Categories
latest news

ഉത്തരേന്ത്യയിൽ തൊഴിൽ രഹിതരുടെ കലാപം കത്തിയെരിയുന്നു ; നാമറിയുന്നില്ല ??

രാഷ്ട്രീയപാര്‍ടികള്‍ തിരഞ്ഞെടുപ്പിന്റെ തര്‍ക്കത്തിലും ചൂടിലും കണ്ണുകളാഴ്‌ത്തിയിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിഴലിക്കുന്ന കടുത്തൊരു യാഥാര്‍ഥ്യത്തിന്റെ പ്രതിഷേധാഗ്നി കഴിഞ്ഞ ദിവസം എരിഞ്ഞുയര്‍ന്നത്‌ ചെറിയൊരു വാര്‍ത്തയായി ഒതുങ്ങി.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ റെയില്‍വേയില്‍ നിയമനം നടത്താത്തതിലും നിയമന പ്രകിയ സുതാര്യമല്ലാത്തതിലും പ്രതിഷേധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ ബിഹാറില്‍ ട്രെയിനുകള്‍ തീയിട്ട സംഭവം…ഇത്‌ ഒരു അക്രമ വാര്‍ത്ത എന്നതിലപ്പുറം വലിയ പ്രധാന്യമര്‍ഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നിലെ ഒരു ഡസൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ജോലിയുടെ പേരിൽ മൂന്ന് ദിവസത്തെ കലാപത്തെ ആരെങ്കിലും ഗൗരവത്തിൽ സ്വീകരിച്ചുവോ…സംശയമാണ്.

thepoliticaleditor

നിയമന പ്രക്രിയ സുതാര്യമല്ലെന്നും ഉയർന്ന യോഗ്യതയുള്ളവരെ കുറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്കായി മത്സരിക്കാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ നിറഞ്ഞതാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. നിരാശ ദേഷ്യത്തിലേക്കും അക്രമത്തിലേക്കും നയിച്ചു. വിദ്യാർഥികൾ ട്രെയിനുകൾ തടഞ്ഞുനിർത്തി കോച്ചുകൾക്ക് തീയിട്ടു. പ്രതിഷേധക്കാരെ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ലാത്തി വീശുകയും ചെയ്തു. റെയിൽവേ നിയമനം താൽക്കാലികമായി നിർത്തി, ഭാവിയിൽ എല്ലാ റെയിൽവേ പരീക്ഷകളിൽ നിന്നും അവരെ തടയുമെന്ന് ഭീഷണിപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും അധികം തൊഴില്‍ രഹിതരുള്ളത്‌ രണ്ട്‌ വലിയ സംസ്ഥാനങ്ങളിലാണ്‌-ബിഹാറിലും യു.പി.യിലും. ബീഹാറിലും ഉത്തർപ്രദേശിലും ഈ ആഴ്‌ചയുണ്ടായ തൊഴിൽ കലാപങ്ങൾ രാജ്യത്തെ വര്‍ധിച്ചു വരുന്ന യുവതൊഴില്‍ രഹിതരുടെ മനസ്സിലെ രോഷാഗ്നിയും നിരാശയും പ്രതിഫലിപ്പിക്കുന്നതാണ്‌. പക്കോഡ മസാല വണ്ടി തുടങ്ങുന്നതും തൊഴില്‍ സംരംഭമായി കണക്കാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണത്തെ യുവാക്കള്‍ ഇവിടെ ചോദ്യം ചെയ്‌തിട്ടുണ്ട്‌. വീട്ടില്‍ ദാരിദ്ര്യം കുമിയുമ്പോഴും എല്ലാം വിറ്റു പെറുക്കി നഗരത്തില്‍ പഠിക്കാനയച്ച്‌ ബിരുദം എടുപ്പിക്കുന്നത്‌ പക്കോഡ വണ്ടി നടത്താനാണോ എന്ന്‌ ബിഹാറിലെ ഒരു പ്രതിഷേധക്കാരന്‍ മാധ്യമങ്ങളോട്‌ രോഷത്തോടെ ചോദിച്ചു.
മാധ്യമങ്ങള്‍ പോലും ബിഹാര്‍ സംഭവത്തിനു പിന്നിലെ യഥാര്‍ഥ കാരണം വര്‍ധിച്ചു വരുന്ന തൊഴിലില്ലായമയുടെ രൂക്ഷതയാണ്‌ എന്ന കാര്യം പ്രാധാന്യത്തോടെ ഇതുവരെ ചര്‍ച്ച ചെയ്‌തിട്ടില്ല.

Spread the love
English Summary: unemployed youth protests in north india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick