Categories
exclusive

നഷ്ടപ്പെട്ട പട്ടേലിനെ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നുവോ…ഇന്ന് ഗോരഖ്‌പൂരിൽ സംഭവിച്ചത്

ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരില്‍ ഇന്ന്‌ മുന്‍പ്‌ കണ്ടിട്ടില്ലാത്ത ചില കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നു. അതില്‍ കോണ്‍ഗ്രസ്‌ നേരത്തെ മറന്നു പോവുകയും തന്ത്രപരമായി സംഘപരിവാര്‍ ഏറ്റെടുക്കുകയും ചെയ്‌ത സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കട്ടൗട്ടും ഉണ്ടായിരുന്നു. ഗാന്ധിജിക്കൊപ്പം കോണ്‍ഗ്രസിന്റെ ഏറ്റവും സ്‌മരണീയനായ നേതാവായിരുന്നു പട്ടേല്‍. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ പ്രഭാവകാലം തൊട്ട്‌ പട്ടേലിനെ കോണ്‍ഗ്രസ്‌ ഓര്‍ക്കാതായി. ഒക്ടോബര്‍ 31 സര്‍ദാര്‍ പട്ടേലിന്റെ 146-ാം ജന്മദിനമാണ്‌. ഈ ദിവസം ഇന്ദിരാഗാന്ധിയുടെ 37-ാം ചരമദിനം കൂടിയാണ്‌. കോണ്‍ഗ്രസില്‍ നിന്നും പട്ടേലിനെയും അതുവഴി അഖണ്ഡഭാരതം എന്ന പ്രതീകത്തെയും റാഞ്ചിയെടുക്കാന്‍ ബി.ജെ.പി. ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ അനങ്ങിയില്ല. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാക്കി പട്ടേലിനെ നരേന്ദ്രമോദി അമാനുഷബിംബമാക്കി ഉയര്‍ത്തി ബി.ജെ.പി.യുടെ പാരമ്പര്യത്തിന്റെ കണ്ണിയാക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്‌. നെഹ്‌റുവിനെ പലപ്പോഴും വിമര്‍ശിച്ച്‌ പട്ടേലിനെ സംഘപരിവാര്‍ ഇഷ്ടപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ കോണ്‍ഗ്രസ്‌ പട്ടേലിനെ നഷ്ടപ്പെടുത്തിയത്‌ എല്ലാം കോണ്‍ഗ്രസുകാരെയും അത്ഭുതപ്പെടുത്തേണ്ടതു തന്നെയാണ്‌.
ഇപ്പോള്‍ അത്‌ കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ തിരിച്ചറിയുന്നതിന്റെ സൂചനയാണ്‌ ഇന്ന്‌ ഗോരഖ്‌പൂരില്‍ കണ്ടതെന്നു പറയാം. ഇന്ദിരയ്‌ക്കൊപ്പം സര്‍ദാര്‍ പട്ടേലിനെയും ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്‌തത്‌ അവിടെ കോണ്‍ഗ്രസ്‌ പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഗ്യാ യാത്രയുടെ ഭാഗമായാണ്‌. പ്രിയങ്ക ഗാന്ധി പട്ടേലിന്‌ ആദരാഞ്‌ജലി അര്‍പ്പിക്കുകയും ട്വിറ്ററില്‍ ഇങ്ങനെ കുറിക്കുകയും ചെയ്‌തു–“ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്‌ഭായി പട്ടേല്‍ ബര്‍ദോളി സത്യാഗ്രഹം വഴി കര്‍ഷകരുടെ അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വേണ്ടി കരുത്തുള്ള ശബ്ദമായി മാറി.”

വല്ലഭ്ഭായ് പട്ടേലിനെ സര്‍ദാര്‍ പട്ടേല്‍ ആയി മാറ്റിയത് 1928-ലെ ബര്‍ദോളി സത്യാഗ്രഹമായിരുന്നു. ഖേഡയില്‍ നടന്നപോലെ ബ്രിട്ടീഷുകാരുടെ കഠിനമായ നികുതി വര്‍ധനയ്‌ക്കെതിരായ ജനകീയ പ്രതിരോധം. പട്ടേലിന്റെ ആവേശോജ്ജ്വലമായ നേതൃത്വത്തില്‍ ജനങ്ങള്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്നു. മാസങ്ങളോളം അവര്‍ ഒറ്റക്കെട്ടായി ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിനെയും സമരം പൊളിക്കാനുള്ള ക്രൂര പ്രവൃത്തികളെയും ചെറുത്തുനിന്നു. നിസ്സഹകരണം ഇത്തരത്തില്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കപ്പെട്ട സമരങ്ങള്‍ ലോകചരിത്രത്തില്‍തന്നെ അപൂര്‍വമായിരിക്കും. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും

thepoliticaleditor

കഷ്ടപ്പാടുകളെക്കുറിച്ചും പൂര്‍ണമായും ജനങ്ങളെ ബോധ്യപ്പെടുത്തി, അവരുടെ പിന്തുണയോടെയായിരുന്നു പട്ടേല്‍ ഈ സത്യാഗ്രഹം നയിച്ചത്. ‘ഒരു നയാപ്പൈസ പോലും കരം കൊടുക്കരുത്’ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം അവര്‍ ആവേശത്തോടെ നടപ്പാക്കി. അദ്ദേഹത്തിന്റെ ഉരുക്കുപോലുള്ള ദൃഢനിശ്ചയത്തിന്റെയും സംഘാടനപാടവത്തിന്റെയും ശക്തമായ ഉദാഹരണമായിരുന്നു ബര്‍ദോളി.

ആ സമരപാരമ്പര്യം കോണ്‍ഗ്രസിനു മാത്രമുളളതായിരുന്നു. എന്നാല്‍ ഇന്ദിരായുഗം തുടങ്ങിയതോടെ പട്ടേലിനെ കോണ്‍ഗ്രസ്‌ അനുസ്‌മരിക്കാതായി. എന്നാല്‍ പട്ടേലിന്റെ പ്രാധാന്യം വേറൊരു തരത്തില്‍ ബി.ജെ.പി. ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്‌ തന്ത്രപരമായ നീക്കമായിരുന്നു. നെഹ്‌റുവിനെ ചെറുതാക്കാനും അത്‌ ഉപയോഗപ്രദമെന്ന്‌ ബി.ജെ.പി. തിരിച്ചറിഞ്ഞു, ഒപ്പം ഏകഭാരതം എന്ന പ്രചാരണത്തിന്‌ പട്ടേലിനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഗാംഭീര്യവും ബി.ജെ.പി. മനസ്സിലാക്കി. കോണ്‍ഗ്രസ്‌ ഇതെല്ലാം കണ്ട്‌ സ്വന്തം നായകനെ റാഞ്ചുന്നത്‌ നോക്കി നില്‍ക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

Spread the love
English Summary: CONGRESS PAID TRIBUTES TO SARDAR PATEL AND INDIRA GANDHI, MARKS A CHANGE IN ATTITUDE ?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick