• Home
  • North India
  • പാക്കേജ് ടൂര്‍ ഒഴിവാക്കി അജന്ത, എല്ലോറ കാണാന്‍ പോകാം…
Image

പാക്കേജ് ടൂര്‍ ഒഴിവാക്കി അജന്ത, എല്ലോറ കാണാന്‍ പോകാം…

ഇന്ത്യയുടെ വാസ്തുശില്‍പ അല്‍ഭുതങ്ങളായ അജന്ത, എല്ലോറ ഗുഹാസമുച്ചയങ്ങള്‍ കാണാന്‍ ധാരാളം സ്വകാര്യ പാക്കേജ് ടൂര്‍ പ്രോഗ്രാമുകള്‍ ഇപ്പോള്‍ ഉണ്ട്. അതേസമയം പാക്കേജ് ടൂര്‍ അല്ലാതെ സുഖസുന്ദരമായി എല്ലോറ, അജന്ത ഗുഹകള്‍ സന്ദര്‍ശിച്ചു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് എളുപ്പവുമാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ യാത്രയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അനുഭവമായിരിക്കും ലഭിക്കുക. സ്വയം പ്ലാന്‍ ചെയ്ത് യാത്ര നടത്തുന്നവര്‍ക്ക് സഹായകമായ ഒരു കുറിപ്പു കൂടിയാണിത്.
പുരാതന ഗുഹാശില്‍പസ്മാരകങ്ങളില്‍ വിസ്മയം തന്നെയാണ് എല്ലോറയിലെയും അജന്തയിലെയും ഗുഹകള്‍. ഒരു പാക്കേജ് ടൂറിന്റെ സമയക്രമത്തിനകത്ത് ഒതുക്കി ആസ്വദിക്കാവുന്നവയല്ല ഇവ. വെറുമൊരു കാഴ്ച, ഒന്നും കാര്യമായി മനസ്സിലാക്കാതെയുള്ളൊരു ചുറ്റിക്കറങ്ങല്‍ മാത്രമായി ഒതുക്കേണ്ട ഒന്നല്ല എല്ലോറ, അജന്ത സന്ദര്‍ശനം.

മഹാരാഷ്ട്രയിലെ ഔറംഗാബാദ്( ഇപ്പോള്‍ പുനര്‍നാമകരണം ചെയ്ത് ഛത്രപതി സംബാജി നഗര്‍ എന്ന് മാറ്റിയ) ജില്ലയിലാണ് എല്ലോറയും അജന്തയും. സ്വന്തമായി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ഔറംഗാബാദ് ബേസ് സ്റ്റേഷനായി സ്വീകരിച്ച് എല്ലോറയിലും അജന്തയിലും പോയി വരുന്നതാണ് ഏറ്റവും നല്ലത്. കേരളത്തില്‍ നിന്നും ഇവിടേക്ക് മാത്രമായി യാത്ര നടത്തുന്നതിനേക്കാള്‍ ലാഭകരം കുറച്ചു കൂടി കാഴ്ചകള്‍ പ്ലാന്‍ ചെയ്ത് യാത്ര ചെയ്യുന്നതായിരിക്കും. അതിനായി വേണമെങ്കില്‍ ഗോവ സന്ദര്‍ശനം കൂടി ഈ യാത്രാപഥത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഗോവയില്‍ രണ്ടു ദിവസത്തെ കാഴ്ചകള്‍ ആസ്വദിച്ച ശേഷം മഡ്ഗാവില്‍ നിന്നും രാവിലെയുള്ള മുംബൈ-പനവേല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ കൂടാതെ തന്നെ സുഖമായി യാത്ര ചെയ്ത് വൈകീട്ടോടെ മുംബൈയില്‍ എത്താവുന്നതാണ്. അവിടെ അന്ന് രാത്രി തങ്ങിയ ശേഷം പിറ്റേന്ന് അതിരാവിലെ തന്നെ മുംബൈയില്‍ നിന്നും ഔറംഗാബാദിലേക്കു പോകുന്ന പാസഞ്ചര്‍ ട്രെയിനില്‍ കയറി ഉച്ചയ്ക്കു ഔറംഗാബാദില്‍ എത്താനാവും. റെയില്‍വേസ്റ്റേഷനു സമീപത്തോ അല്ലെങ്കില്‍ നഗരഹൃദയഭാഗത്തോ ധാരാളം ഹോട്ടലുകളും ചെറുകിട ലോഡ്ജുകളും ഉണ്ട്. ബജറ്റിനനുസരിച്ച് മുറിയെടുക്കാം. അന്ന് രാത്രി ഔറംഗാബാദില്‍ തങ്ങിയാല്‍ പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണം നേരത്തെ കഴിച്ച് തയ്യാറാവാം.

അജന്ത-എല്ലോറ ഗുഹകളില്‍ ആദ്യം എല്ലോറ കാണാന്‍ പോകുന്നതാണ് നല്ലത്. കാരണം അതാണ് ഔറംഗാബാദില്‍ നിന്നും വളരെ അടുത്ത കേന്ദ്രം. മുറി ചെക്കൗട്ട് ചെയ്യാതെ ലഗ്ഗേജിന്റെ ഭാരമൊന്നുമില്ലാതെ യാത്ര ചെയ്യാം. അജന്തയിലേക്ക് ദൂരം കൂടുതലുള്ളതിനാല്‍ പിന്നീട് അവിടെ നിന്നും ഔറംഗാബാദിലേക്ക് തിരിച്ചു വരാതെ തന്നെ യാത്ര തുടരുകയും ചെയ്യാം.

എല്ലോറ വഴി പോകുന്ന ധാരാളം ബസ്സുകള്‍ ഉണ്ട്. 38 കിലോമീറ്റര്‍ ആണ് എല്ലോറയിലേക്ക് ദൂരം. രാവിലെ ഒരു എട്ടുമണിക്ക് പുറപ്പെട്ടാല്‍ ഒന്‍പത് മണിക്കകം എല്ലോറ ഗുഹകളിലേക്കു പോകുന്ന ടി-ജങ്ഷനില്‍ ബസ്സിറങ്ങാം. അവിടെ നിന്നും ലോക്കല്‍ ഷെയര്‍ ഓട്ടോ ഉള്‍പ്പെടെയുളളവയില്‍ കയറി അനായാസം എല്ലോറയില്‍ എത്താം.

നമുക്കു തന്നെ പ്രവേശന ടിക്കറ്റെടുത്ത് മുന്നോട്ടു പോകുമ്പോള്‍ ഗൈഡുകള്‍ സമീപിക്കും. സര്‍ക്കാര്‍ മുദ്രയുള്ള ഗൈഡിന്റെ സേവനം ഉപയോഗിക്കണമെങ്കില്‍ അതാവാം. എത്ര വേഗത്തില്‍ നടന്നു കണ്ടാലും വൈകീട്ടാവാതെ ഒരു വിധത്തില്‍ ഓട്ടപ്രദിക്ഷണം നടത്തിത്തീര്‍ക്കല്‍ സാധ്യമാവില്ല. നേരത്തെ തന്നെ അല്‍പം ഗൃഹപാഠം ചെയ്തിട്ടുണ്ടെങ്കില്‍ ഈ സമയത്ത് ഗുണം ചെയ്യും. നമ്മള്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ട ചില ഗുഹകളും കാഴ്ചകളും ഉണ്ട്. അവ നേരത്തെ അറിഞ്ഞുവെക്കുന്നത് നല്ലതാണ്- ഉദാഹരണത്തിന് പതിനാറാം നമ്പര്‍ ഗുഹ. ഇവിടുത്തെ കൈലാസ ക്ഷേത്രവും കല്‍ത്തൂണുകളും മണ്ഡപങ്ങളും അനുബന്ധ ശില്‍പങ്ങളും ഒരു മഹാല്‍ഭുതം തന്നെയാണ്.

അജന്ത ഗുഹാ ചിത്രങ്ങള്‍

അജന്തയിലും എല്ലോറയിലും ഫോട്ടോഗ്രാഫി അനുവദനീയമാണ്. അതിനാല്‍ ആവശ്യമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. പ്രധാന ഗുഹകള്‍ വിട്ടു പോകരുത്. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ലഘുഭക്ഷണവും വെള്ളവും കയ്യില്‍ കരുതണം എന്നതാണ്. ഗുഹകളില്‍ നിന്നും ഗുഹകളിലേക്കുള്ള പ്രയാണത്തില്‍ നമ്മള്‍ ശരിക്കും ക്ഷീണിച്ചു പോകും. ഗുഹകള്‍ക്കടുത്ത് എവിടെയും ഭക്ഷണസ്റ്റാളുകള്‍ ലഭ്യമല്ല. അതിനാല്‍ വെള്ളവും മറ്റും കരുതിയില്ലെങ്കില്‍ നമ്മള്‍ പെട്ടു പോകും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അജന്തയില്‍ തിങ്കളാഴ്ചയും എല്ലോറയില്‍ ചൊവ്വാഴ്ചയുമാണ് അവധി ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ സന്ദര്‍ശനം പ്ലാന്‍ ചെയ്യാതിരിക്കുക.

എല്ലോറ ഗുഹകള്‍ മുഴുവനായി കണ്ടതിനു ശേഷം അന്ന് വൈകീട്ടോടെ ഔറംഗാബാദിലേക്കു തന്നെ തിരിച്ചു പോകുന്നതാണ് നല്ലത്. താമസസൗകര്യം ലാഭകരമായി കിട്ടാന്‍ ഇതാണ് ഉചിതം. രണ്ടാം രാത്രിയും അവിടെ തങ്ങിയ ശേഷം പിറ്റേന്ന് കാലത്ത് അജന്ത ഗുഹകളിലേക്ക് ബസ്സിലോ ട്രെയിനിലോ പോകാം. കാരണം 102 കിലോമീറ്റര്‍ റോഡ് ദൂരമുണ്ട് അജന്തയിലേക്ക്. ഇഷ്ടം പോലെ ബസ്സുകളുണ്ട്- രണ്ടര മൂന്ന് മണിക്കൂര്‍ നേരം കൊണ്ട് അവിടെത്താം.

അജന്ത ഗുഹാ ചിത്രങ്ങള്‍

അജന്ത ഗുഹകള്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വീണ്ടും ഔറംഗാബാദിലേക്ക് തിരികെ വരേണ്ടതില്ല. അതിനാല്‍ മുറി ചെക്കൗട്ട് ചെയ്ത് ലഗ്ഗേജുമായിത്തന്നെ യാത്ര തുടങ്ങുക. വൈകീട്ട് അജന്താക്കാഴ്ചകള്‍ക്കു ശേഷം നേരെ ബസ്സ് പിടിച്ച് ജല്‍ഗാവ് റെയില്‍വേസ്റ്റേഷനിലേക്ക് പോയാല്‍ മതി- 50 കിലോമീറ്റര്‍ മാത്രമാണ് ദൂരം. അതേസമയം എല്ലോറയില്‍ നിന്നാണെങ്കില്‍ ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ഔറംഗാബാദ് ആണു താനും. മുംബൈയിലേക്ക് ഈ രണ്ട് സ്‌റ്റേഷന്‍ വഴിയും ധാരാളം ട്രെയിനുകള്‍ ഓടുന്നുണ്ട്.

എലിഫെന്റാ ഗുഹ

ആദ്യ ദിനത്തില്‍ എല്ലോറയില്‍ നിന്നും ഔറംഗാബാദിലേക്ക് മടങ്ങുംവഴി സമയം ഉണ്ടെങ്കില്‍ മറ്റൊരു ചരിത്രാനുഭവത്തിലൂടെ കൂടി സഞ്ചരിക്കാവുന്നതാണ്. ഔറംഗാബാദിലേക്ക് നേരിട്ട് പോകാതെ ഇടയ്ക്ക് ദൗലത്താബാദില്‍ ബസ്സിറങ്ങുക. അവിടെയാണ് അവസാനത്തെ മുഗള്‍ചക്രവര്‍ത്തിയായ, വിവാദ പുരുഷന്‍ കൂടിയായ ഔറംഗസീബ് അന്ത്യവിശ്രമം കൊള്ളുന്ന ഇടം. അവസാന കാലത്ത് ലളിത ജീവിതം നയിച്ച, തൊപ്പി തുന്നി കിട്ടിയ വരുമാനം കൊണ്ട് ജീവിച്ച ആ മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടീരം യാതൊരു ആര്‍ഭാടവുമില്ലാതെ ഒരു ദര്‍ഗയ്ക്കകത്ത് നമുക്ക് കാണാന്‍ കഴിയും. ഒരു സാധാരണക്കാരന്റെ ഖബര്‍ പോലെ ഏറ്റവും ലളിതമായൊരു കാഴ്ചയായി നിറയും. സ്വന്തം ജീവിതാഭിലാഷമായിരുന്നുവത്രേ ഔറംഗസീബ് എന്ന മുഗള്‍ ചക്രവര്‍ത്തിക്ക് ഇങ്ങനെ അനാര്‍ഭാടമായി ഓര്‍മകളില്‍ നിലനില്‍ക്കാന്‍. ഖബറിനെ നോക്കി നടത്തുന്നയാള്‍ക്ക് എന്തെങ്കിലും ചില്ലറ നല്‍കിയാല്‍ അത് സന്തോഷത്തോടെ വാങ്ങി നിങ്ങള്‍ക്ക് ഒരു ചന്ദനത്തിരി നല്‍കും. അത് കത്തിച്ച് ഖബറിടത്തില്‍ വെച്ച് ആദരവര്‍പ്പിച്ച് നമുക്ക് മടങ്ങാം.

എലിഫെന്റാ ഗുഹ

മുംബൈയില്‍ തിരിച്ചെത്തിയാല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും ജലയാനത്തില്‍ ടിക്കറ്റെടുത്ത് നമുക്ക് എലിഫെന്റാ ഗുഹയിലേക്ക് യാത്ര നടത്താം. ഒരു മുഴുവന്‍ പകല്‍ ചെലവഴിച്ച് കാണേണ്ടതാണ് എലിഫെന്റാ ഗുഹകളും അതിന്റെ കുന്നിന്‍പുറത്തുള്ള മറ്റു കാഴ്ചകളും. വൈകീട്ട് ബോട്ടില്‍ തിരിച്ച് മുംബൈയില്‍ എത്തുകയും ചെയ്യാം.

ഔറംഗാബാദ് ഒരു പുരാതന നഗരമാണ്. മുഗള്‍ സംസ്‌കാരത്തിന്റെ ഒരു പാട് സ്മാരകങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു നഗരം. ഒരു ദിവസം അവിടെ ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ മറക്കാനാവാത്ത കുറേ കാഴ്ചകള്‍ കാണാം. താജ് മഹലിന്റെ മാതൃകയില്‍ പണിത ‘ബീബി കാ മക്ബറ’ മുതല്‍ ‘പഞ്ചക്കി’ വരെ. ഔറംഗാബാദിന്റെ വിശേഷങ്ങള്‍ മറ്റൊരു കുറിപ്പില്‍ പറയാം.

Leave a Reply

Your email address will not be published. Required fields are marked *

പാക്കേജ് ടൂര്‍ ഒഴിവാക്കി അജന്ത, എല്ലോറ കാണാന്‍ പോകാം… - The Political Editor