നാൻസി
ഔറംഗാബാദ് എന്ന പേര് ഇപ്പോള്‍ ഔദ്യോഗികമായി നിലവിലില്ല-പകരം ഛത്രപതി സംബാജി നഗര്‍ എന്നാണ് പുതിയ പേര്. പക്ഷേ മഹാരാഷ്ട്രയിലെ ഈ ജില്ലയുടെ അതേ പേരുള്ള തലസ്ഥാന നഗരത്തിന് വെറും ഒരു പേരു മാറ്റത്തിലൂടെ അതിന്റെ ഗതകാല ഗരിമ എടുത്തു കളയാനാവില്ല. കാരണം ഒരിക്കല്‍ മുഗള്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനമായി പ്രശസ്തി നേടിയ ഇടമായിരുന്നു ഔറംഗാബാദ്- സാക്ഷാല്‍ ഔറംഗസീബ് അവസാനകാലത്ത് ജീവിച്ചിരുന്ന നാട്. നിസ്വരില്‍ നിസ്വനായി എല്ലാം ത്യജിച്ച് ജീവിച്ച് മരണമടഞ്ഞ അദ്ദേഹത്തിന്റെ കല്ലറയും ഈ നഗരത്തിനടുത്ത ദൗലത്താബാദിലാണ്.

ഔറംഗാബാദില്‍ സാധാരണ സഞ്ചാരികള്‍ എത്താറുള്ളത് അജന്ത, എല്ലോറ ഗുഹകള്‍ കാണാനുള്ള യാത്രയ്ക്കിടയിലെ ഇടത്താവളം എന്ന നിലയിലാണ്. മഹാരാഷ്ട്രയുടെ ടൂറിസം തലസ്ഥാനം എന്നാണ് ഈ നഗരം അറിയപ്പെടുന്നതും. 1308-ൽ, സുൽത്താൻ അലാവുദ്ദീൻ ഖൽജിയുടെ ഭരണകാലത്ത് ഡൽഹി സുൽത്താനത്ത് ഈ പ്രദേശം പിടിച്ചെടുത്തു .1327-ൽ ഡൽഹി സുൽത്താനേറ്റിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്ന് ദൗലത്താബാദിലേക്ക് മാറ്റി. സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് ഡൽഹിയിലെ ജനങ്ങളെ കൂട്ടത്തോടെ ദൗലത്താബാദിലേക്ക് മാറ്റാൻ ഉത്തരവിട്ടു. 1636-ൽ, അന്ന് ഡെക്കാൻ മേഖലയിലെ മുഗൾ വൈസ്രോയിയായിരുന്ന ഔറംഗസേബ് , നഗരത്തെ മുഗൾ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്തു. 1653-ൽ, ഔറംഗസേബ് നഗരത്തെ ഔറംഗബാദ് എന്ന് പുനർനാമകരണം ചെയ്യുകയും ഡെക്കാൻ മേഖലയുടെ തലസ്ഥാനമാക്കുകയും ചെയ്തു. 1724-ൽ ഡെക്കാൻ പ്രവിശ്യയിലെ മുഗൾ ഗവർണറായിരുന്ന നിസാം അസഫ് ജാ ഒന്നാമൻ മുഗൾ സാമ്രാജ്യത്തിൽ നിന്ന് വേർപിരിഞ്ഞ് സ്വന്തം രാജവംശം സ്ഥാപിച്ചു . ഈ രാജവംശമാണ് ഹൈദരാബാദ് സംസ്ഥാനം സ്ഥാപിച്ചത്. തുടക്കത്തിൽ അവരുടെ തലസ്ഥാനം ഔറംഗാബാദിൽ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഹൈദരാബാദ് സംസ്ഥാനം ഒരു നാട്ടുരാജ്യമായി മാറുകയും 150 വർഷം അങ്ങനെ തുടരുകയും ചെയ്തു. 1956 വരെ ഔറംഗാബാദ് ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. 1960-ൽ ഔറംഗാബാദും മറാത്തി സംസാരിക്കുന്ന മറാത്ത്‌വാഡ പ്രദേശവും മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമായി- ഇതാണ് ഔറംഗാബാദിന്റെ ചരിത്രം.

എന്നാല്‍ ഔറംഗാബാദ് നഗരം തന്നെ സവിശേഷമായ ഒരു പാട് കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കുന്ന പുരാതനമായ ഗാംഭീര്യമുള്ള നഗരമാണ്. ഒരു ദിവസം പൂര്‍ണമായി ഈ നഗരത്തില്‍ ചുറ്റിത്തിരിയുകയാണെങ്കില്‍ ചരിത്രത്തിന്റെ ഏടുകളിലൂടെ കുറച്ചു നേരം യാത്ര ചെയ്ത പ്രതീതി ഉണരും. പട്ടം പറത്തലിലും നാവില്‍ വെള്ളമൂറുന്ന രുചിയുള്ള കബാബിനും പേരുകേട്ട നഗരമാണിത്. ഒപ്പം ഇന്ത്യയില്‍ തന്നെ പേരുകേട്ട സവിശേഷമായ തുന്നല്‍പ്പണികളുള്ള ഷാളുകള്‍ക്കും പ്രസിദ്ധം.

ആദ്യമായി ബീബി കാ മക്ബറ എന്ന രണ്ടാം താജ്മഹലിനെക്കുറിച്ച് പറയാം. കണ്ടാല്‍ താജ്മഹല്‍ തന്നെ. പണിതതും മാര്‍ബിളില്‍ തന്നെ. താജ്മഹല്‍ ഷാജഹാന്‍ തന്റെ പ്രണയിനിക്കുള്ള സ്മാരകമായി പണിതതെങ്കില്‍ ബീബി കാ മക്ബറയ്ക്കും സമാന ചരിത്രമാണുള്ളത്. ഔറംഗസീബ് തന്റെ പത്‌നി ദില്‍റാസ് ബാനു ബീഗത്തിന്റെ സ്മാരകമായി പണിതതാണ് ഈ താജ്മഹല്‍ മാതൃകയിലുള്ള വെണ്ണക്കല്‍ സൗധം. ഔറംഗസീബിന്റെ മകന്‍ അസം ഷായുടെ നേതൃത്വത്തിലാണിത് കമ്മീഷന്‍ ചെയ്തത്. ഷാജഹാന്റെ മകനാണ് ഔറംഗസീബ് എന്നതും ചേര്‍ത്ത് വായിക്കുമ്പോള്‍ ചരിത്രത്തിലെ കൗതുകം ഇരട്ടിയാകും. ഔറംഗസീബിന്റെ അമ്മയുടെ സ്മാരകമാണല്ലോ താജ് മഹല്‍. ഷാജഹാന്റെ മകനും ഇതേ പോലെ സ്വന്തം പത്‌നിക്കായി താജിന്റെ മാതൃകയിലുള്ള സ്മാരകം പണിതു. ബീബി കാ മക്ബറ എന്നാണ് ഇതറിയപ്പെടുന്നത്. ഡെക്കാണിലെ താജ്മഹല്‍ എന്നാണ് ഇതിന് വിശേഷണം. ചരിത്രനഗരത്തിലെ ഏറ്റവും കമനീയവും പ്രശസ്തവുമായ കേന്ദ്രമാണ് ബീബി കാ മക്ബറ.

ഇതു പോലെ സഞ്ചാരികള്‍ക്ക് വളരെ കൗതുകകരമായ ഒരു നിര്‍മ്മിതിയാണ് പഞ്ചക്കി. ഇത് യന്ത്രവല്‍ക്കരണം ഒന്നും നടപ്പാകാത്ത കാലത്തെ അത്യധികം കൗതുകമുണര്‍ത്തുന്ന ഒരു ജലമില്ല് ആണ്. പര്‍വ്വതത്തിലെ നീരുറവയില്‍ നിന്നും വെള്ളം കൊണ്ടുവന്ന് ഒരു വലിയ സംഭരണിയില്‍ നിറച്ച് അതില്‍ നിന്നും ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന സംവിധാനമാണിവിടെ ഉണ്ടായിരുന്നത്. ജലസംഭരണിയും ഊര്‍ജ്ജോല്‍പാദനത്തിനുപയോഗിച്ച കെട്ടിടവുമൊക്കെ ഇപ്പോഴും ഇവിടെയുണ്ട്. സൂഫി സന്യാസിയായ ബാബ ഷാ മുസാഫിറിന്റെ ദര്‍ഗ പഞ്ചക്കിയുടെ സമീപത്തായി ഇപ്പോഴും ഉണ്ട്. പള്ളി, മദ്രസ, ഹജൂര്‍ക്കച്ചേരി, മന്ത്രിയുടെ വീട് തുടങ്ങി പഴയ നിര്‍മിതികള്‍ പലതുമുണ്ട്. മധ്യകാല ഇന്ത്യന്‍ വാസ്തുവിദ്യയുടെ എല്ലാ കൗതുകവും ഒപ്പം പഴയകാലത്തെ സയന്‍സിന്റെ ചിന്താപദ്ധതിയുടെ പ്രായോഗിക രൂപവും പ്രതിഫലിപ്പിക്കുന്നു പഞ്ചക്കി.
ഇന്ത്യയില്‍ ഔറംഗാബാദിന്റെ മാത്രം ഷാള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷമായ ഹിമ്‌റൂ ഷാളുകള്‍ ഇവിടത്തെ മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കിട്ടും. പ്രത്യേക ഡിസൈനും സില്‍ക്കിന് സമാനമായ നൂലും ആണ് ഹിമ്‌റു ഷാളുകളുടെ പ്രത്യേകത. പണ്ടുകാലത്ത് തുണത്തരങ്ങളുടെ കേന്ദ്രമായിരുന്ന ഔറംഗാബാദില്‍ സില്‍ക്ക് സാരികള്‍ ധാരാളം നെയ്തിരുന്നു. പൈത്താണി സില്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. സില്‍ക്കും പരുത്തിയും ചേര്‍ന്ന മിശ്രിത നൂല്‍ ആണ് ഹിമ്‌റൂ ഷാളില്‍ ഉപയോഗിക്കുന്നത്. ഒരു ഹിമ്‌റൂ ഷാള്‍ക്കടയില്‍ കയറി വിലപേശി ഒടുവില്‍ 400 രൂപയ്ക്ക് ഞാനൊരു ഷാള്‍ സ്വന്തമാക്കിയാണ് പഞ്ചക്കിയില്‍ നിന്നും മടങ്ങിയത്.

ഔറംഗാബാദ് നഗരത്തിന്റെ സംസ്കാരം ഹൈദരാബാദിന്റെ സംസ്കാരത്താൽ വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുണ്ട് . ഈ നഗരം ഇപ്പോഴും ഹൈദരാബാദിന്റെ മുസ്ലീം സംസ്കാരത്തിന്റെ സാംസ്കാരിക സ്വാദും ആകർഷണീയതയും നിലനിർത്തുന്നു . തദ്ദേശവാസികളുടെ ഭാഷയിലും പാചകരീതിയിലും അതിന്റെ സ്വാധീനം പ്രതിഫലിക്കുന്നു. മറാത്തി , ഹിന്ദി എന്നിവയ്‌ക്കൊപ്പം ഉറുദുവും നഗരത്തിലെ പ്രധാന ഭാഷകളിൽ ഒന്നാണ് .
സന്ധ്യ മയങ്ങിയാല്‍ ഔറംഗാബാദിന്റെ തെരുവുകളിലൂടെ നടക്കുക രസകരമായ അനുഭവമാകുന്നു. ഏതോ പുരാതനമായ കാലത്തേക്ക് നമ്മള്‍ എത്തിപ്പെട്ട പോലെ തോന്നിക്കുന്ന കാഴ്ചകള്‍. തെരുവോരങ്ങളില്‍ അവിടവിടെയായി ചാര്‍ക്കോള്‍ ഇട്ട് ഊതിക്കത്തിച്ച് തീപ്പൊരികള്‍ പറത്തുന്ന ചെറിയ അടുപ്പുകളില്‍ രുചിയും എരിവുമേറിയ മസാലകള്‍ പുരട്ടി ലോഹക്കമ്പികളില്‍ കോര്‍ത്ത ബീഫും മട്ടനും ചുട്ടെടുക്കുന്ന കാഴ്ച നോക്കി നിന്നു പോകും. വായില്‍ വെള്ളമൂറി വരുമെന്നുറപ്പാണ്-മിതമായ വിലയ്ക്ക് ഒരു പ്ലേറ്റ് വാങ്ങിക്കഴിക്കാന്‍ ഏത് മാംസപ്രിയര്‍ക്കും കൈയും നാവും തരിക്കുക തന്നെ ചെയ്യും.













