മാസങ്ങളുടെ ഇടവേളക്ക് ശേഷം കവര്‍സ്റ്റോറി വീണ്ടും ഏഷ്യാനെറ്റ് ന്യുസില്‍ പ്രത്യക്ഷപ്പെട്ടപ്പെട്ടപ്പോള്‍ വര്‍ത്തമാനകാല സംഭവങ്ങള്‍ വളരെ കൃത്യമായി സിന്ധു സൂര്യകുമാര്‍ നിരീക്ഷിച്ചു. മലയാളികള്‍ പറയണമെന്ന് ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍ കവർ സ്റ്റോറിയിലൂടെ അവതരിപ്പിക്കപ്പെട്ടു.
മാധ്യമങ്ങള്‍ ഏല്ലാ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ആ വാര്‍ത്തകള്‍ക്കിടയിലെ വാര്‍ത്ത അറിയാനും പ്രേക്ഷകര്‍ക്ക് അവകാശമുണ്ടേല്ലോ. അത് പറഞ്ഞിരുന്നത് കവര്‍സ്റ്റോറി എന്ന പ്രതിവാര പരിപാടിയിലുടെയായിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പോടെ ഏഷ്യാനെറ്റ് ന്യുസിന്റ കവര്‍സ്റ്റോറി മുടങ്ങി. അതാണ് ഇപ്പോള്‍ തിരിച്ച് വന്നിരിക്കുന്നത്.

ഇടവേളക്ക് ശേഷം തിരിച്ച് വന്നപ്പോള്‍, അവസാനം പറഞ്ഞ് നിര്‍ത്തിയ സിപിഎമ്മിന്റ രാഷ്ട്രിയം സിന്ധു സൂര്യകുമാര്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ജി.സുധാകരനും തോമസ് ഐസക്കും ഒന്നുമില്ലാത്ത മന്ത്രിസഭ വരുമെന്ന് പറഞ്ഞാണ് അന്ന് കവര്‍സ്റ്റോറി പിന്‍വാങ്ങിയത്. ഇപ്പോള്‍ അവര്‍ ഇല്ലാത്ത മന്ത്രിസഭയുടെ പ്രശ്‌നങ്ങളാണ് പറഞ്ഞത്. മന്ത്രിമാര്‍ക്ക് ഐ. എം. ജിയില്‍ ഏര്‍പ്പെടുത്തുന്ന പരിപാടിയുടെ വാര്‍ത്ത അവലോകനം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെയും പിടികൂടി.

രണ്ടും മുന്നും വകുപ്പുകള്‍ കൈവശം വെച്ചിട്ടുള്ള ചില മന്ത്രിമാര്‍ പ്രധാന വകുപ്പുകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന സാധാരണക്കാരുടെ പരാതിയാണ് കേട്ടത്. ചിലര്‍ക്ക് മന്ത്രിമാരാണെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും എത്രയോ ശരി. ആഭ്യന്തര വകുപ്പിനെക്കുറിച്ചുള്ള നിരീക്ഷണമാണ് കിറുകൃത്യം. ഒന്നാം പിണറായി സര്‍ക്കാരിലും പോലീസിനെക്കുറിച്ചായിരുന്നു പരാതി.അതിനാല്‍, മന്ത്രിമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ആഭ്യന്തര മന്ത്രിയും പങ്കെടുക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അടുത്ത കാലത്ത് പോലീസ് കാട്ടിക്കൂട്ടിയ സംഭവങ്ങള്‍ ഒന്നൊന്നായി പറയുകയും ചെയ്തു.

കോണ്‍ഗ്രസിലെ സംഭവ വികാസങ്ങളുമായാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. ഉമ്മന്‍ചാണ്ടി രാഷ്ട്രിയം പഠിപ്പിച്ചവരും ഉമ്മന്‍ചാണ്ടിയില്‍ നിന്നും രാഷ്ട്രിയം പഠിച്ചവരും എന്ന പ്രയോഗം എത്രയോ ശരി. അവരൊക്കെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോയല്ലോ? തന്നോടൊപ്പം ഐ ഗ്രൂപ്പില്‍ ആരൊക്കെയുണ്ടെന്ന് രമേശ് ചെന്നിത്തലക്ക് അറിയില്ലെന്ന് കൂടി പറഞ്ഞതോടെ കോണ്‍ഗ്രസിലെ ഇന്നത്തെ കൂടുമാറ്റമാണ് പ്രേക്ഷകരില്‍ എത്തിച്ചത്. ഇനിയൊരു താക്കോല്‍ സ്ഥാനം വന്നാല്‍, (വരുമെന്ന് കവര്‍സ്റ്റോറിക്ക് ഉറപ്പില്ല) ആ സ്ഥാനത്ത് എത്താന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനോ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോ എന്ന മല്‍സരമാണ് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമെന്ന നിരീക്ഷണവും സിന്ധു ഉൾപ്പെടുത്തി. താക്കോല്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട സാമുദായിക നേതാവിന് ഇവരില്‍ ആര് വന്നാലും തര്‍ക്കം ഉണ്ടാകില്ല.

അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, വീരപ്പ മൊയ്‌ലി തുടങ്ങിയവര്‍ ഇതിനേക്കാള്‍ വലിയ പ്രതിസന്ധി പരിഹരിച്ചവര്‍. പുതിയ ടീം വരുേമ്പാള്‍ കാരണവരെ മൂലക്കിരുത്തുന്ന സ്വഭാവം ഗുണം ചെയ്യില്ലെന്ന നിരീക്ഷണമാണ് ശരി.ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ കഴിയില്ല. ഇവരെ മൂലക്കിരുത്താന്‍ ഇപ്പോള്‍ ഒന്നിക്കുന്നവര്‍ നാളെ താക്കോല്‍ സ്ഥാനത്തിന് വേണ്ടി തമ്മലടിക്കില്ലെന്ന് എന്ത് ഉറപ്പ്.?

കോണ്‍ഗ്രസിലെ സ്ത്രീകളുടെയും ദളിതരുടെയും ശബ്ദമാണ് കവര്‍സ്റ്റോറിയിലുടെ കേട്ടത്. ഡി സി സി പ്രസിഡന്റുമാരില്‍ ഈ വിഭാഗക്കാര്‍ ആരുമില്ല. നേതാക്കളുടെ പെട്ടി എടുപ്പുകാരില്‍ ദളിതരും സ്ത്രീകളും ഇല്ലേയെന്ന് ചോദിക്കുന്നത് വനിതയായ മാധ്യമ പ്രവര്‍ത്തക. ദളിതരുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം നേതാക്കളുടെ വിശ്വസ്തരില്‍ മാത്രം അവസാനിപ്പിക്കുന്ന നിയത്തിന് എതിരെയുള്ള ശബ്ദം കൂടിയായി ഇത്തവണത്തെ കവര്‍സ്ഒറ്റോറി. കെ.പി.സി.സിക്ക് ദളിത് പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട ദളിത് നേതാവും തന്റെ നോമിനിയായി ഒരു ദളിതനെയല്ല നിര്‍ദേശിച്ചത്. വനിത നേതാവിന്റ പേരും ആരും പറഞ്ഞില്ല. കൊല്ലത്ത് വേറെ വനിത നേതാവ് ഇല്ലാത്തത് കൊണ്ടായിരിക്കുമോ?

കേരളത്തിലെ കോണ്‍ഗ്രസിന്റ ചരിത്രത്തില്‍ കൊല്ലത്ത് മാത്രമാണ് രണ്ട് തവണ വനിതകള്‍ ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടുള്ളത്.
പശുവിനെ ദേശിയ മൃഗമാക്കണമെന്ന അലഹബാദ് ഹൈകോടതി ഉത്തരവ് അടക്കമുള്ള ജൂഡിഷ്യറിയിലെ ചില വിവാദ ഇത്തരവുകളെ കുറിച്ച് തുറന്ന് പറയാന്‍ സിന്ധു സൂര്യകുമാര്‍ കാട്ടിയ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ.














