Categories
kerala

വാക്‌സിന്‍ സ്വീകരിക്കാത്ത 5000 അധ്യാപകര്‍… സര്‍ക്കാര്‍ ഇവരെ എന്തു ചെയ്യും…അറിയണം കാനഡ എന്ന രാജ്യം എന്തു ചെയ്‌തുവെന്ന്‌…അത്‌ മാതൃകയാണ്‌

കൊവിഡിനെതിരായ വന്‍ പ്രതിരോധ പ്രവര്‍ത്തനം കേരള സര്‍ക്കാര്‍ നടത്തുമ്പോള്‍ അതിനെ പരസ്യമായി ധിക്കരിച്ചുകൊണ്ട്‌ 5000 അധ്യാപകര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാതെ ഇരിക്കുന്നുണ്ട്‌ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍ പൊതുസര്‍വ്വീസ്‌ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്‌ വിട്ടിരിക്കയാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ വടക്കെ അമേരിക്കന്‍ രാജ്യമായ കാനഡ എടുത്ത കര്‍ക്കശ നടപടിയാണ്‌ ഈ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്‌. മെഡിക്കലായോ മതപരമായോ ഉള്ള കാരണത്താലായിരുന്നു കാനഡയില്‍ ആയിരക്കണക്കിന്‌ സര്‍ക്കാര്‍ അധ്യാപകര്‍, ആരോഗ്യവകുപ്പ്‌ ജീവനക്കാര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കാതെ മാറി നിന്നിരുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, എയര്‍പോര്‍ട്ട്‌, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ തുടങ്ങി സ്വകാര്യ മേഖലകളിലെ ആയിരക്കണക്കിന്‌ ഉദ്യോഗസ്ഥരും വാക്‌സിന്‍ എടുക്കാതെ ഒഴിഞ്ഞുമാറിയിരിക്കയായിരുന്നു. ഇവര്‍ക്കെതിരെ ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകൂടം കര്‍ക്കശമായ നടപടിയാണ്‌ സ്വീകരിച്ചത്‌.

thepoliticaleditor
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒക്‌ടോബര്‍ 30-നകം എല്ലാ സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ ജീവനക്കാരും നിര്‍ബന്ധമായും പൂര്‍ണവാക്‌സിനേഷന്‍ നടത്തണമെന്ന്‌ ഭരണകൂടം നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ നടത്താതെ ആരെയും ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന്‌ കര്‍ശന നിലപാട്‌ സ്വീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും വരെ സസ്‌പെന്റ്‌ ചെയ്യുകയും സസ്‌പെന്‍ഷന്‍ കാലയളവ്‌ ശമ്പളമില്ലാത്ത അവധിയായി കണക്കാക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. പറഞ്ഞ കാലയളവിനു ശേഷവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്ന കാര്യം പരിഗണിക്കുമെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇതേ പാത തന്നെ സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരണമെന്ന്‌ ആവശ്യപ്പെട്ടു.

എല്ലാ സ്വകാര്യ സ്‌കൂള്‍, വ്യോമ, റെയില്‍,റോഡ്‌ ഗതാഗത സ്ഥാപനങ്ങള്‍, സ്വകാര്യ ക്ലിനിക്കുകള്‍, കൗണ്‍സിലിങ്‌ കേന്ദ്രങ്ങള്‍ തുടങ്ങിയ എല്ലാ മേഖലയിലെയും ജീവനക്കാര്‍ ാെക്ടോബര്‍ 30-നകം വാക്‌സിനേഷന്‍ നടത്തണമെന്ന്‌ ട്രൂഡോ ആവശ്യപ്പെട്ടു. രണ്ടു ഡോസ്‌ വാക്‌സിന്‍ എടുക്കാന്‍ നീണ്ട കാലയളവ്‌ വേണ്ടിവരുമെന്നതിനാല്‍ ഇവര്‍ക്കായി ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണിന്റെ ഒറ്റ ഡോസ്‌ വാക്‌സിന്‌ കാനഡ അനുമതി നല്‍കുകയും ചെയ്‌തു.
കാനഡയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഇത്‌ നടപ്പാക്കി. പൂര്‍ണമായി വാക്‌സിനേഷന്‍ നടത്താത്ത നഴ്‌സുമാരെ ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന്‌ ബ്രിട്ടീഷ്‌ കൊളംബിയ പ്രവിശ്യാ ഭരണകൂടം കര്‍ശന നിലപാട്‌ സ്വീകരിച്ചു. പൂര്‍ണ വാക്‌സിനേഷന്‍ നടത്തിയവര്‍ക്കും മാത്രം വാടകയ്‌ക്ക്‌ വസ്‌തുവകകള്‍ നല്‍കിയാല്‍ മതിയെന്ന്‌ കാനഡയിലെ ആല്‍ബര്‍ട്ട സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി തീരുമാനം പ്രഖ്യാപിച്ചതും ആഗോള വാര്‍ത്തയായി. കാനഡയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ എയര്‍കാനഡ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത 800 ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ക്യുബെക്‌, ഒണ്ടാറിയോ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരോഗ്യ ജീവനക്കാര്‍ക്ക്‌ നിര്‍ബന്ധ വാക്‌സിനേഷന്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അവിടുത്തെ ഡോക്ടര്‍മാര്‍ തന്നെ രംഗത്തു വന്നു.

ആയിരക്കണക്കിന്‌ ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ കാനഡയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വലിയ പ്രതിസന്ധി രൂപം കൊണ്ടു. ബ്രിട്ടീഷ്‌ കൊളംബിയയില്‍ ആശുപത്രികളില്‍ ശസ്‌ത്രക്രിയ ഉള്‍പ്പെടെ മുടങ്ങി. വാക്‌സിനെടുക്കാത്ത 3000 ആരോഗ്യപ്രവര്‍ത്തകരെയാണ്‌ ഈ സംസ്ഥാനത്ത്‌ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നത്‌. 3,325 പേര്‍ പൂര്‍ണ വാക്‌സിന്‍ സ്വീകരിക്കാത്തവരായി സംസ്ഥാനത്തുണ്ടെന്ന്‌ ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ്‌ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ പ്രഖ്യാപിത നയം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നിര്‍ബന്ധിത വാക്‌സിനേഷന്‍ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശലംഘനമാണെന്നും കാണിച്ച്‌ കാനഡയിലെ ജീവനക്കാര്‍ ഫെഡറല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ഇവരുടെ ഹര്‍ജി തള്ളിക്കളയുകയാണ്‌ ചെയ്‌തത്‌. വാക്‌സിനേഷന്‍ ആവശ്യപ്പെടുന്നത്‌ വ്യക്തിയുടെ അവകാശത്തിന്‍മേലുള്ള ലംഘനമായി കാണാനാവില്ലെന്നായിരുന്നു കോടതിയുടെ തീര്‍പ്പ്‌.

Spread the love
English Summary: 5000 unvaccinated teachers in kerala strict action needed says education minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick