• Home
  • South India
  • മഹാബലിപുരം എന്ന വിസ്മയം…കാണാതെ പോകാന്‍ പാടില്ലാത്ത ശില്പ ഭംഗികള്‍
Image

മഹാബലിപുരം എന്ന വിസ്മയം…കാണാതെ പോകാന്‍ പാടില്ലാത്ത ശില്പ ഭംഗികള്‍

നാൻസി

മഹാബലിപുരം കാണാനുള്ള യാത്രയാണിത്….1300 കൊല്ലം മുമ്പ് പല്ലവരാജാക്കന്‍മാരുടെ വാണിജ്യകേന്ദ്രമായ, പ്രധാന തുറമുഖമായിരുന്നു മാമല്ലപുരം എന്ന മഹാബലി പുരം….ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ഈ പുരാതന പട്ടണത്തിലെ ചരിത്ര സ്മാരകങ്ങള്‍ ലോകത്തിലെ വിസ്മയക്കാഴ്ച തന്നെയാണ്.

നമ്മള്‍ യാത്ര തുടങ്ങുന്നത് …ചെന്നൈ നഗരത്തില്‍ നിന്നാണ്….ഇവിടെ നിന്നും അഡയാര്‍-പോണ്ടിച്ചേരി ഹൈവേയിലൂടെ…ഇ.സി.ആര്‍. റോഡ് എന്നാണ് ഇതിന് പേര്….അതായത് ഈസ്റ്റ് കോസ്റ്റ് റോഡ്…. 58 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെങ്കല്‍പ്പേട്ട് ജില്ലയിലുള്ള മഹാബലിപുരത്ത് എത്താം. ചൈന്നെയില്‍ നിന്നും ധാരാളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് മഹാബലിപുരത്തേക്ക്…താംബരം, അഡയാര്‍, കോയമ്പേട്, ബ്രോഡ് വേ, വേളാച്ചേരി എന്നിവിടങ്ങളില്‍ നിന്നും ബസ് കിട്ടും..

മഹാബലിപുരത്തിനടുത്തെത്തുമ്പോള്‍ ഒരു ട്രൈ ജംങ്ഷന്‍ കാണാം. ്ഇവിടെ നിന്നും ഇടത്തേക്കു തിരിഞ്ഞാല്‍ മഹാബലിപുരം ടൗണിലേക്ക് പ്രവേശിക്കും. ഇതൊരു ഗ്രാമപഞ്ചായത്താണ്. സ്വകാര്യ വാഹനങ്ങളില്‍ നിന്നും അവര്‍ നഗര സംരക്ഷണത്തിനായി 75 രൂപ ഫീസ് ഈടാക്കും. അധികം ദൂരത്തല്ലാതെയാണ് ബസ് സ്റ്റാന്‍ഡ്. ഇതിനു ചുറ്റുമായി ധാരാളം ഹോട്ടലുകള്‍. മിക്കതിനും പല്ലവ ഹെറിറ്റേജ്, പല്ലവ ഡൈനാസ്റ്റി, പല്ലവ റെസിഡന്‍സി എന്നിങ്ങനെയാണ് പേരുകള്‍. പല റേഞ്ചിലുള്ള ഹോ്ട്ടല്‍ മുറികള്‍ കിട്ടും. ഇവയില്‍ ഏതില്‍ താമസിച്ചാലും ഒരു സൗകര്യമുള്ളത് മഹാബലിപുരത്തെ കാഴ്ചകളെല്ലാം നടന്നു പോയി കാണാനുള്ള അകലമേയുള്ളൂ എന്നതാണ്.

ആദ്യമായി നമുക്ക് ഷോര്‍ ടെമ്പിളിലേക്ക് പോകാം. 1320 കൊല്ലമായി കടലിനു തൊട്ടു തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രസമുച്ചയം ഇത്ര കാലം സകല പ്രകൃതിക്ഷോഭങ്ങളെയും അതിജീവിച്ചു എന്നത് തന്നെ മഹാത്ഭുതമാണ്. എന്തിന് 2004-ല്‍ ക്ഷേത്രത്തെ സുനാമിത്തിരകള്‍ വന്ന് മൂടിയിട്ടും പ്രധാന ക്ഷേത്രത്തിന്റെ അടിത്തരയ്ക്ക് ഒന്നും സംഭവിച്ചില്ല. അതീവ കടുപ്പമേറിയ കരിങ്കല്‍പ്പാറയിലാണ് ക്ഷേത്രത്തിന്റെ അടിത്തറ പണിതിട്ടുള്ളത് എന്നതാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബലിപീഠത്തിനും ചെറിയ വരാഹ പ്രതിമയ്ക്കും ബോട്ട് ജെട്ടിയിലേക്ക് നീളുന്ന പടവുകള്‍ക്കും കേട് പറ്റിയിരുന്നു. ഇപ്പോള്‍ തീരത്ത് ശക്തമായ കരിങ്കല്‍ഭിത്തികളും കാറ്റാടി മരങ്ങളുടെ വേലിയും ഉയര്‍ത്തി ക്ഷേത്രത്തെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്.

700-മാണ്ടില്‍ ഭരിച്ചിരുന്ന പല്ലവ രാജാവായ നരസിംഹന്‍ രണ്ടാമനാണ് ഈ ക്ഷേത്രം പണിതത് എന്നാണ് ചരിത്രം. ഇന്ത്യയുടെ കിഴക്കന്‍ കടല്‍ത്തീരത്ത് നശിക്കാതെ അവശേഷിക്കുന്ന ഏതാനും ക്ഷേത്രസമുച്ചയങ്ങളില്‍ ഒന്നാണ് മഹാബലിപുരത്തെ ഷോര്‍ ടെമ്പിള്‍. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ 1984-ല്‍ ഷോര്‍ ടെമ്പിള്‍ ഇടം നേടി.
7-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരികളായ ഹുയാന്‍സാങ് മാമല്ലപുരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിനും മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ടോളമി എന്ന സഞ്ചാരിയും ഈ തുറമുഖ നഗരത്തെ പറ്റി എഴുതിയിട്ടുണ്ട്.

ഷോര്‍ ടെമ്പിളിന്റെ പ്രധാനപ്പെട്ടൊരു സവിശേഷത, ഒറ്റ പ്ലാറ്റ് ഫോമിലാണ് ഈ ക്ഷേത്രസമുച്ചയത്തിലെ മൂന്ന് ക്ഷേത്രങ്ങളും പണിതിരിക്കുന്നത് എന്നതാണ്. ഏറ്റവും വലിയതും രണ്ടാമത്തേതും ശിവക്ഷേത്രമാണ്. ഏറ്റവും ചെറിയത് വിഷ്ണുവിന്റെതും. ശൈവ-വൈഷ്ണവ കൂട്ടായ്മയുടെ സന്ദേശമാണ് ഇത് നല്‍കുന്നത്. പുരാതന ഇന്ത്യന്‍ ക്ഷേത്രങ്ങളിലെല്ലാം ഈ ശൈവ-വൈഷ്ണവ സങ്കല്‍പങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ കാണാനാവും.

പിരമിഡ് ആകൃതിയിലുള്ള മേല്‍ക്കൂരയാണ് ശിവക്ഷേത്രങ്ങള്‍ക്ക്. നന്തിയുടെ പ്രതിമകള്‍ ക്ഷേത്രത്തിനു ചുറ്റിലും കാണാമെന്ന കൗതുകമുണ്ട്. അതിനു പുറമേ നന്തിയുടെയും സിംഹത്തിന്റെയും വലിയ പ്രതിമകളും ഉണ്ട്. എല്ലാം കരിങ്കല്ലില്‍ കൊത്തിയെടുത്തതാണ്. ദുര്‍ഗയുടെ വാഹനമാണ് സിംഹം.
ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കുളം വാസ്തുഭംഗിയാല്‍ ആകര്‍ഷണിയമാണ്. നന്ദിയുടെ ചെറുതും വലുതുമായ പ്രതിമകള്‍ നിരന്നു നില്‍ക്കുന്ന മതില്‍ ഏറെ കൗതുകകരം. ഏറ്റവും ശ്രദ്ധേയമായൊരു കാര്യം കരിങ്കല്‍ നിര്‍മ്മിതികള്‍ക്കിടയില്‍ ചുട്ട ഇഷ്ടിക കൊണ്ടുള്ള ഒരു പ്ലാറ്റ് ഫോമിന്റെ അവശിഷ്ടങ്ങള്‍ കാണാം എന്നതാണ്. ഇത് അപൂര്‍വ്വമായൊരു സംഗതിയാണ്.
കടലില്‍ നിന്നുള്ള ഉപ്പുകാറ്റ് കാരണം ക്ഷേത്രത്തിന് നല്ല നിലയിലുള്ള തേയ്മാനം സംഭവിച്ചിട്ടുണ്ട്. കരിങ്കല്‍ ശില്‍പങ്ങളെല്ലാം ദ്രവിച്ചു പോയതും കാണാം. എന്നാല്‍ ഇപ്പോള്‍ ഉപ്പുകാറ്റില്‍ നിന്നും സംരക്ഷിക്കാനായി ആധുനികമായ വിദ്യകള്‍ ഉപയോഗിച്ച് സംരക്ഷണം സാധ്യമാക്കിയിട്ടുണ്ട്. പേപ്പര്‍പള്‍പ്പ് ആവരണം നല്‍കിയുള്ള സംരക്ഷണം ആണ് പ്രധാനപ്പെട്ട ഒന്ന്. കടല്‍ കയറി ഉപ്പുവെള്ളം വരാതിരിക്കാനുള്ള ബ്രേക്ക് വാട്ടര്‍ മതില്‍ പണിതിട്ടുണ്ട്. മാത്രമല്ല, തീരക്ഷേത്രത്തിന് ചൂറ്റും 11 ഏക്കര്‍ ഭൂമി പുല്‍ത്തകിടി പിടിപ്പിച്ച് നടപ്പാതകള്‍ നല്‍കി മനോഹരമാക്കിയിട്ടുണ്ട്.
സന്ധ്യാസമയത്താണ് കടലും ക്ഷേത്രവും ചേര്‍ന്ന അന്തരീക്ഷം മായികമായിത്തീരുന്നത്. വലിയ സ്‌പോട്ട് ലൈറ്റുകള്‍ ഉപയോഗിച്ച് ഇരുട്ടില്‍ ഈ തീരക്ഷേത്രം പ്രഭാപൂരിതമാക്കിയത് ഒരിക്കലും കാണാതെ പോകരുത്. ഇരുട്ടില്‍ കൃത്യമായി ക്ഷേത്രം മാത്രം ജ്വലിച്ചു നില്‍ക്കുന്നതു പോലെയുള്ള കാഴ്ച ഒരിക്കല്‍ കണ്ടാല്‍ മനസ്സില്‍ നിന്നും മായില്ല.
തീരക്ഷേത്രത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് കടല്‍ക്കരയില്‍ രാത്രയില്‍ സജീവമാകുന്ന കമ്മല്‍,വള,കളിപ്പാട്ടക്കടകളുടെയും ആഹാരക്കടകളുടെയും നീണ്ട നിര ചുറ്റിക്കാണുകയും കൗതുകകരമാണ്. വിവിധ മീനുകളെ നമ്മുടെ മുന്നില്‍ വെച്ച് മസാല പുരട്ടി വറുത്തു തരുന്ന കടകള്‍ ധാരാളം. ചെറിയ വിലയ്ക്ക് മീന്‍ ചൂടോടെ തിന്നാന്‍ കൊതിയോടെ നില്‍ക്കുന്നവരെയും അവര്‍ക്ക് വേണ്ടി മീന്‍ വറുത്തുകോരുന്ന സ്ത്രീകളെയും നോക്കി നില്‍ക്കുക രസകരമാണ്.

മാമല്ലപുരത്തിന്റെ പുരാതന മഹിമ പ്രകടമാക്കുന്ന മഹാത്ഭുതമാണ് തീരക്ഷേത്രം. എന്നാല്‍ കാഴ്ചകള്‍ ഇവിടെ തീരുന്നില്ല…
പഞ്ചരഥങ്ങള്‍, റോക്ക് ടെമ്പിള്‍…ഇങ്ങനെ ഇനിയുമുണ്ട് ഒരു പാട് അത്ഭുതങ്ങള്‍.

പഞ്ചരഥങ്ങള്‍

മഹാബലിപുരം മഹാത്ഭുത ശില്‍പക്കാഴ്ചകളില്‍ ഷോര്‍ ടെംപിളിനു കിടപിടിക്കുന്നതും വിശദമായി അനുഭവിച്ചറിയേണ്ടതുമായ കാഴ്ചയാണ് ‘പഞ്ചരഥങ്ങള്‍’. പഞ്ചരഥങ്ങള്‍ എന്നും പാണ്ഡവ രഥങ്ങള്‍ എന്നും പേരുണ്ട് ഈ ശില്‍പങ്ങള്‍ക്ക്. പാറ കൊണ്ട് കെട്ടിപ്പടുത്തതല്ല, പാറയില്‍ കൊത്തിയെടുത്ത ശില്‍പങ്ങളാണിവ എന്നത് വലിയ പ്രത്യേകതയാണ്. ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ട് അതായത് ഏകദേശം 1400-ഓളം വര്‍ഷം പഴക്കമുണ്ട് പഞ്ചരഥങ്ങള്‍ക്ക്. നരസിംഹവര്‍മന്‍ ഒന്നാമന്റെ കാലത്താണിവ ഉണ്ടാക്കിയത് എന്നാണ് ചരിത്രം പറയുന്നത്. ഒറ്റക്കല്ലില്‍ കൊത്തിയെടുക്കുന്ന ശില്‍പങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയില്‍ വളരെ പ്രാധാന്യമുള്ള ഒരു ശില്‍പസമുച്ചയം തന്നെയാണിത്.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അഞ്ച് രഥങ്ങളുടെ കൂട്ടമാണ്. മഹാഭാരതകഥയുമായി ബന്ധപ്പെടുത്തിയുള്ള അഞ്ച് ശില്‍പരഥങ്ങള്‍ ആണ് പഞ്ചരഥം. പഞ്ച പാണ്ഡവരുടെയും ദ്രൗപദിയുടെയും പേരാണ് ഓരോ രഥത്തിന് നല്‍കിയിരിക്കുന്നത്. ധര്‍മ പുത്രര്‍, ഭീമന്‍,അര്‍ജ്ജുനന്‍, നകുല-സഹദേവന്‍മാര്‍, ദ്രൗപദി എന്നിങ്ങനെ അഞ്ച് എണ്ണം. ഒന്നിനു പിറകില്‍ ഒന്നായി നിര നിരയായിട്ടാണ് ഈ രഥസമുച്ചയം നില്‍ക്കുന്നത്. ഇത് പണിതു വെച്ചതിന്റെ ക്രമം രസകരമാണ്. ഏറ്റവും മുന്നില്‍ ദ്രൗപദിയാണ്. തൊട്ടിപിന്നില്‍ പാണ്ഡവരില്‍ മൂത്തയാളായ ധര്‍മപുത്രന്‍….പിന്നിലുള്ള ശില്‍പമാണ് ഈ കൂട്ടത്തില്‍ ഏറ്റവും വലിപ്പമുള്ളത്…അതാണ് ഭീമന്‍. മഹാഭാരതത്തിലെ ഭീമനും അങ്ങിനെയാണല്ലോ. ഭീമനു പിന്നില്‍ അര്‍ജുന ശില്‍പം. അത് കഴിഞ്ഞാല്‍ ചെറിയ ശില്‍പമാണ്. അതാണ് നകുല-സഹദേവന്‍മാര്‍.

രസകരമായ കാര്യം മഹാഭാരതകഥയുമായോ പഞ്ചപാണ്ഡവരുടെ ഐതിഹ്യകഥയുമായോ ഈ ശില്‍പങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല എന്നതാണ്. ഓരോ രഥങ്ങള്‍ക്കും മേല്‍ക്കൂരയുണ്ട്. ഇവയെ വിമാനങ്ങള്‍ എന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. ഈ വിമാനങ്ങള്‍ പലതും പൂര്‍ത്തിയാക്കിയിട്ടില്ല.. എന്നു മാത്രമല്ല ചിലതിന്റെ അടിത്തറ മുതല്‍ ശില്‍പ വേല അപൂര്‍ണമായ നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

മഹാബലിപുരം എന്ന വിസ്മയം…കാണാതെ പോകാന്‍ പാടില്ലാത്ത ശില്പ ഭംഗികള്‍ - The Political Editor