Categories
latest news

ബംഗാളില്‍ ബി.ജെ.പി.ക്ക്‌ ഇനി ഉയിര്‍പ്പ്‌ അസാധ്യം…സി.പി.എമ്മിനാകട്ടെ പുതുജീവന്‍

പശ്ചിമ ബംഗാളില്‍ ദിന്‍ഹത, ശാന്തിപൂര്‍, ഖര്‍ദ, ഗോസബ എന്നീ നാല്‌ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ മമതാ ബാനര്‍ജിക്കു മുന്നില്‍ പൂര്‍ണമായും തകര്‍ന്നിടിഞ്ഞിരിക്കുകയാണ്‌ ബി.ജെ.പി. വെറും ആറു മാസം മാത്രം മുമ്പ്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ജയിച്ച സീറ്റുകളാണ്‌ ദിന്‍ഹതയും ശാന്തിപൂരും എന്നോര്‍ക്കുക. ദിന്‍ഹത ബി.ജെ.പി.യുടെ കേന്ദ്രമന്ത്രി ജയിച്ച സീറ്റായിരുന്നു. ഇവിടെ തൃണമൂല്‍ ജയിച്ചതോ 1.64 ലക്ഷം വോട്ട്‌ ഭൂരിപക്ഷത്തിന്‌ !! ഗോസബ സീറ്റിലെ തൃണമൂല്‍ വിജയം 1.43 ലക്ഷത്തിന്‌. ശാന്തിപൂരില്‍ തൃണമൂല്‍ ഭൂരിപക്ഷം 64,000 വോട്ട്‌. ആറ്‌ മാസം മുമ്പ്‌ ബി.ജെ.പി. ജയിച്ച സീറ്റില്‍ തൃണമൂലിന്‌ ഈ അതിഭീമ ഭൂരിപക്ഷം നല്‍കുന്ന സൂചന എന്താണ്‌ എന്ന്‌ സംശയിക്കേണ്ടതില്ല. ബി.ജെ.പി.യുടെ കഥ കഴിയുന്നു എന്നതു തന്നെയാണ്‌. ബി.ജെ.പി.യുടെ പൂര്‍ണനാശമാണ്‌ ഉപതിരഞ്ഞെടുപ്പില്‍ ദൃശ്യമാകുന്നതെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ബി.ജെ.പി.യുടെ ശക്തികേന്ദ്രമെന്ന്‌ കരുതുന്ന വടക്കന്‍ ബംഗാളിലെ മണ്ഡലമാണ്‌ ദിന്‍ഹത എന്നതു തന്നെ മതി സംസ്ഥാനത്ത്‌ ബി.ജെ.പി. നില എത്ര പരുങ്ങലിലാണെന്നറിയാന്‍. ആറുമാസം കൊണ്ട്‌ എം.എല്‍.എ.മാരുടെ എണ്ണം 77-ല്‍ നിന്നും 70 ആയി കുറഞ്ഞിരിക്കുന്നു. ബാബുല്‍ സുപ്രിയോ പോയതോടെ എം.പി.മാരുടെ എണ്ണം 17 ആയി കുറഞ്ഞു.

ഇടതുപക്ഷത്തിന്‌ പ്രതീക്ഷാകിരണം നല്‍കുന്ന ഉപതിരഞ്ഞെടുപ്പാണ്‌ കടന്നു പോയത്‌. തൃണമൂലിന്റെ മാത്രമല്ല സി.പി.എമ്മിന്റെയും വോട്ട്‌ വിഹിതം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാള്‍ വര്‍ധിച്ചെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വോട്ട്‌ വിഹിതം നാല്‌ ശതമാനം മാത്രമായി കുറഞ്ഞിരുന്നിടത്ത്‌ ഇപ്പോള്‍ ഒറ്റ സീറ്റില്‍ അത്‌ 20 ശതമാനമായി ഉയര്‍ന്നതായാണ്‌ കണക്ക്‌. സി.പി.എമ്മിന്റെ മുഴുവനായി മാറിപ്പോയിരുന്ന വോട്ടുകള്‍ വീണ്ടും അവര്‍ക്ക്‌ ലഭിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയായി ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ ബി.ജെ.പി.ക്ക്‌ 14.5 ശതമാനം വോട്ട്‌ ലഭിച്ചപ്പോള്‍ നേരത്തെ ഒന്നുമില്ലാതിരുന്ന സി.പി.എമ്മിന്‌ 7.28 ശതമാനം വോട്ട്‌ നേടാന്‍ കഴിഞ്ഞു എന്നത്‌ ശ്രദ്ധേയമാണ്‌. അതേസമയം കോണ്‍ഗ്രസിന്‌ കിട്ടിയത്‌ വെറും 0.37 ശതമാനം വോട്ടു മാത്രം. ഫോര്‍വേഡ്‌ ബ്ലോക്കിനും ആര്‍.എസ്‌.പി.ക്കും ഒന്നും നിലം തൊടാന്‍ കഴിയാതിരുന്നപ്പോള്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്‌ സി.പി.എം.വോട്ടുവിഹിതം ആണ്‌. തൃണമൂല്‍ കോണ്‍ഗ്രസിന്‌ 74.99 ശതമാനം വോട്ടുകള്‍ വാരിക്കോരിയെടുക്കാനായി എന്നത്‌ എല്ലാ പാര്‍ടികള്‍ക്കും മികച്ച പാഠമായി നിലകൊള്ളുകയും ചെയ്യുന്നു.

thepoliticaleditor
Spread the love
English Summary: bjp in bengal a pathetic stage, cpm vote share shows growth

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick