Categories
kerala

ഭാവി കേരളത്തിന്റെ വികസന രേഖയുമായി സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

ഭാവി കേരളത്തിന്റെ വികസന രേഖയുമായി സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. രാവിലെ 9.30ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ ചെങ്കൊടി ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും.

മറൈൻഡ്രൈവിലെ ബി രാഘവൻ നഗറിലാണ്‌ നാലുദിവസത്തെ സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം രാവിലെ 10.30ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.
23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌ പങ്കെടുക്കുക.

thepoliticaleditor

ഭാവി കേരളത്തിന്റെ വികസനത്തിനായുള്ള കർമപരിപാടികളുടെ നയരേഖ ഇന്ന് വൈകിട്ട്‌ നാലിന്‌ പോളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.

കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ചരിത്രത്തിൽ രണ്ടാംതവണയാണ്‌ സമ്മേളനത്തിൽ വികസനരേഖ അവതരിപ്പിക്കുന്നത്‌. കമ്യൂണിസ്റ്റ് പാർട്ടിയുടെ 1956 ലെ സമ്മേളനത്തിലാണ്‌ ആദ്യമായി വികസനരേഖ അവതരിപ്പിച്ചത്‌.
പോളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്‌, ജി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

രജിസ്‌ട്രേഷൻ ഒമ്പതിന്‌ തുടങ്ങും. പതാക ഉയർത്തലിനും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കും ശേഷം പ്രസീഡിയത്തെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുക്കും. തുടർന്ന്‌ രക്തസാക്ഷിപ്രമേയവും അനുശോചനപ്രമേയവും അവതരിപ്പിക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പുചർച്ച തുടങ്ങും.

ബുധനാഴ്ച രാവിലെ മുതൽ പൊതുചർച്ച തുടരും. വികസന നയരേഖയെക്കുറിച്ചുള്ള ചർച്ച വ്യാഴാഴ്‌ചയാണ്‌. തുടർന്ന്‌ ചർച്ചകൾക്കുള്ള മറുപടി. സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട്‌ അഞ്ചിന്‌ മറൈൻഡ്രൈവിലെ ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

സമ്മേളനം ആധുനിക കോവിഡ് സുരക്ഷാ സാങ്കേതിക വിദ്യയിൽ…

സമ്മേളന ഹാൾമുതൽ എല്ലായിടത്തും പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സമ്മേളനം. നിശ്‌ചിത അകലത്തിലാണ്‌ പ്രതിനിധികൾക്കുള്ള ഇരിപ്പിടങ്ങൾ. അൾട്രാ വയലറ്റ്‌ രശ്‌മിയിൽ അണുനശീകരണം സാധ്യമാകുന്ന ഇൻഡക്ട് എയർ ഡിസ്‌ ഇൻഫെക്‌ഷൻ സാങ്കേതികവിദ്യയാണ്‌ ഉപയോഗിക്കുക. എയർകണ്ടീഷണറിലായിരിക്കും ഇത്‌ ഘടിപ്പിക്കുക. വൈറസും ബാക്‌റ്റീരിയയും നിർജീവമാകും.

ഭക്ഷണഹാളിൽ സ്‌റ്റാൻഡ്‌ എലോൺ ഉപകരണമാണ്‌ ഉപയോഗിക്കുന്നത്‌. സമ്മേളനഹാളിൽ ഇരുപതും ഭക്ഷണഹാളിൽ നാൽപ്പതും യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ ജേക്കബ്ബിന്റെ നേതൃത്വത്തിലാണ്‌ സിഎസ്‌ഐആർ അംഗീകാരത്തോടെ ഈ സംവിധാനം.

ഹാളും പരിസരവും ദിവസവും അണുവിമുക്തമാക്കും. പ്രതിനിധികൾക്ക്‌ ചികിത്സയ്‌ക്ക്‌ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനൊപ്പം ഫോണിൽ ലഭിക്കുന്ന ആപ്‌ ക്യുആർ കോഡിൽ ‘ടാപ്‌’ ചെയ്‌താൽ ആംബുലൻസും വൈദ്യസഹായവും മരുന്നുകളും എത്തും.

സ്ഥലത്ത്‌ ഡോക്ടർമാരുടെ സേവനം, വെന്റിലേറ്റർ സൗകര്യത്തോടെ ആംബുലൻസ്‌, കിടത്തിച്ചികിത്സയ്‌ക്ക്‌ സൗകര്യം, ഫിസിയോതെറാപ്പി കൗണ്ടർ എന്നിവയുമുണ്ട്‌. മരുന്നും ലഭ്യമാകും. മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയും കനിവ്‌ പാലിയേറ്റീവ്‌ കെയറും ചേർന്നാണ്‌ വൈദ്യസഹായം ഏർപ്പെടുത്തുന്നത്‌. ഹോമിയോ, ആയുർവേദ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകും.

Spread the love
English Summary: cpm state conference starts today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick