭവിച്ച സ്ഥലം.

thepoliticaleditor

ഇരുനൂറിലേറ ചെറുകിട വ്യവസായ യൂണിറ്റുകള്‍ പടര്‍ന്നു കിടക്കുന്ന ധര്‍മശാല-മാങ്ങാട്ടു പറമ്പ്‌ മിനി വ്യവസായ എസ്‌റ്റേറ്റില്‍ എളുപ്പം തീപിടിക്കാന്‍ സാധ്യതയുള്ള ധാരാളം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. തീപ്പെട്ടി അടുക്കി വെച്ചതു കണക്കെ, അടുത്തടുത്താണ്‌ മിക്കവാറും എല്ലാ യൂണിറ്റുകളും. മരവും ഫൈബറും ലോഹം ഉരുക്കലും ആയി ബന്ധപ്പെട്ട്‌ തീപിടുത്ത സാധ്യത ഉയര്‍ന്ന വ്യവസായ പ്രവൃത്തി യൂണിറ്റുകള്‍ പലതാണിവിടെ. നൂറുകണക്കിന്‌ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ സുരക്ഷിതത്വം കുറവായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നുമുണ്ട്‌. നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്ലാസ്റ്റിക ഉല്‍പന്ന നിര്‍മ്മാണ ഫാക്ടറി, ഫൈബര്‍ കിടക്ക ഫാക്ടറി തുടങ്ങിയവ വന്‍ തീപിടുത്തത്തിലൂടെ നശിച്ചിട്ടുണ്ട്‌.

വെറും പ്രാദേശിക പ്രാധാന്യം മാത്രമല്ല ധര്‍മശാലയ്‌ക്കും തൊട്ടടുത്ത പ്രദേശങ്ങള്‍ക്കും ഉള്ളത്‌. ഈ വ്യവസായ എസ്റ്റേറ്റിനടുത്താണ്‌ കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും വിനോദ സഞ്ചാര പാര്‍ക്കുകളും ഉള്‍പ്പെടെ ഉള്ളത്‌. ഗവ.എന്‍ജിനിയറിങ്‌ കോളേജ്‌, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ നിഫ്‌റ്റിന്റെ കാമ്പസ്‌, സ്‌ത്രികളുടെയും കുട്ടികളുടെയും ആശുപത്രി, പാമ്പുവളര്‍ത്തു കേന്ദ്രം, വിസ്‌മയ വാട്ടര്‍ തീം പാര്‍ക്ക്‌, ആന്തൂര്‍ നഗരസഭാ ആസ്ഥാനവും ചുറ്റുമുള്ള ധര്‍മശാല ടൗണും തുടങ്ങി വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും സംവിധാനങ്ങളും ഉള്ളത്‌ ഈ വ്യവസായ എസ്റ്റേറ്റിനു ചുറ്റിലുമാണ്‌.

എന്നാല്‍ ഇത്രയും പരമപ്രധാനമായ സ്ഥലത്തായിരുന്നിട്ടും, തീപിടുത്ത സാധ്യതയും നേരത്തെ തീപിടിച്ച ചരിത്രവും ധാരാളമുള്ള ധര്‍മശാലയിലെ ആന്തൂര്‍ വ്യവസായ എസ്റ്റേറ്റില്‍ തീയണക്കല്‍ സംവിധാനങ്ങള്‍ ഇല്ലെന്നതാണ്‌ വൈരുദ്ധ്യം. അഗ്നിരക്ഷാ മുന്‍കരുതല്‍ ഇല്ലെന്നു മാത്രമല്ല, മലിനീകരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും രൂക്ഷമാണ്‌. ഇവിടുത്തെ വ്യവസായ യൂണിറ്റുകള്‍ ഉണ്ടാക്കുന്ന പരിസര മലീനീകരണവും വായു മലിനീകരണവും മുന്‍പ്‌ വളരെയേറെ ചര്‍ച്ചയായിട്ടുണ്ടെങ്കിലും അധികം വൈകാതെ അതെല്ലാം മാഞ്ഞുപോകുകയാണ്‌ പതിവ്‌. രാത്രിയിലാണ്‌ അന്തരീക്ഷത്തിലേക്ക്‌ കടുത്ത പുക ഈ പ്രദേശത്ത്‌ വ്യാപിക്കാറ്‌. ഗവ.എഞ്ചിനീയറിങ്‌ കോളേജിലെ വിദ്യാര്‍ഥി സംഘം നടത്തിയ പ്രാഥമിക പഠനത്തില്‍ ജല-അന്തരീക്ഷ മലിനീകരണം കണ്ടെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ ഈ വിഷയത്തില്‍ തുടര്‍പഠനങ്ങള്‍ നടത്തുകയോ കൃത്യമായി നിരീക്ഷിച്ച്‌ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയോ വേണ്ടത്ര അഗ്നി,മലിനീകരണ സുരക്ഷാ മുന്‍കരുതലുകള്‍ ദീര്‍ഘകാലത്തേക്കുള്ളത്‌ മുന്നില്‍കണ്ട്‌ സ്വീകരിക്കുകയോ ചെയ്‌തതായി പറയാനാവില്ല. നഗരസഭയുടെ നേതൃത്വത്തില്‍ ഹരിത കവചം എന്ന പേരില്‍ ഹരിതവല്‍ക്കരണ പരിപാടി നടപ്പിലാക്കിയത്‌ മാത്രമാണ്‌ ആകെ എടുത്തുപറയാവുന്ന കാര്യം.

ഇത്രയും സുപ്രധാനമായ ഒരു കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റും, നഗരസഭയുടെ വികസനത്തിന്റെ ഭാഗമായി ധര്‍മ്മശാലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നഗരവല്‍ക്കരണവും കെട്ടിട സമുച്ചയങ്ങളും ഇനി വരാനിരിക്കുന്ന ബസ്‌ സ്റ്റാന്‍ഡ്‌ കോംപ്ലക്‌സ്‌ പോലുള്ള വന്‍ വികസനങ്ങളും തൊട്ടടുത്തുള്ള പറശ്ശിനിക്കടവ്‌ തീര്‍ഥാടനകേന്ദ്രത്തിലെ ഇപ്പോള്‍ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും എല്ലാം പരിഗണിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ്‌ ഇവിടെ അത്യാവശ്യമാണ്‌. പറശ്ശിനി പുഴയില്‍ ജലടൂറിസം ഇപ്പോള്‍ വര്‍ധിച്ചിരിക്കയാണ്‌. കോള്‍തുരുത്തി എ.കെ.ജി. ഐലന്റ്‌ കേന്ദ്രീകരിച്ചും വളപട്ടണം പുഴയിലും ജലസവാരി അധിഷ്‌ഠിത വിനോദസഞ്ചാരത്തിന്‌ വന്‍ പദ്ധതികള്‍ ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും തന്നെ പ്ലാന്‍ ചെയ്യുന്നുണ്ട്‌. ധര്‍മ്മശാലയ്‌ക്കടുത്ത വെള്ളിക്കീല്‍ ഇക്കോ-പാര്‍ക്കില്‍ സര്‍ക്കാര്‍ നേരിട്ട്‌ കോടികള്‍ ചെലവഴിച്ച്‌ വന്‍ പദ്ധതികളാണ്‌ ഒരുക്കാന്‍ ആലോചനയുള്ളത്‌. ഇതെല്ലാം വന്‍തോതില്‍ സഞ്ചാരികളെയും സന്ദര്‍ശകരെയും ഉദ്ദേശിച്ചുള്ള ജലസവാരിയും ജലാശയ തീര വിനോദവും അധിഷ്‌ഠിതമാക്കിയുള്ളവയാണ്‌. വെള്ളത്തില്‍ വീണും ജലവാഹനങ്ങള്‍ക്കും അപകടം ഉണ്ടാകാനുള്ള സാധ്യത ഇതോടെ വലിയ തോതിലാണെന്നതും പ്രധാനമാണ്‌. അതു കൊണ്ടു തന്നെ അഗ്നിശമന-രക്ഷാസേനയുടെ കേന്ദ്രം ആന്തൂര്‍ നഗരസഭാ പരിധിയില്‍ അനിവാര്യതയാണ്‌.

Spread the love
English Summary: FIRE ACIDENT IN DHARMASALA A SERIOUS REMINDER OF SECURITY CONCERNS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick