Categories
kerala

മലയാള സിനിമയിലെ വിശുദ്ധ സഞ്ചാരി

അന്തരിച്ച കെ.എസ്‌.സേതുമാധവന്‍ എന്ന അസാധാരണ സംവിധായകനെയും അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യങ്ങളെയും കുറിച്ച്‌ പ്രമുഖ പത്രപ്രവര്‍ത്തകനും കേരളകൗമുദി ന്യൂസ്‌ എഡിറ്ററുമായ വി.എസ്‌.രാജേഷ്‌ കേരളകൗമുദി ഓൺലൈനിൽ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ

Spread the love

നായകനായി നിറഞ്ഞു നിൽക്കുന്ന വേളയിലൊരിക്കൽ നടൻ പ്രേംനസീർ സംവിധായകൻ കെ.എസ്.സേതുമാധവനോട് പറഞ്ഞു. ‘ ഈ മരംചുറ്റിയോട്ടവും പ്രേമവും എനിക്കു മടുത്തു. ഒരു ഡാർക്ക് ഷെയിഡുള്ള കഥാപാത്രത്തെ തരൂ…’ 1973 ലായിരുന്നു ഇത്. ആ വർഷം നസീർ നായകനായി അഭിനയിച്ചത് മുപ്പത് സിനിമകളിലാണെന്നുകൂടി ഓർക്കണം. നസീറിന്റെ ആ അഭ്യർത്ഥന സേതുമാധവൻ തള്ളിക്കളഞ്ഞില്ല. മുട്ടത്തുവർക്കിയുടെ അഴകുള്ള സെലീന എന്ന നോവലിനെ ആസ്പദമാക്കി അതേപേരിൽ എടുത്ത ചിത്രത്തിൽ കുഞ്ഞച്ചൻ എന്ന വില്ലൻ കഥാപാത്രത്തെ നസീറിന് നൽകി. നായക കഥാപാത്രമായ ജോണിയുടെ വേഷം വിൻസന്റിനും. ശരിക്കു പറഞ്ഞാൽ സിനിമ ഇൻഡസ്ട്രി ഞെട്ടി. നായകനെ വില്ലനാക്കിയാൽ നസീറിന്റെ മാർക്കറ്റ് ഇടിയുമെന്നുവരെ പലരും പറഞ്ഞു. നസീറിനൊരു റേപ്പ് സീനുംകൂടി നൽകിയാണ് സേതുമാധവൻ ആ വാദങ്ങളുടെയെല്ലാം മുനയൊടിച്ചത്. വെള്ളിത്തിരയിൽ അന്നുവരെ കണ്ടിട്ടില്ലാത്ത നസീറിനെക്കണ്ട് പ്രേക്ഷകർ കൈയടിച്ചു. നസീർ ആ കഥാപാത്രത്തെ ആസ്വദിച്ചു ചെയ്തുവെന്നും വലിയ സന്തോഷം പ്രകടിപ്പിച്ചുവെന്നും സേതുമാധവൻ ഓർക്കുന്നു.

നസീറിനെയല്ല ഏത് താരത്തിനെ വച്ചും അങ്ങനെ ചെയ്യാൻ ധൈര്യമുള്ള ഒരേയൊരു സംവിധായകനെ അന്നുണ്ടായിരുന്നുള്ളു. അതാണ് കെ.എസ്.സേതുമാധവൻ. ആ മഹാപ്രതിഭയുടെ വിയോഗവാർത്തയാണ് ഇന്നത്തെ പ്രഭാതത്തിൽ നമ്മൾ കേട്ടത്.

thepoliticaleditor

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു.രാവിലെ ഭാര്യ അടുത്തുചെന്നു വിളിച്ചപ്പോൾ ഉണർന്നില്ല.ശാന്തമായ മരണം. സിനിമയിൽ പൂർണത നേടിയ കലാകാരനായിരുന്നു സേതുമാധവൻ.

സൗമ്യനും മാന്യനും മഹാപ്രതിഭയുമായ സേതുമാധവന്റെ സിനിമകൾ ഓരോന്നും മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

ഇത്രയധികം സാഹിത്യരചനകൾ സിനിമയാക്കിയ മറ്റൊരു സംവിധായകൻ ഇല്ല. മലയാളത്തിലടക്കം ഒന്നിനൊന്നു മികച്ച അറുപതോളം ചിത്രങ്ങൾ.

കലാപരമായ മികവ് പുലർത്തിയതിനൊപ്പം വാണിജ്യവിജയവും നേടിയവയാണ് അവയെല്ലാം. സംസ്ഥാന ദേശീയ അവാർഡുകളടക്കം നേടിയിട്ടും ഒരു പത്മാ ബഹുമതിയോ ഫാൽക്കെ അവാർഡോ സേതുമാധവനെ തേടിയെത്തിയില്ല.

കണ്ണും കരളും എന്ന ചിത്രത്തിൽ കമലഹാസനെ ബാലതാരമായി അഭിനയിപ്പിച്ച സേതുമാധവൻ കന്യാകുമാരി എന്ന സിനിമയിലൂടെ കമലിനെ നായകനാക്കി. സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളിലാണ് മമ്മൂട്ടി ഒരു നടനായി ആദ്യം മുഖം കാണിച്ചത്.

തന്റെ രണ്ടാമത്തെ ചിത്രമായ കണ്ണും കരളിലും സത്യനെ നായകനാക്കിയ അദ്ദേഹം നടനെന്ന നിലയിൽ സത്യന് ഏറ്റവും മികച്ച വേഷങ്ങൾ നൽകി. സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളിലായിരുന്നു സത്യൻ അവസാനമായി അഭിനയിച്ചത്.

സത്യനും നസീറും മധുവും സേതുമാധവന്റെ സിനിമകളിൽ സജീവമായിരുന്നു. കഥാപാത്രങ്ങൾക്കിണങ്ങിയ നടൻമാരെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. നസീറിലെ നടന്റെ കഴിവ് സംവിധായകർ പ്രയോജനപ്പെടുത്തിയില്ലെന്ന് സേതുമാധവൻ കരുതിയിരുന്നു.

mammootty

കരകാണാക്കടൽ,പണിതീരാത്തവീട്, അച്ഛനും ബാപ്പയും, വാഴ്വേമായം, പുനർജന്മം, ഓടയിൽ നിന്ന് ,ഓപ്പോൾ , തുടങ്ങി വേനൽക്കിനാവുകൾ വരെ മലയാളം എന്നും ഓർക്കുന്ന എത്രയെത്ര ചിത്രങ്ങൾ.സംവിധാനം പഠിക്കാൻ മികച്ച സ്‌കൂളായിരുന്നു സേതുമാധവൻ എന്ന സംവിധായകൻ.

ശ്രീകുമാരൻതമ്പി അടക്കം പലരും സംവിധാനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് സേതുമാധവനിൽ നിന്നായിരുന്നു.നടൻമാരെ അവരുടെ കഴിവു തിരിച്ചറിഞ്ഞ് മികച്ച വേഷങ്ങൾ നൽകി.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ആരായിരുന്നു മികച്ച നടനും നടിയും ? അടുത്തിടെ സംസാരിച്ചപ്പോൾ ഈ ചോദ്യം സേതുമാധവൻസാറിനോട് ചോദിച്ചു. എല്ലാവരും കഴിവുള്ളവരായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചോദ്യം ആവർത്തിച്ചപ്പോൾ തന്റെ ഫേവറിറ്റ് ഒരു പരിധിവരെ സത്യനായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

സത്യൻ അഭിനയിക്കുകയല്ല,കഥാപാത്രമായി മാറുകയായിരുന്നു. നടിയെന്ന നിലയിൽ ഷീല അസാമാന്യമായ കഴിവുകളുള്ള അഭിനേത്രിയായിരുന്നു. ഒരു പെണ്ണിന്റെ കഥ എന്ന ചിത്രത്തിൽ സത്യനും ഷീലയും അവരുടെതന്നെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പി.കേശവദേവിന്റെ ഓടയിൽ നിന്നിൽ സത്യന്റെ പപ്പു എന്ന കഥാപാത്രം എന്നെന്നും ഓർമ്മിക്കപ്പെടുന്നതാണ്. സുരേഷ്‌ഗോപി ബാലതാരമായി വന്നത് ഓടയിൽ നിന്നിലായിരുന്നു. സത്യന്റെ യക്ഷി, കടൽപ്പാലം, കരകാണാക്കടൽ, വാഴ്‌വേമായം ഒക്കെയും സംവിധാനം ചെയ്തത് സേതുമാധവനായിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിംഹളഭാഷയിലും സിനിമകളെടുത്തു. മറുപക്കം എന്ന സേതുമാധവന്റെ സിനിമയാണ് തമിഴിൽ ആദ്യമായി മികച്ചചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രം.

ജ്ഞാനസുന്ദരിയിൽ തുടങ്ങിയ സേതുമാധവന്റെ സംവിധാനജീവിതത്തിൽ സഹോദരൻ കെ.എസ്.ആർ.മൂർത്തിയുടെ പിന്തുണ നിർണായകമായിരുന്നു. പലചിത്രങ്ങളുടെയും നിർമ്മാതാവ് മൂർത്തിയായിരുന്നു. അടുത്തിടെയാണ് അദ്ദേഹവും വിടപറഞ്ഞത്.

ചലച്ചിത്ര രംഗത്ത് ജന്റിൽമാൻ എന്ന വിശേഷണം എന്നും സേതുമാധവനൊപ്പമുണ്ടായിരുന്നു. എത്ര വലിയ താരങ്ങളായാലും സേതുമാധവന്റെ സെറ്റിൽ വന്നാൽ തികഞ്ഞ അച്ചടക്കം പാലിക്കും.അത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

പാലക്കാട്ടുകാരനായ സേതുമാധവന്റെ സ്വഭാവത്തിലെ ശാന്തതയും സമാധാനവും എവിടെനിന്നു കിട്ടിയെന്നു ചോദിച്ചപ്പോൾ ഉത്തരം മഹാജ്ഞാനിയായ രമണമഹർഷിയിൽ നിന്ന് എന്നായിരുന്നു.’ അച്ഛനും അമ്മയും അവിടെ പതിവായി പോകുമായിരുന്നു.

അവരുടെ കൂടെ പോയതും രമണമഹർഷിയുടെ മുന്നിലിരിക്കാൻ കഴിഞ്ഞതും വലിയഭാഗ്യമായി കരുതുന്നു. വീട്ടിൽ നിന്ന് പച്ചക്കറികളും മറ്റും ആശ്രമത്തിലേക്ക് കൊടുത്തുവിടും. അപ്പോൾ ഞാനും കൂടെപോകുമായിരുന്നു.

വീട്ടിൽനിന്നു കൊണ്ടുപോകുന്ന സാധനങ്ങൾ ഇലയിൽ മഹർഷിയുടെ അരികിൽ കൊണ്ടുവയ്ക്കും. മുന്നിൽപ്പോയി ചമ്രംപടിഞ്ഞിരിക്കുമ്പോൾ രമണമഹർഷി പുഞ്ചിരിച്ച് തലയാട്ടും.’ അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കു ലഭിച്ചിട്ടുണ്ടെന്ന് സേതുമാധവൻ വിശ്വസിക്കുന്നു.

അമ്മയായിരുന്നു സേതുമാധവന്റെ എല്ലാം. അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ മദ്യപിക്കുകയോ ,പുകവലിക്കുകയോ ചെയ്തില്ല. സിനിമയിൽ മുഴുകിയിട്ടും വഴിവിട്ട ജീവിതശൈലി പുലർത്തിയില്ല. എന്നും തികഞ്ഞ അച്ചടക്കം പാലിച്ചു.മനോഹരമായ കുടുംബജീവിതം എന്നും നയിച്ചു.

Spread the love
English Summary: the holy travellor in malayalm film industry

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick