• Home
  • South India
  • പുഴയുടെ നടുവിലെ മനോഹര ദ്വീപില്‍ ഒരടിപൊളി റിസോര്‍ട്ട്…പൊലിയം തുരുത്ത് ഇക്കോ വില്ലേജ്
Image

പുഴയുടെ നടുവിലെ മനോഹര ദ്വീപില്‍ ഒരടിപൊളി റിസോര്‍ട്ട്…പൊലിയം തുരുത്ത് ഇക്കോ വില്ലേജ്

കാസര്‍ഗോഡേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം അതിന്റെ നിസര്‍ഗ സുന്ദരമായ പ്രകൃതിയാണ്. ബേക്കല്‍ക്കോട്ടയും കടല്‍ത്തീരവും പിന്നിട്ട് കാസര്‍ഗോഡേക്ക് എത്തുമ്പോള്‍ എവിടേക്ക് പോകുമെന്ന ചോദ്യത്തിന് ഇതാ ഉത്തരമായി സഞ്ചാരികളെ സ്വീകരിക്കാന്‍ സജ്ജമായി അതിമനോഹരമായൊരു ദ്വീപ്. കര്‍ണാടക വനാതിര്‍ത്തിയില്‍ പ്രകൃതിസുന്ദരമായ ദ്വീപില്‍ ഒരുക്കിയ ഇക്കോ വില്ലേജ് പ്രശാന്തസുന്ദരമായ ദിനരാത്രങ്ങള്‍ ചെലവഴിക്കാന്‍ മോഹിക്കുന്നവര്‍ക്ക് ആനന്ദദായകമായ ഇടമായി മാറുമെന്നുറപ്പാണ്.


കാസര്‍ഗോഡു നിന്നും ബോവിക്കാനം-കുറ്റിക്കോൽ റൂട്ടില്‍ 30 മിനുട്ട് റോഡു സഞ്ചാരം മതി പൊലിയംതുരുത്ത് ഇക്കോ വില്ലേജിലെത്താന്‍. കാസര്‍ഗോഡ് റെയില്‍വേസ്‌റ്റേഷനില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇക്കോ ഐലന്റില്‍ അത്യാധുനികമായ സൗകര്യങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായി ലാന്‍ഡ്‌സ്‌കേപ്പ് ചെയ്തിട്ടുള്ള ഇവിടെ എത്തുമ്പോള്‍ത്തന്നെ മനസ്സിന് സന്തോഷവും ശാന്തതയും നിറയും. എ.സി., നോണ്‍ എ.സി. കോട്ടേജുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ആംഫി തിയേറ്റര്‍, കോട്ടേജുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം, സ്വാദിഷ്ട വിഭവങ്ങള്‍ വിളമ്പുന്ന വിശാലമായ റസ്റ്ററന്റ്, മനോഹരമായ പുല്‍ത്തകിടികള്‍, നടപ്പാതകള്‍, തുറന്ന ഇടങ്ങളിലെ വിശ്രമകേന്ദ്രങ്ങള്‍, കുട്ടികള്‍ക്ക് കളിക്കാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, റിസോര്‍ട്ടുകളില്‍ എല്ലാവരും ആഗ്രഹിക്കുന്ന നീന്തല്‍ക്കുളം എന്നിവയെല്ലാം ഈ ഇക്കോ വില്ലേജിലുണ്ട്. മാത്രമല്ല, പുഴയുടെ കളകളാരവം കേട്ടും, പുഴയ്ക്കപ്പുറത്തെ റിസര്‍വ്വ് വനത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ചും ദ്വീപിനു ചുറ്റും നടന്നു കാണാനായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പ്രഭാത-സായാഹ്നനടത്തങ്ങള്‍ നമ്മുടെ മനസ്സിന് നല്‍കുന്ന ഉണര്‍വ്വും ഊര്‍ജ്ജവും ഒന്നു വേറെ തന്നെയാണ്. ഇക്കോവില്ലേജിലേക്ക് പ്രവേശിക്കാന്‍ പുഴയ്ക്കു കുറുകെ സുന്ദരമായ ഒരു തൂക്കുപാലം ഉണ്ട്. തൂക്കുപാലത്തില്‍ നിന്നുള്ള പുഴയുടെയും വനതത്തിന്റെയും വിദൂരദൃശ്യങ്ങള്‍ മനം മയക്കുന്നതു തന്നെയാണ്.

സാധാരണക്കാര്‍ക്കു പോലും താങ്ങാന്‍ കഴിയും വിധമുള്ള നിരക്കുകളാണ് ഇക്കോ വില്ലേജിലെ സേവനങ്ങള്‍ക്ക് ഈടാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കാസര്‍ഗോഡ് വരുന്നവര്‍ക്ക് എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ഹാങ് ഔട്ട് ആയി മാറുന്ന ബജറ്റ് പാര്‍പ്പിടകേന്ദ്രം എന്ന നിലയില്‍ പ്രാധാന്യം നേടാനാണ് പൊലിയം തുരുത്ത് ഇക്കോ വില്ലേജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന സഹകരണസംഘം ആണ് ഇക്കോവില്ലേജിന്റെ ഉടമസ്ഥര്‍. ഹൃദ്യമായ പെരുമാറ്റവും ഉദാരമായ സ്വീകരണസമീപനവും കൊണ്ട് ഇവിടുത്തെ ജീവനക്കാര്‍ സന്ദര്‍ശകരെ തൃപ്തിപ്പെടുത്തുക തന്നെ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

പുഴയുടെ നടുവിലെ മനോഹര ദ്വീപില്‍ ഒരടിപൊളി റിസോര്‍ട്ട്…പൊലിയം തുരുത്ത് ഇക്കോ വില്ലേജ് - The Political Editor