Categories
kerala

കാനഡ വഴി അമേരിക്കയിലേക്ക്‌ നുഴഞ്ഞു കയറാന്‍ പോയ ഗുജറാത്തി കുടുംബത്തിന്‌ സംഭവിച്ച വന്‍ ദുരന്തം…കുടിയേറ്റ വ്യാമോഹങ്ങളിലെ പുതിയ കണ്ണീര്‍ക്കഥ…

കാനഡയില്‍ നിന്നും യു.എസിലേക്ക്‌ അനധികൃതമായി കടക്കാന്‍ ശ്രമിച്ചപ്പോള്‍ കാനഡ അതിര്‍ത്തിയില്‍ തണുപ്പില്‍ മരവിച്ചു മരിച്ചു പോയ നാലംഗ ഗുജറാത്തി കുടുംബത്തിന്റെ വിശദാംശങ്ങള്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടു. ജഗദീഷ്‌ ബല്‍ദേവ്‌ഭായ്‌ പട്ടേല്‍(39), ഭാര്യ വൈശാലി(37), മകള്‍ വിഹാംഗി(11), മകന്‍ ധാര്‍മിക്‌(മൂന്നു വയസ്സ്‌) എന്നിവരാണ്‌ മാനിറ്റോബയിലെ കാനഡ-യുഎസ്‌ അതിര്‍ത്തിയില്‍ കഠിന ശൈത്യത്തില്‍ മരവിച്ചു മരിച്ചത്‌. ജനവരി 19-നായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവം നടന്നത്‌.

കാനഡയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യം

കാനഡ ഇപ്പോള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്‌. അനധികൃതമായി അമേരിക്കയിലേക്ക്‌ കടക്കാന്‍ ശ്രമിച്ചവരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അജ്ഞാതരായ സ്‌ത്രീയുടെയും പുരുഷന്റെയും തണുത്തു മരവിച്ച ദേഹങ്ങളാണ്‌ ആദ്യം കണ്ടെത്തിയത്‌. ബാക്‌ ബാഗും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ മൃതദേഹങ്ങള്‍ക്കരികില്‍ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ മൃതദേഹവും യു.എസ്‌. അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ കുടുംബമാണ്‌ ഇരകളായത്‌ എന്ന്‌ ദിവസങ്ങള്‍ക്കു ശേഷമാണ്‌ അറിവായത്‌.

thepoliticaleditor
കാനഡയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യം

കാല്‍നടയായി അമേരിക്കയിലേക്ക്‌ കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറയുന്നു. ജനുവരി 12-ന്‌ കുടുംബം കാനഡയിലെത്തി. ഒരാഴ്‌ച മാത്രമാണ്‌ അവിടെ കഴിഞ്ഞത്‌. അമേരിക്കയിലേക്ക്‌ കടക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി മനിറ്റോബയിലേക്ക്‌ പോയി. ഏതു ദിവസമാണ്‌ അവിടെ എത്തിയതെന്ന്‌ വ്യക്തമല്ല. ഗുജറാത്തിലെ ഒരു ഗ്രാമത്തിലുള്ളവരാണിവര്‍.

കാനഡയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യം

ജഗദീഷ്‌ പട്ടേല്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുകയും നാട്ടിലെ സ്‌കൂളില്‍ ജീവനക്കാരനായും കടയില്‍ സെയില്‍സ്‌ മാനായും ജോലി ചെയ്യുകയും ചെയ്‌തിരുന്നു എന്നാണ്‌ വിവരം. കാനഡയിലെത്തിയ കാര്യം ഗുജറാത്തിലെ ബന്ധുക്കള്‍ക്ക്‌ അറിയാമായിരുന്നെങ്കിലും പിന്നീട്‌ ബന്ധം നഷ്ടപ്പെട്ടു.

കാനഡയില്‍ നിന്നും കടക്കാന്‍ അവരെ സഹായിച്ച ഏജന്റിനെ പൊലീസ്‌ പിടികൂടിയിരുന്നു. അതിര്‍ത്തികടക്കാനുള്ള പദ്ധതിക്ക്‌ സഹായം ചെയ്‌തതും കാനഡയില്‍ പരിചയമില്ലാത്ത ജഗദീഷ്‌ പട്ടേല്‍ കുടുംബത്തിന്‌ വഴികാട്ടിയതും ഈ ഏജന്റ്‌ ആണെന്നാണ്‌ കേസ്‌.

Spread the love
English Summary: Family from India tried to cross into U.S. by foot

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick