Categories
kerala

സ്വന്തം കുഞ്ഞിനായി ഒരമ്മ പോരാട്ടം തുടരുമ്പോൾ…

ജനിച്ചയുടന്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നതും കുട്ടിയെ അന്വേഷിച്ച് അച്ഛനും അമ്മയും അലഞ്ഞുതിരിയുന്നതും അവസാനം കുട്ടി യുവാവായതിന്
ശേഷം അച്ഛനുമമ്മയുമായി കണ്ടുമുട്ടുന്നതുമെല്ലാം 1960 കളിലും 70 കളിലും മലയാള സിനിമയിലെ സ്ഥിരം പ്ലോട്ടായിരുന്നു. പക്ഷെ ഇന്ന് ഒരു
പ്രമുഖ രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി, തന്റെ അച്ഛനും അമ്മയും ഒക്കെ ചേര്‍ന്ന് ഒളിപ്പിച്ച സ്വന്തം കുഞ്ഞിനെ തേടി നടക്കുന്നത് കണ്ടത്
ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചര്‍ച്ചയിലാണ്.

സി.പി.എം സംസ്ഥാന സമിതിയംഗവും സി.ഐ.ടി.യു നേതാവും എല്ലാം ആയിരുന്ന പേരൂര്‍ക്കട സദാശിവന്റെ പേരക്കുട്ടിയായ
അനുപമയ്ക്ക് ഇക്കാര്യത്തില്‍ ഇനിയും നീതി നല്‍കാത്തത് ആരാണ്? തന്റെ വേദനകള്‍ അനുപമ ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന് വിവരിച്ചപ്പോള്‍ സംഭവം
നടക്കുന്നത് കേരളത്തില്‍ തന്നെയാണോ എന്ന് തോന്നിപ്പോയി. കുഞ്ഞിനെ തിരികെ ലഭിക്കുന്ന കാര്യത്തില്‍ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ പരാതി
നല്‍കിയിട്ട് മറുപടി ലഭിച്ചത് ആറ് മാസത്തിന് ശേഷം. നിയമപരമായ ഉപദേശം ലഭിക്കുന്നതിനാണ് ഇത്രയും സമയമെടുത്തത് എന്നാണ് പോലീസിന്റെ
വിശദീകരണം. എത്ര മനോഹരമായ മറുപടി. കുഞ്ഞിനെ കാണാതായതിന് അമ്മ പരാതി നല്‍കിയാല്‍ മറുപടി ലഭിക്കാന്‍ ആറ് മാസമെടുക്കും
എന്നു പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അടുത്ത സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നല്‍കി സര്‍ക്കാര്‍ ആദരിക്കണം.

thepoliticaleditor

അനുപമ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയ മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം, കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ വന്ന് ആ കുട്ടിയെ പൂര്‍ണമായി
പിന്തുണച്ച ഒരു മുന്‍ എസ്.പി അയാളുടെ ഫേസ്ബുക്കില്‍ അനുപമയെ അങ്ങേയറ്റം അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റിട്ടു എന്നതാണ്. ക്രിമിനല്‍
കേസുകളുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി ഇദ്ദേഹം എത്താറുള്ളതാണ്. കൂട്ടിന് തിരുവന്തപുരത്തെ ഒരു മുതിര്‍ന്ന
അഭിഭാഷകനും കാണും. ഇരുവരും സഹപാഠികളോ അയല്‍ക്കാരോ ആണോ എന്ന് പലപ്പോഴും സംശയം
തോന്നിയിട്ടുണ്ട്.

അനുപമയുടെ അച്ഛന്‍ ജയച്ചന്ദ്രന്‍ പേരൂര്‍ക്കടയിലെ സി.പി.എമ്മിന്റെ അവസാന വാക്കാണെന്ന് പലരും പറയാറുണ്ട്. ഇപ്പോള്‍ കേസിലെ പ്രതിയാണ്
എങ്കില്‍ പോലും പാര്‍ട്ടി സമ്മേളനം നടക്കുന്ന ഈ സമയത്ത് അദ്ദേഹത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റിയിലേക്ക് മാത്രമല്ല, സി.ഐ.ടി.യുവിന്റെ
ഒരു സംഘടനയുടെ ഉയര്‍ന്ന പദവിയിലേക്കും തെരഞ്ഞെടുത്തതായി അനുപമ വെളിപ്പെടുത്തിയത് അമ്പരപ്പ് ഉണ്ടാക്കുന്ന കാര്യമാണ്.

കേരളത്തിെലെ സെലക്ടീവ് പ്രതികരണ തൊഴിലാളികള്‍ ആരും ഭാഗ്യവശാല്‍ ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. പല സര്‍ക്കാര്‍ കോര്‍പ്പറേഷനുകളും
അക്കാദമികളും ഒന്നും പുന:സംഘടിപ്പിക്കാത്തത് കാരണം വെറുതേ കിട്ടുന്ന ഇന്നോവാ ക്രിസ്റ്റയും വലിയ സ്ഥാനമാനങ്ങളും ലക്ഷങ്ങളുടെ
പ്രതിമാസ അലവന്‍സുമൊക്കെ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി കളയുന്നത് അവര്‍ക്ക് മോശമല്ലേ…

പണ്ട് സൈമൺ ബ്രിട്ടോയെ വിവാഹം
കഴിക്കാന്‍ തയ്യാറായ പ്രമുഖ സി.പി.എം നേതാവിന്റെ അനന്തിരവളെ പിന്‍തിരിപ്പിക്കാന്‍ ഇന്നത്തെ വിപ്ലവനായികമാരായ അന്നത്തെ എസ്.എഫ്.ഐ
വനിതാ നേതാക്കള്‍ നിരന്തരം വീട്ടില്‍ കയറിയിറങ്ങിയ കാര്യം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തക ധന്യാരാജേന്ദ്രന്‍ പറഞ്ഞ ഒരു പ്രധാന കാര്യം, ഈ കുഞ്ഞിനെ ആരെങ്കിലും ഇതിനകം ദത്തെടുത്തിട്ടുണ്ടെങ്കില്‍
തിരികെ കിട്ടാന്‍ നിയമപരമായി സാധ്യമല്ല എന്നതാണ്. ഇതിനര്‍ത്ഥം അനുപമയും ഭര്‍ത്താവും ഇനിയും ഒരുപാട് കോടതികളില്‍ കയറിയിറങ്ങണം
എന്ന് തന്നെ.

സി.പി.എമ്മിന്റെ പ്രമുഖ വനിതാ നേതാക്കളായ വൃന്ദാകാരാട്ടിനേയും ശ്രീമതിടീച്ചറിനേയും വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയേയും
എല്ലാം സമീപിച്ചിട്ടും അനുപമയ്ക്ക് നീതി ലഭിച്ചില്ലെന്നത് അത്ഭുതകരമാണ്.
ഇനി ഒരു പക്ഷെ അനുപമയുടെ കുട്ടിയെ ഇവര്‍ ശിശുക്ഷേമ സമിതിയില്‍ തന്നെയാണോ ഏല്‍പ്പിച്ചത് എന്ന കാര്യത്തില്‍പ്പോലും സംശയിക്കേണ്ട അവസ്ഥയാണ്.

ഇക്കാര്യം ഒക്കെ അന്വേഷിക്കണമെങ്കില്‍ ഇനി സി.ബി.ഐ. തന്നെ വരേണ്ടിവരുമോ . അല്ലാതെ ഒരു പരാതി പരിശോധിക്കാന്‍ ആറ് മാസം സമയമെടുക്കുന്ന കേരളാ
പോലീസിന് എന്ത് ചെയ്യാന്‍ പറ്റും? ഏതായാലും ചര്‍ച്ചയുടെ അവസാനം അവതാരകനായ വിനു. വി. ജോണ്‍ നടത്തിയ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്.
അനുപമയ്ക്ക് നീതി ലഭിക്കാന്‍ എത്രകാലം വേണമെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് ഒപ്പം നില്‍ക്കുമെന്നാണ് വിനു വി ജോണ്‍ പറഞ്ഞത്. കേരളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തീര്‍ച്ചയായും ഏറ്റെടുക്കേണ്ട വാര്‍ത്താ ദൗത്യമാണത്.

Spread the love
English Summary: when a mother struggles to find her baby

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick