Categories
kerala

വ്യാജപുരാവസ്‌തു തട്ടിപ്പുവീരന്‍ മോന്‍സന്‍ പൊലീസ്‌ ഉന്നതരുടെയും സിനിമാതാരങ്ങളുടെയും തോഴന്‍

നിങ്ങള്‍ ഈ ഫോട്ടോ കണ്ടാല്‍ എന്തു മനസ്സിലാക്കാം. കേരളത്തിലെ മുന്‍ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും ഇപ്പോള്‍ എ.ഡി.ജി.പി.യായ മനോജ്‌ അബ്രഹാമും ഓരോ അംശവടിയും വാളും പിടിച്ചു നില്‍ക്കുന്നു. എന്നാല്‍ ഈ അംശവടിയും വാളും സിംഹാസനവുമെല്ലാം ചേർത്തല വല്ലിയിൽ വീട്ടിൽ മോന്‍സണ്‍ മാവുങ്കല്‍ എന്ന അഖില ലോക തട്ടിപ്പുകാരന്റെതാണ്‌!! ഈ ഫോട്ടോയിലെ ലൊക്കേഷന്‍ ജോണ്‍സന്റെ വ്യാജപുരാവസ്‌തു പ്രദര്‍ശന കേന്ദ്രമോ വീടോ ആവാം.

സൗഹൃദവലയത്തിലുള്ളവര്‍ കൂടുതലും ഉന്നത പൊലീസുദ്യോഗസ്ഥർ

കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മോന്‍സണ്‍ ഇങ്ങനെയാണ്‌ തന്റെ തട്ടിപ്പിന്‌ സുരക്ഷാവലയം തീര്‍ത്തിരുന്നത്‌ എന്നതിന്‌ ഒരു ഉദാഹരണം മാത്രമാണ്‌ ഈ ചിത്രം. മോന്‍സന്റെ ഏറ്റവും അധികം സൗഹൃദവലയത്തിലുള്ളവര്‍ ഉന്നത പൊലീസുദ്യോഗസ്ഥരായിരുന്നു എന്നാണ്‌ പറയുന്നത്‌. ഇദ്ദേഹം ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയാവുന്ന നേരത്തും വീട്ടില്‍ അതിഥികളായി രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എന്നാണ്‌ പറയുന്നത്‌.

thepoliticaleditor

ചില്ലിക്കാശ്‌ മാത്രം വിലയുള്ള സാധനങ്ങള്‍ ലക്ഷങ്ങളും കോടികളും വിലയുള്ള പുരാവസ്‌തുക്കളാക്കി ചിത്രീകരിച്ചും ഏറണാകുളത്തും തിരുവനന്തപുരത്തും പണിക്കാരെ വെച്ച്‌ ഉണ്ടാക്കിയ കരകൗശലവസ്‌തുക്കള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അമൂല്യ പുരാവസ്‌തുക്കളാണെന്ന്‌ പ്രചരിപ്പിച്ചും മോന്‍സണ്‍ വിറ്റഴിച്ചതും തട്ടിപ്പ്‌ നടത്തിയതും ഇത്തരം ഉന്നതരുടെ ബന്ധവും സൗഹൃദവും ഉപയോഗിച്ച്‌ വിശ്വാസ്യത വര്‍ധിപ്പിച്ചായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പാട്ടിലാക്കി തട്ടിപ്പിന് സംരക്ഷണം

അതായത്‌ ഇത്തരം തട്ടിപ്പുവീരന്‍മാര്‍ക്ക്‌ വിശ്വാസപത്രമായി മാറാന്‍ ഈ സംസ്ഥാനത്തെ ഉന്നത നിയമ പാലകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒന്നും ഒരു സംശയവും ഉണ്ടായിരുന്നില്ല.!! ഡി.ജി.പിയും ഡി.ഐ.ജിമാരും ഉൾപ്പടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വരെ പാട്ടിലാക്കി തട്ടിപ്പിന് സംരക്ഷണം ഒരുക്കാൻ ഇയാൾക്കായി. 10 കോടി​യുടെ തട്ടി​പ്പി​ന് ഇരയായവർ പൊലീസി​നെ പലവട്ടം സമീപി​ച്ചി​ട്ടും നടപടി​ ഉണ്ടാകാത്തതി​നെ തുടർന്ന് മുഖ്യമന്ത്രി​ക്ക് നൽകി​യ പരാതി​യാണ് വഴി​ത്തി​രി​വായത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ ഇയാൾ നി​രീക്ഷണത്തി​ലായി​.

നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ 25 കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ആറ് പേരെ മൂന്നു വർഷത്തോളം വട്ടംകറക്കി​യത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, എം.ടി.ഷമീർ, സിദ്ദീഖ് പുറായിൽ, ഷിനിമോൾ എന്നിവരുടെ പരാതിയിലാണ് മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ശനി​യാഴ്ച രാത്രി​ അറസ്റ്റ് ചെയ്തതത്. കൂട്ടാളികളായ നാലു പേരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. മോൻസണെ ജുഡീഷ്യൽ കസ്‌റ്റഡി​യി​ൽ റി​മാൻഡ് ചെയ്തു.

കെ.സുധാകരനും ബന്ധമെന്ന്‌ ആരോപണം

കെ.പി.സി.സി. പ്രസിഡണ്ട്‌ കെ.സുധാകരന്‍ ദിവസങ്ങളോളം മോന്‍സന്റെ വീട്ടില്‍ താമസിച്ചിരുന്നതായി പറയുന്നു. സുധാകരനുമായി അടുത്ത ബന്ധമാണ്‌ മോന്‍സന്‌ ഉള്ളത്‌. പണമിടപാടുകള്‍ക്ക്‌ ഇടനിലക്കാരനായി മോന്‍സണ്‍ പ്രവര്‍ത്തിച്ചതായും ആരോപണം ഉണ്ട്‌. സുധാകരന്‍ ഇത്‌ നിഷേധിക്കുന്നുണ്ടെങ്കിലും മോന്‍സണുമായുള്ള ബന്ധം നിഷേധിക്കുന്നില്ല. ചികില്‍സയ്‌ക്കായാണ്‌ മോന്‍സനെ സമീപിച്ചിരുന്നതെന്നാണ്‌ സുധാകരന്റെ വാദം.

മാധ്യമപ്രവര്‍ത്തകരെയും കബളിപ്പിച്ചിരുന്നു

മാധ്യമപ്രവര്‍ത്തകരെയും മോന്‍സണ്‍ കബളിപ്പിച്ചിരുന്നു എന്ന്‌ തെളിയിക്കുന്നതാണ്‌ അദ്ദേഹത്തെക്കുറിച്ച്‌ പ്രമുഖ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഫീച്ചറുകള്‍. അല്‍ഭുതമാണ്‌ മോന്‍സന്റെ പുരാവസ്‌തു കലവറ എന്നാണ്‌ ഫീച്ചറുകളില്‍ പറയുന്നത്‌.
ഡോ.മോന്‍സണ്‍ എന്ന്‌ പരിചയപ്പെടുത്തുന്ന മോന്‍സണ്‍ യഥാര്‍ഥത്തില്‍ ആതുരശുശ്രൂഷകന്‍ ആണോ എന്നത്‌ പരിശോധിച്ചു വരികയാണ്‌. നടന്‍ ബാലയുമായി യു-ട്യൂബ്‌ ചാനല്‍ അഭിമുഖത്തില്‍ മോന്‍സണ്‍ താന്‍ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ഡോണള്‍ഡ്‌ ട്രംപിന്റെ കമ്പനിയുമായി ബിസിനസ്‌ നടത്തുന്നയാള്‍ ആണെന്ന്‌ അവകാശപ്പെടുന്നുണ്ട്‌. ഗള്‍ഫ്‌ രാജ്യങ്ങളുടെ ചരിത്രം അടങ്ങിയ ഇസ്ലാമിക്‌ കളക്ഷന്‍സ്‌ താന്‍ വില്‍പന നടത്തിയെന്ന്‌ മോന്‍സണ്‍ അവകാശപ്പെടുന്നതും കാണാം.

‘അമൂല്യ’പുരാവസ്തുക്കളിൽ ഭൂരിഭാഗവും എറണാകുളത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിയത്

മുപ്പതോളം ആഡംബര കാറുകളുണ്ട് ഇയാൾക്ക്. ലംബോർഗി​നി​യും ഫെരാരി​യും ബെൻസും ബെന്റ്ലി​യും തുടങ്ങി​ കോടി​കൾ വി​ലമതി​ക്കുന്ന കാറുകൾ പലതും ഹരി​യാന രജി​സ്ട്രേഷനിലുള്ളതാണ്. കാഴ്ചയിൽ കൗതുകം തോന്നുന്ന എന്തും മോൻസൺ കച്ചവടമാക്കും. അതിന് മേമ്പൊടിയായി ചേർക്കുന്നത് ‘നൂറ്റാണ്ടുകൾ പഴക്കമുള്ളതെ’ന്ന ഡയലോഗും! പത്ത് വർഷം മോൻസണൊപ്പം ജോലി ചെയ്ത അജിയാണ് തട്ടിപ്പുകളെല്ലാം പരാതിക്കാരോട് വെളിപ്പെടുത്തിയത്. ‘അമൂല്യ’പുരാവസ്തുക്കളിൽ ഭൂരിഭാഗവും എറണാകുളത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിയതാണ്. തട്ടിപ്പിന് ഇരയായവർ പണത്തിന് സമീപിക്കുമ്പോൾ വീട്ടിൽ വിളിച്ചുവരുത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും സ്വാധീനവും ഉപയോഗിച്ചാണ് രക്ഷപ്പെട്ടിരുന്നത്.

Spread the love
English Summary: top police officials in the friend circle of fake antique bussinessman monson

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick