Categories
kerala

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സിലബസില്‍ അപാകതയുണ്ടെന്ന് കണ്ടെത്തല്‍…ഇതേ രീതിയില്‍ പഠിപ്പിക്കില്ലെന്ന് വി.സി.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എം.എ.ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയിലെ തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റിലെ വിവാദ പാഠങ്ങള്‍ പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. സിലബസില്‍ പോരായ്മ ഉണ്ടെന്നാണ് കണ്ടെത്തലെന്നും മാറ്റം വരുത്തിയ ശേഷം നാലാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും വി.സി. അറിയിച്ചു. സിലബസില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്നത് 29ന് ചേരുന്ന അക്കാദമിക് സമിതി വിലയിരുത്തും.

വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍

തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റില്‍ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉള്‍പ്പെടുത്തിയതിനാലാണ് ആക്ഷേപമുയര്‍ന്നത്. സിലബസില്‍ അമിത പ്രധാന്യത്തോടെ കാവിവല്‍ക്കരണത്തിന് അനുകൂലമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു പ്രധാന ആക്ഷേപം. ഇതില്‍ കഴമ്പില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും ആശയങ്ങള്‍ ഇതര സര്‍വ്വകലാശാലകളില്‍ ദീര്‍ഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണ്.

thepoliticaleditor

ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എന്ന പുതിയ കോഴ്‌സ് ഏര്‍പ്പെടുത്തിയപ്പോള്‍ പാഠ്യപദ്ധതിയില്‍ ഗവേണന്‍സ് വിഭാഗത്തിനു പ്രാധാന്യം നല്‍കിയില്ലെന്ന് വിദഗ്ധസമിതി അഭിപ്രായപ്പെട്ടു. ഇതുകാരണം പാഠ്യപദ്ധതി അപക്വമായി. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്സ് വിഭാഗത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ആശയങ്ങള്‍ക്കും പ്രാമുഖ്യം ലഭിച്ചില്ലെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നും സമിതി വിലയിരുത്തി. കേരള സര്‍വകലാശാല മുന്‍ പ്രൊ വൈസ്ചാന്‍സലറും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. കെ.എസ്.പവിത്രന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളും കണ്ണൂര്‍ സര്‍വകലാശാല പി.വി.സി. ഡോ. എ.സാബു കണ്‍വീനറുമായ സമിതിയെ ആണ് വിവാദ വിഷയം പഠിക്കാൻ നിയോഗിച്ചിരുന്നത്.

Spread the love
English Summary: syllabus will revise says kannur university vice chancellor

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick