Categories
social media

‘ ചെത്തുകാരന്റെ മകൻ തന്നെയാണ്….ചെത്ത് സ്റ്റൈലിൽ തന്നെയാണ്’… കേരളത്തിലേക്ക്‌ മടങ്ങുമ്പോള്‍ ഈ വേഷമാവുമോ…ദുബായിലെ രസകരമായ ചര്‍ച്ചകൾ

അമേരിക്കയിലെ ചികിത്സകഴിഞ്ഞു ദുബായി-യിൽ എത്തിയ മുഖ്യമന്ത്രി പിണറായിവിജയൻറെ ഡ്രസിങ് സ്റ്റൈൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്. സിപിഎം സൈബർ പോരാളികൾ അദ്ദേഹത്തിൻറെ വരവിനെ പ്രാത്യേകം ബാക്ഗ്രൗണ്ട് മ്യൂസിക് എല്ലാം നൽകി ആഘോഷമാക്കി’ ചെത്തുകാരന്റെ മകൻ തന്നെയാണ്….ചെത്ത് സ്റ്റൈലിൽ തന്നെയാണ്’ എന്നൊരു പഞ്ച് ടാഗ് ലൈനും കൂടി ചേർന്നപ്പോൾ അണികളിൽ ആവേശം കവിഞ്ഞൊഴുകി.ഫേസ്‌ബുക്ക്,വാട്സാപ്പ്,ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്സുകളിൽ പിണറായി താരമായി മുന്നേറുമ്പോൾ എതിർ ചേരി വെറുതെയിരിക്കുമെന്ന് കരുതിയോ?
‘നമ്പർ വൺ ഖേരളം….ചികിത്സക്ക് ബൂർഷ്വാരാജ്യം’ ഇതാണ് സംഘ്‌പരിവാർ അനുകൂല പ്രൊഫൈലുകളിലെ ടാഗ്‌ലൈൻ.ജാതീയമായ അധിക്ഷേപങ്ങളും വ്യക്തി ഹത്യകളുമായി സംഘ്‌പരിവാർ പതിവുപോലെ കളം പിടിക്കുമ്പോൾ യുഡിഎഫ് അനുകൂല സൈബർലോകം അല്പം പിറകിലാണ്.

കെ സുധാകരന്റെ കത്തും അതിനു മറുപടിയായി എൽഡിഎഫ് കടന്നൽ കൂട്ടം യുഡിഎഫ് ന്റെ പ്രധാനപ്പെട്ട നേതാക്കളുടെ ചികിത്സയുടെ ഡീറ്റൈലുകളുമായി കളം നിറഞ്ഞതും രായ്ക്ക് രാമാനം സുധാകരൻ കത്തു പിൻവലിച്ചതും യുഡിഎഫ് പ്രൊഫൈലുകളെ നിശ്ശബ്ദരാക്കി.ശിഹാബ് തങ്ങൾ ചികിത്സ കഴിഞ്ഞു വരുമ്പോൾ സിപിഎം ജില്ലാസമ്മേളന നഗരി അദ്ദേഹത്തിൻറെ വാഹനത്തിനു കടന്നുപോകാൻ നിമിഷനേരം കൊണ്ട് വഴിയൊരുക്കിയ സംഭവം വിവരിക്കുന്ന അബ്ദു സമദ് സമദാനിയുടെ പ്രസംഗവും,ചികിത്സയിൽ ഇരിക്കുന്ന കെ കരുണാകരനെ കാണാൻ ഇ കെ നായനാർ വരുന്നതും സോഷ്യൽ മീഡിയയിൽ പറന്നു നടക്കാൻ തുടങ്ങിയതോടെ പ്രതിരോധം ഉയർത്താൻ പോലും മിനക്കെടാതെ യുഡിഎഫ് സൈബർപ്പട കീഴടങ്ങി.വി ടി ബൽറാം,ശബരീനാഥ് തുടങ്ങിയവർ ഗംഭീര പോസ്റ്റുകൾ എഴുതിയെങ്കിലും പണ്ടത്തെ പോലെ ക്ലച്ചുപിടിക്കുകയും ചെയ്തില്ല.

thepoliticaleditor

പക്ഷേ ഇതിനിടയിൽ സിപിഎം അനുകൂല പ്രൊഫൈലുകളിൽ വേറിട്ടൊരു ചർച്ചയും ഉയർന്നു വന്നിട്ടുണ്ട്.ഈ ആഘോഷങ്ങൾ സിപിഎം സംഘടനാരീതിക്ക് ചേർന്നതാണോ എന്നതാണ് ഉയരുന്ന ചോദ്യം!!!

ഋതബ്രത ബാനർജിയെ പുറത്താക്കാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് അദ്ദേഹത്തിൻറെ അപ്പർ ക്‌ളാസ് സ്റ്റൈൽ ജീവിത ശൈലിയായിരുന്നു.ഐ ഫോണും ഐപാഡും എല്ലാം ഉപയോഗിച്ച് പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തി എന്നൊരു കുറിപ്പും അദ്ദേഹത്തിനെതിരായ കുറ്റപത്രത്തിൽ ഉണ്ടായിരുന്നു.ഇതാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തികൊണ്ടുവരുന്നത്.തിരുവാതിരകളിയിലെ കാരണഭൂതപരാമർശവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കമ്മ്യുണിസ്റ് പാർട്ടിയുടെ നേതാക്കൾ അപ്പർ ക്‌ളാസ് ലിവിങ് സ്റ്റൈൽ പിന്തുടരുന്നു എന്ന ആരോപണം ഉയർത്തുന്നവർ ഇ എം എസ് ഒരു ടെക്സ്ടൈൽ മുതലാളിക്ക് എഴുതിയ കത്ത് പോസ്റ്റ് ചെയ്യുന്നുണ്ട്.ലാളിത്യം മുഖമുദ്രയാക്കിയ നേതാക്കളുടെ സ്ഥാനത്ത് പ്രിവിലേജ് ചുളിവുള്ള ലിനൻ ഷർട്ടും ഷർട്ടിന്റെ കളറിന് മാച്ച് ചെയ്യുന്ന കരയുള്ള മുണ്ടും ധരിക്കുന്ന നേതാക്കളാണ് ഇന്നുള്ളത്.

താഴെക്കിടയിലുള്ള നേതാക്കൾക്കിടയിൽ കോംപ്രിമൈസ് മണിയോടുള്ള താല്പര്യം വർധിക്കുന്നതായും ഈ വിഭാഗം കണ്ടെത്തുന്നു.പല ലോക്കൽ നേതാക്കളും മണൽ,ക്വാറി,ഭൂമാഫിയക്കാരുടെ ഉറ്റതോഴന്മാരാണ്. തുടർഭരണം ലഭിച്ചതിന് ശേഷം ലോക്കൽ നേതാക്കളുടെ സ്വഭാവശൈലിയിൽ തന്നെ മാറ്റം വന്നിരിക്കുകയാണെന്നും ഈ വിഭാഗം കണ്ടെത്തുന്നു.അത്രമേൽ ദാർഷ്ട്യത്തോടെയാണ്‌ പൊതുജനങ്ങളോട് പെരുമാറുന്നത്.

നേതാക്കളുടെ ലാളിത്യം കവിതകളിൽ മാത്രമായി മാറിയെന്നും ഇവർ ആരോപിക്കുന്നു. അസഹിഷ്ണുതയുടെ മൂർത്തിമദ്ഭാവങ്ങളായി സൈബർ സഖാക്കൾ മാറിയെന്നതിന് ‘ഹേ..കേ’ എന്ന കവിതാവിവാദം തന്നെ ഉദാഹരണം എന്നും അവർ ചൂണ്ടിക്കാട്ടുന്നു.തികഞ്ഞ ഇടതു പക്ഷ അനുഭാവിയായിട്ടുപോലും റഫീഖ് അഹമ്മദിനെ സൈബർ ബുള്ളിയിങ് നടത്തിയത് ഒട്ടും സാധൂകരിക്കാവുന്നതല്ല.സ്വയം വിമർശനം കൊണ്ട് തെറ്റുതിരുത്തി മുന്നോട്ട് പോയിരുന്ന പാർട്ടിക്ക് ഇപ്പോൾ ആ മൂല്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. സിപിഎം ന്റെ കൊടിയും പ്രൊഫൈൽ പിക്ച്ചറാക്കി ഏറ്റവും മലീമസമായ മനസ്സുമായി ജീവിക്കുന്ന സോഷ്യൽ മീഡിയ വിപ്ലവകാരികളെ മനസ്സിലാക്കാനുള്ള വിവേകം പോലും പാർട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

ഒരു ബ്രാഞ്ചിനകത്തെ ഗ്രൂപ്പ് അംഗത്വം പോലുമില്ലാത്തയാളുകൾ സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ വാരിക്കുന്തമായി സ്വയം അവരോധിക്കുമ്പോൾ പിന്നീട് അവർ ചെയ്യുന്ന വൃത്തികേടുകൾപോലും പാർട്ടിയുടെ പിടലിക്കാവുന്നത് നീതീകരിക്കാൻ ആവുന്നതല്ല.

ശ്രീകാന്ത് വെട്ടിയാർ ,അഡ്വ:ജഹാംഗീർ ആമിന റസാക്ക് എന്നീ സോഷ്യൽമീഡിയ ആക്ടീവിസ്റ്റുകളുടെ മുഖം മൂടികൾ പൊതുജനമധ്യത്തിൽ അഴിഞ്ഞുവീണപ്പോൾ അതിനും പഴികേൾക്കേണ്ടി വരുന്നത് പാർട്ടിയാണ്.കോടിയേരി ഉൾപ്പെടെയുള്ളവർ നടത്തുന്ന പല പ്രസ്താവനകളും അസ്ഥാനത്തുള്ളവയാണെന്നും ഇമേജിന് ഡാമേജ് ഉണ്ടാക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു

Spread the love
English Summary: SUPER STYLE OF PINARAYI ROCKS SOCIAL MEDIA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick