ഇന്ത്യയിലെ സ്‌കോട്ട്‌ലാന്‍ഡ് എന്നറിയപ്പെടുന്ന ഹില്‍സ്റ്റേഷനാണ് കുടക്. മലബാറുകാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന രമണീയമായ വിശ്രമസഞ്ചാരകേന്ദ്രം കൂടിയാണ് കൂര്‍ഗ് എന്നു കൂടി അറിയപ്പെടുന്ന കുടക്. കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക നാട് പോലെ തോന്നിക്കുമെങ്കിലും സത്യത്തില്‍ കുടക് കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. അതിന്റെ തലസ്ഥാനമാണ് മടിക്കേരി. മടക്കേരിയെ ബ്രിട്ടീഷുകാര്‍ മെര്‍ക്കാറ എന്നാണ് വിളിച്ചുവന്നത്. മെര്‍ക്കാറയില്‍ ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ ഒരു പാട് സ്മാരകങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിച്ചു നില്‍ക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിൽ കർണാടകയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കുടക് അഥവാ കൂർഗ്. കേരളത്തിലെ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ കൂർഗുമായി അതിർത്തി പങ്കിടുന്നു.വയനാട് ജില്ലയോട് സമാനമായ ഭൂപ്രകൃതിയാണ് കുടകിനുള്ളത്. അഞ്ചര ലക്ഷം ജനങ്ങളിൽ കുടഗരെയും കന്നടിഗരെയും കൂടാതെ ഒന്നര ലക്ഷത്തിലധികം മലയാളികളും ഉണ്ട് . കാപ്പിയാണ് പ്രധാന കൃഷി.മടിക്കേരിയാണ് ജില്ലാ ആസ്ഥാനം.

മടിക്കേരിയിലും കുടകിലും ശരിക്കും രണ്ടു ദിവസം പൂര്‍ണമായും ആസ്വദിക്കാവുന്ന അതി മനോഹരവും ഏറെ അതിശയം ഉണ്ടാക്കുന്നതുമായ കാഴ്ചകളുണ്ട്. ഇത് പലരും തിരിച്ചറിഞ്ഞല്ല യാത്ര ചെയ്യാറ്. ചിലപ്പോള്‍ ഒറ്റ ദിവസം കൊണ്ട് വെറുതേ ഒന്നു കറങ്ങിവരാനുള്ള യാത്രയാണ് മിക്കവരും പ്ലാന്‍ ചെയ്യുക. ഇത് പാഴ്‌ച്ചെലവാണെന്ന് പറയേണ്ടതില്ലല്ലോ. മടിക്കേരി നഗരത്തിലെ കാഴ്ചകള്‍ തന്നെ ഒരു ദിവസം ആസ്വദിക്കാന്‍ മാത്രമുണ്ട്. തണുപ്പുകാലത്താണെങ്കില്‍ അവിടുത്തെ രാത്രിയുടെ മഞ്ഞുമൂടിയ സൗന്ദര്യം അനിര്‍വ്വചനീയമാണ്. മടിക്കേരിക്കടുത്താണ് തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ കുന്നിന്‍ പ്രദേശമായ തടിയന്റമോള്‍. ഇവിടെ ഹോം സ്‌റ്റേകളുണ്ട്. മടിക്കേരി എത്തുന്നതിനു മുമ്പേ വീരാജ് പേട്ടയിലെത്തിയാല്‍ അവിടെ കക്കബെ എന്ന പ്രദേശത്തെ ഇഗ്ഗുത്തപ്പ ടെംബിള്‍ അതി പുരാതനവും ഐതിഹ്യ പ്രസിദ്ധവും ഒപ്പം പുരാണപ്രസിദ്ധമായ കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ അന്നദാനവും മറ്റും ഉള്ളതുമായ കുടകരുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ്. ഇവിടെ സന്ദര്‍ശിക്കുന്നത് ഒരനുഭവം തന്നെയാണ്.

കക്കബെയില്‍ തന്നെയാണ് മടിക്കേരി രാജാക്കന്‍മാരുടെ സമ്മര്‍പാലസ് ആയ നല്‍ക്ക് നാട് പാലസ്. ഇവിടുത്തെ കൊത്തുവേലകളും അകത്തളങ്ങളുടെ പൗരാണിക ഭംഗിയും എടുത്തുപറയേണ്ടതാണ്. നല്‍ക് നാട് പാലസ് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ്. മടിക്കേരിയില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന തലക്കാവേരി ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ്. തലക്കാവേരി ബ്രഹ്‌മഗിരി മലയിലെ ഉയര്‍ന്ന സ്ഥലത്തെ ആത്മീയ കേന്ദ്രമാണ്. അടിവാരമായ ബാഗമണ്ഡലയില്‍ നിന്നും റോഡ് മാര്‍ഗം തലക്കാവേരിയിലെത്താം. ഇവിടെ നിന്നാണ് കാവേരി നദി ഉല്‍ഭവിക്കുന്നത്. കാവേരിയുടെ ജലസമൃദ്ധി നിറഞ്ഞ ഒരു വലിയ കുളം ഈ മലമുകളിലെ ക്ഷേത്രപരിസരത്ത് നമുക്ക് കാണാം. ബാഗമണ്ഡലയില്‍ ഒരു ദിവസം താമസിച്ച് തലക്കാവേരി കാണുന്നത് മികച്ചൊരു അനുഭവം തന്നെയാണ്, അതിന് സാവകാശമുള്ള യാത്രയാണെങ്കില്‍. അല്ലെങ്കില്‍ തിരിച്ച് മടിക്കേരി വന്ന് അവിടെ രാജാസ് സീറ്റ് ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ ആസ്വദിച്ച് രാത്രി മടിക്കേരി ടൗണില്‍ താമസിച്ചാല്‍ മതി.

മടിക്കേരിയില്‍ നിന്നും കുശാല്‍നഗറിലേക്കുള്ള യാത്ര രണ്ടാം ദിവസം നമ്മള്‍ക്ക് നല്‍കുക അതിശയങ്ങളുടെ ഖനിയാണ്. ദുബാരെ ആനസങ്കേതം, കാവേരീതീരത്തെ നിസര്‍ഗധാം നാച്ചുറല്‍ വന്യജീവി പാര്‍ക്ക്, കുശാല്‍ നഗറിലെ ഗോള്‍ഡന്‍ ടെംബിളും ബുദ്ധിസ്റ്റ് ഗ്രാമവും- എല്ലാം നമുക്ക് സമ്മാനിക്കുക വലിയ അത്ഭുതങ്ങളത്രേ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബുദ്ധിസ്റ്റ് സെറ്റില്‍മെന്റ് ആണ് കുശാല്‍ നഗര്‍. ഇവിടുത്ത സുവര്‍ണക്ഷേത്രം കാണുക എന്നത് അപൂര്‍വ്വസുന്ദരമായ അനുഭവമാണ്. നമ്മള്‍ നേപ്പാളിലോ ടിബറ്റിലോ എത്തിയതു പോലെ തോന്നും ഇവിടെ എത്തിയാല്‍. രാവിലെ മുതല്‍ വൈകീട്ടു വരെ അവിടെ ചെലവഴിച്ച് ക്ഷേത്രത്തിലെ ചടങ്ങുകളും കാഴ്ചകളും കണ്ട്, ബുദ്ധസന്ന്യാസിമാര്‍ക്കൊപ്പം ഫോട്ടോകളെടുത്ത്, ബുദ്ധഗ്രാമത്തിലെ വിശാലമായ ഷോപ്പിങ് സെന്ററുകളില്‍ അലഞ്ഞു നടന്ന് പലതരം വസ്ത്രങ്ങളും കൗതുകവസ്തുക്കളും ആഭരണങ്ങളും വാങ്ങി ഉല്ലാസയാത്രയുടെ രണ്ടാം ദിവസം അവിസ്മരണീയമാക്കാനാവും. അവിടെ തന്നെ ഹോംസ്‌റ്റേകളില്‍ താമസത്തിനും അവസരമുണ്ട്. മൂന്നാം ദിനം നേരെ കുശാല്‍ നഗറില്‍ നിന്നും മൈസൂരിലേക്ക് പോകാനും എളുപ്പമാണ്. മൈസൂരും നമ്മുടെ യാത്രയില്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്നു നാലു ദിവസത്തെ അതിമനോഹരമായ ടൂര്‍ പ്രോഗ്രാമാക്കി മാറ്റാനുള്ള എല്ലാ ഗാംഭീര്യവും കുടകിലേക്കുളള യാത്രയിലുണ്ട്. .അതിനാല്‍ ഒററ ദിവസം ഒന്ന് വാഹനവുമെടുത്ത് കുടകില്‍ കറങ്ങിവരികയെന്ന മണ്ടത്തരത്തിന് നില്‍ക്കാതിരിക്കുകയാണ് ബുദ്ധിപരം എന്ന് ഉറപ്പായും പറയുന്നു.
രാജാസ് സീറ്റ്
മടിക്കേരിയിലെ ഏറ്റവും രമണീയമായ സന്ദർശന കേന്ദ്രമാണ് രാജാസ് സീറ്റ്. കൊടക് രാജാക്കന്മാർ സൂര്യാസ്തമയം ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു പൂന്തോട്ടമാണിത്. മടിക്കേരി ബസ് സ്റ്റാൻഡിൽ നിന്ന് വെറും ഒരു കിലോമീറ്റർ അകലെയാണ് ഇത്.
കൂർഗിലെ പച്ച കുന്നുകളെയും താഴ്‌വരകളെയും പശ്ചാത്തലമാക്കിയ അതിമനോഹരമായ ഒരു പൂന്തോട്ടവും ഒപ്പം പ്രകൃതി ദൃശ്യം ആസ്വദിക്കാനുള്ള വ്യൂ പോയിന്റും ആണ് ഈ രാജാവിന്റെ ഇരിപ്പിട സ്ഥലം.
മനോഹരമായ ഒരു സായാഹ്നം ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്. സൂര്യൻ അസ്തമിക്കുന്നതിന്റെ ആസ്വാദകരമായ കാഴ്ചയും വിസ്മയിപ്പിക്കുന്നതാണ്. മനോഹരമായ പൂന്തോട്ടം ധാരാളം പുഷ്പങ്ങളാലും പൂക്കളും ചെടികളും വെട്ടിയൊതുക്കി നിർമിച്ച രൂപങ്ങളാലും, മൃഗങ്ങളുടെയും പക്ഷികളുടെയും കൂറ്റൻ പ്രതിമകളാലും അലങ്കരിച്ചിരിക്കുന്നു. വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന സായാഹ്‌ന ഉല്ലാസത്തിന്റെ കേന്ദ്രമായി ഇത് മാറുന്നു.

പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന താഴ്‌വരകളുടെ മേൽനോട്ടത്തിൽ ഉയർന്ന നിലയിലാണ് രാജാ ഇരിപ്പിടം നിർമ്മിച്ചിരിക്കുന്നത്. അതിരാവിലെ സാധാരണയായി മൂടൽമഞ്ഞും തണുപ്പും ആയിരിക്കും, പക്ഷേ സൂര്യൻ ഉദിക്കുമ്പോൾ മൂടൽ മഞ്ഞ് തെളിഞ്ഞു, വർണ്ണാഭമായ സീസണൽ പൂക്കളുടെ കിടക്കകളാൽ അലങ്കരിച്ച പച്ചനിറത്തിലുള്ള പൂന്തോട്ടങ്ങളുടെ മനസ്സിനെ ഇളക്കിവിടുന്നു.
പർവതങ്ങൾക്കപ്പുറം സൂര്യൻ അസ്തമയം മറയുന്നതോടെ ഇരുൾ പരക്കാൻ തുടങ്ങുന്നത് ഒരു പ്രത്യേക വൈബ് സൂര്യാസ്തമയം നമുക്ക് നൽകുന്നത് അത്രയ്ക്ക് മനോഹരമാണ്. കുഞ്ഞുങ്ങൾക്ക് യാത്ര ചെയ്യാൻ ഒരു ടോയ് ട്രെയിനും വൈകുന്നേരം എട്ടു മണിക്ക് മ്യൂസിക്കൽ ഫൗണ്ടനും ഉണ്ട്.
പൂന്തോട്ടത്തിൽ നിർമ്മിച്ച ഒരു വലിയ അർദ്ധവൃത്താകൃതിയിലുള്ള പവലിയനാണ് രാജയുടെ സീറ്റ്. ഇതിനു മുന്നിലെ വ്യൂ പോയിൻറ് ലോകോത്തരമായ കാഴ്ച നൽകുന്ന ഇരിപ്പിടങ്ങളുടെ വിശാലമായ ചരിവാണ്.
സന്ദർശകർക്ക് താഴെയുള്ള പച്ചപ്പ് താഴ്‌വരയുടെ മികച്ച കാഴ്ച ലഭിക്കുന്ന തരത്തിൽ ഇത് സ്ഥിതിചെയ്യുന്നു.
സൂര്യാസ്തമയം കാണുന്നതിന് വൈകുന്നേരങ്ങളിൽ തിരക്ക് കൂടുതലാണ്. കാരണം സൂര്യാസ്തമയവും സൂര്യോദയവും അനുഭവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. വൈകുന്നേരം ഒരു നാല്-അഞ്ച് മണിക്ക് പ്രവേശന ടിക്കറ്റെടുത്ത് രാജാസ് സീറ്റ് ഉദ്യാനത്തിലേക്ക് പ്രവേശിച്ചാല്‍ രാത്രിയാവുന്നതു വരെ പ്രകൃതിയുടെ ദൃശ്യവിരുന്നാണ്. എത്ര നേരം ഇവിടെയിരുന്നാലും മതിയാവാത്ത അനുഭവമാണ്.
നാഗർ ഹോള ടൈഗർ റിസർവ്
കടുവയും പുലിയും ആനയും കരടിയും കാട്ടുപോത്തുമെല്ലാം വിഹരിക്കുന്ന പ്രശസ്ഥമായ വനമേഖല സഞ്ചാരികളെ കാത്തിരിക്കുന്നു.
സഫാരി സമയം രാവിലെ 6-9 Am
ഉച്ചക്ക് 1-5 pm,
ടിക്കറ്റ് -350 രൂപ, ക്യാമറ 70mm വരെ 200, അതിന് മുകളിൽ 400രൂപ
ഇരുപ്പ് വെള്ളച്ചാട്ടം
ബ്രഹ്മഗിരി മലനിരകളുടെ ഒരു സമ്മാനമാണ് ഇരുപ്പ് വെള്ളച്ചാട്ടം .
വയനാട് – കൂർഗ് അതിർത്തിയായ കുട്ടയിൽ നിന്നും 9 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. കാവേരിയുടെ പോഷക നദിയായ ലഷ്മണ തീർത്ഥയിലുള്ള ഈ വെള്ളച്ചാട്ടം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
വെള്ളച്ചാട്ടത്തിന് താഴെ വെള്ളം ഒഴുകി വരുന്ന ഭാഗത്ത് അപകടരഹിതമായി വെള്ളത്തിൽ ഇറങ്ങി കാട്ടാറിന്റെ കുളിരും തുടിപ്പും തൊട്ടറിയാൻ കഴിയും എന്നൊരു സൗകര്യവും ഇവിടെയുണ്ട്..
സമയം 8Am – 5.30 pm
ടിക്കറ്റ് 50 രൂപ.
പാർക്കിംഗ് ഏരിയ , ടോയിലറ്റ് സൗകര്യങ്ങൾ ഉണ്ട് . നല്ല ഭക്ഷണവും ലഭ്യമാണ്. ടിക്കറ്റ് കൗണ്ടറിൽ നിന്നും 750 മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിൽ എത്താം. വെള്ളച്ചാട്ടം വരെ നീളുന്ന ഇരുമ്പ് പ്ലാറ്റ് ഫോമിൽ നിന്ന് സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യം ഉണ്ട്. മഴക്കാലം ഇതിന്റെ കുറച്ച് അപ്പുറത്ത് റിവർ റാഫ്റ്റിങ് ഉണ്ടാകാറുണ്ട്.
ദുബ്ബാര ആന പാർക്ക്
ആനകളോടൊത്ത് സമയം ചിലവഴിക്കാം പുഴയിൽ കുളിക്കാം ആനകളെ കുളിപ്പിക്കാം . ടിക്കറ്റ് 20, ആനക്കുളി ടിക്കറ്റ് 100. സന്ദർശന സമയം 9 – 11, 4.30 – 5.30
നിസർഗ്ഗധാമ നാച്ചുറൽ പാർക്ക്
മടിക്കേരി – കുശാൽ നഗർ റൂട്ടിൽ കുശാൽനഗറിനു സമീപം ആണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. പ്രവേശനകവാടത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന തൂക്കുപാലം നല്ല ഒരു കാഴ്ച തന്നെയാണ്. ഈ പാലത്തിന്റെ താഴെ ഉള്ള പുഴയിൽ പെഡൽ ബോട്ടിംഗ് ഉണ്ട്. കർണാകയിലെ തനതു കലാരൂപങ്ങളുടെ ശില്പങ്ങളും, സ്കിപ്പ് ലൈനും, ഡീർ പാർക്കും, മുളങ്കാടുകളും എല്ലാം മനോഹരമായ കാഴ്ചകൾ തന്നെയാണ്. ആന സവാരിയും ചിലപ്പോൾ ഉണ്ടാവാറുണ്ട്.
കുശാൽ നഗർ
നാംഡ്രോലിംഗ് മൊണാസ്ട്രിയും ഗോൾഡൻ ടെംപിളും ഇവിടെയാണ്.
5000 ത്തിലധികം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ സെറ്റിൽമെന്റ് ആണിത്. ഇവിടെ ടിബറ്റൻ ഭക്ഷണം രുചിക്കാം, അവരുടെ ആചാര രീതികളും ശൈലികളും കാണാം. പ്രാർത്ഥന സമയങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്.
മണ്ടൽപെട്ടി പീക്ക്
പുലർച്ചെ സൂര്യോദയം അല്ലെങ്കിൽ വൈകുന്നേരം സൂര്യാസ്തമയം കാണാൻ സാധിക്കുന്ന വിധത്തിൽ ഇവിടം സന്ദർശിക്കുന്നതാവും നല്ലത്. കുറച്ച് ഓഫ് റോഡ് ആയതിനാൽ,നമ്മുടെ കാർ ടിക്കറ്റ് കൗണ്ടറിനടുത്ത് പാർക്ക് ചെയ്യേണ്ടി വരും. ജീപ്പ് വാടകക്ക് ലഭ്യമാണ് (1500-2000) ഇരുചക്രവാഹനങ്ങൾ സുഖമായി പോകും. നടന്നും പോകാം.
അബ്ബി ഫാൾസ്
പ്രശസ്തമായ വെള്ളച്ചാട്ടം . മടിക്കേരി ടൗണിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം.
മടിക്കേരി കോട്ട
മടിക്കേരി ടൗണിൽ ലിംഗ രാജേന്ദ്ര എന്ന രാജാവിന്റെ ശവകുടീരം, പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച കോട്ട , കൊട്ടാരം ( കൊട്ടാരം ഇപ്പോൾ കോടതി ആയാണ് ഉപയോഗിക്കുന്നത് )എന്നിവ ഉണ്ട്. കോട്ടക്കുള്ളിൽ ചെറിയ ഒരു മ്യൂസിയവുമുണ്ട്. സമയം രാവിലെ 9 – വൈകീട്ട് 5.30
തലക്കാവേരി
1276 മീറ്റർ ഉയരെ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ് പുണ്യ നദിയായ കാവേരി ഉത്ഭവിക്കുന്നത്. മനോഹരമായ ഈ വലിയ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനമുണ്ട്. പൊതു ഗതാഗത സംവിധാനം കുറവാണ്. മടിക്കേരിയിൽ നിന്ന് 43 കിലോമീറ്റർ ദൂരമുണ്ട്. കോട മഞ്ഞ് ഉള്ള സമയങ്ങളിൽ അതിമനോഹരം ആണ് ഈ സ്ഥലം.ബാഗ മണ്ഡലയിൽ ഭഗന്ദേശ്വര ക്ഷേത്രവും ത്രിവേണി സംഗമവും ഉണ്ട്. ബാഗമണ്ഡല എത്തിയാൽ 33 km ആണ് മടിക്കേരിയിലേക്കുള്ള ദൂരം.
രാജാസ് ടോംബ്
മടിക്കേരി ടൗണിനു സമീപം തന്നെയുള്ള വിശാലമായ ശവകുടീരസമുച്ചയമാണിത്. മടിക്കേരി രാജാക്കന്‍മാരുടെ അന്ത്യവിശ്രമസ്ഥലങ്ങള്‍. പൗരാണിക വാസ്തുകൗതുകമുളള ശവകുടീരങ്ങളും അതടങ്ങിയ നിര്‍മ്മിതികളും. രസകരമായ കാര്യം എല്ലാറ്റിന്റെയും നിര്‍മ്മാണശൈലി മുഗള്‍ രീതിയിലുള്ളതാണ് എന്നതാണ്. വാഹനപാര്‍ക്കിങിനു സൗകര്യമുണ്ട്.
കുടകിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ സ്വന്തം വാഹനത്തിൽ പോകുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. പല സ്ഥലങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം വളരെ കുറവാണ്. ഓരോ സ്ഥലത്തും ജീപ്പ് വാടകക്ക് എടുക്കേണ്ടി വരും.
കുടകിൽ തങ്ങാൻ ഏറ്റവും പറ്റിയ സ്ഥലം മടിക്കേരിയാണ്. കുശാൽ നഗർ, ഗോണിക്കൊപ്പാൽ, വീരാജ്പേട്ട് എന്നിവിടങ്ങളും പിന്നാലെ ഉണ്ട്. സുരക്ഷിതമായ ഡബിൾ റൂം 1300 രൂപ മുതൽ ലഭിച്ചേക്കും.
എത്തിച്ചേരാൻ
തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്നവർക്ക് തലശ്ശേരിയിൽ നിന്ന് കൊടകിലെ വീരാജ് പേട്ടിലേക്ക് 80 Km ദൂരമേ ഉള്ളു. കർണാടക/ കേരള RTC ബസുകൾ ധാരാളം കിട്ടും. കാസർഗോഡ് നിന്നുള്ളവർക്ക് സുള്ള്യ വഴി മടിക്കേരി എത്താം, കാഞ്ഞങ്ങാട് ഉള്ളവർക്ക് ബന്തടുക്ക സുള്ള്യ വഴി മടിക്കേരി എത്താം അല്ലെങ്കിൽ പാണത്തൂർ വഴിയും കുടകിൽ എത്തിച്ചേരാം.
തിരുവനന്തപുരം ഭാഗത്തു നിന്ന് സ്വന്തം വാഹനത്തിൽ വരുന്നവർ മനന്തവാടി കുട്ട വഴി മടിക്കേരിയിൽ എത്തുകയും മറ്റൊരു വഴിയിലൂടെ തിരിച്ചു പോരണമെങ്കിൽ വീരാജ് പേട്ട, ഇരിട്ടി റോഡ് വഴി തിരികെ പോരുകയും ചെയ്യാം.














