Categories
kerala

പല ജില്ലകളിലും കനത്ത മഴ: മലപ്പുറത്ത്‌ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ്‌ രണ്ടു കുട്ടികള്‍ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നുവെന്നാണ് വിവരം.

ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒക്ടോബര്‍ 15വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

thepoliticaleditor

കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങളായി വലിയ അളവില്‍ മഴതുടരുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലിദ്വീപ് തീരങ്ങളിലും കനത്ത കാറ്റ് ഉണ്ടാകും എന്നാണ് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാലും 14ന് രാത്രി വരെ ഇടുക്കി ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല.

Spread the love
English Summary: heavy rain in several districts two kids died due to landslide in malappuram district

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick