• Home
  • South India
  • ഗോവയുടെ ശരിയായ നിറം അതിന്റെ ഗ്രാമങ്ങളിലെ പച്ചയാണ്
Image

ഗോവയുടെ ശരിയായ നിറം അതിന്റെ ഗ്രാമങ്ങളിലെ പച്ചയാണ്

നാൻസി

മഡ്ഗാവിലെ സെനേലിം പള്ളിയുടെ എതിര്‍വശത്തുള്ള ഒട്ടും തിരക്കില്ലാത്ത റസ്‌റ്റോറന്റിന്റെ മൂലയില്‍, സാന്ദ്രമായ കരിംകടുംചുവപ്പു വെളിച്ചത്തില്‍, അല്‍പം വിസ്‌കി നുണഞ്ഞു കൊണ്ട് വിജിത്ത് പറഞ്ഞു- “ഗോവയെന്നാല്‍ കടല്‍ത്തീരങ്ങള്‍ മാത്രമല്ല ചങ്ങാതീ…”

ലഹരിയുടെ രാസപടലങ്ങളില്‍ നിന്നും ഉയര്‍ന്നൊരു കുമിളയായിരുന്നില്ല ആ വാക്കുകള്‍. ഒന്നര പതിറ്റാണ്ടായി ഗോവയുടെ നിശാ ലാസ്യങ്ങളും പകല്‍പിക്‌നിക്കുകളും അറിഞ്ഞു ജീവിക്കുന്ന അദ്ദേഹത്തിന്റെ നീരീക്ഷണത്തില്‍ കാഴ്ചയുടെ അസാധാരണമായ കിളിവാതില്‍വെളിച്ചം നിറഞ്ഞിരുന്നു.

ഗോവയുടെ ശരിയായ നിറം അതിന്റെ ഗ്രാമങ്ങളിലെ പച്ചയാണ്, പച്ചപ്പാടങ്ങളെയും പറമ്പുകളെയും മുറിച്ചു കടന്നുപോകുന്ന നാട്ടുപാതകളുടെ നീളങ്ങളാണ്, സഹ്യാദ്രിയുടെ നിഴല്‍ക്കുളിര്‍മയില്‍ തളിരണിഞ്ഞു നിശ്ശബ്ദയായി മയങ്ങിക്കിടക്കുന്ന വനദേവതയാണ് എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ നെറ്റി ചുളിക്കും. വെറുതെയല്ല. പനാജിയില്‍ നിന്നും നാം നേരെ വെച്ചു പിടിക്കുന്നത് കടല്‍ത്തീരങ്ങളായ കോള്‍വയിലേക്കും കലങ്കുത്തിലേക്കും ബാഗയിലേക്കും അഞ്ജുനയിലേക്കുമാണ്. അവിടെ കടലിന്റെ അപാരതയോടു ചേര്‍ന്നള്ള കച്ചവടകേന്ദ്രങ്ങളില്‍ അലയാനാണ് നമുക്ക് താല്‍പര്യം. അവിടേക്ക് എത്താന്‍ കടന്നുപോകുന്ന മപ്പൂസയിലെ വഴിയോരങ്ങളിലെ ഗ്രാമീണ മനോഹാരിത പതിയും മട്ടില്‍ കണ്ണില്‍പ്പെടില്ല. മദ്യവും മദാമ്മമാരുടെ അര്‍ദ്ധനഗ്നദേഹവും നൂറുകണക്കിന് കൊച്ചുകൊച്ച് ഷോപ്പിങ് കേന്ദ്രങ്ങളും പിന്നെ തീരത്ത് കുസൃതിയോടെ വന്നണയുന്ന കടല്‍ത്തിരകളും…മിടുക്കനായ സഹായിയുടെ മുന്നില്‍, തീര്‍ത്തും ഉല്‍കണ്ഠയോടെ നിസ്സഹായരായി ഇരുന്നു കൊടുത്ത്, ഏതാനും നിമിഷം കൊണ്ട് കടലിലൊരു ‘ഠ’ വട്ടത്തില്‍ കറക്കി തീരത്ത് തിരിച്ചെത്തിക്കുന്ന സര്‍ഫിങ്ങിന് ആയിരം രൂപ എണ്ണി നല്‍കാന്‍ പെണ്ണുങ്ങളും കുട്ടികളും ധാരാളം. ഓര്‍ത്താല്‍ ഇത്തരം കൊച്ചുകൊച്ചു അസംബന്ധങ്ങളുടെയും അനാവശ്യങ്ങളുടെയും വിപണന കേന്ദ്രങ്ങളാണ് ഗോവയിലെ കടലോരങ്ങള്‍ മിക്കതും. എന്നാലോ ഇതൊന്നും ഇല്ലാത്ത സുന്ദരമായ തീരങ്ങളും ഉണ്ട്, പക്ഷേ അവിടേക്ക് സഞ്ചാരികളുടെ ഒഴുക്കുമില്ല.

സ്ഥലം കാണാന്‍ എനിക്കൊപ്പം സഞ്ചരിക്കാന്‍ എന്റെ സുഹൃത്തിന് നിര്‍വ്വാഹമില്ല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനിലെ തിരക്കുള്ള ലോക്കോ പൈലറ്റാണ് വിജിത്ത്. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹത്തിന് അവധി പോലും സ്വസ്ഥമായി ഉപയോഗിക്കാന്‍ കഴിയാത്തത്ര ജോലിഭാരമുണ്ട്.. സ്വന്തം ഇരുചക്രവാഹനം സൗമനസ്യത്തോടെ വിജിത്ത് എനിക്ക് തന്നു. എന്നിട്ട് ഉപദേശിച്ചു- വേറിട്ട സഞ്ചാരമാണ് കുറേക്കൂടി രസകരം.

കേരളം പോലെ ഗോവയ്ക്കും മഹാരാഷ്ട്രയ്ക്കും സഹ്യപര്‍വ്വതനിരയുടെ സാന്നിധ്യമുണ്ടെന്ന കാര്യം ഞാന്‍ ഓര്‍മിച്ചു. വിവാദമായ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളിലെല്ലാം ഗോവയും മഹാരാഷ്ട്രയും ചര്‍ച്ചയാകാറുണ്ടല്ലോ. സഹ്യന്റെ താഴ്‌വാരങ്ങള്‍ തേടിപ്പോകാന്‍ ഞാന്‍ താല്‍പര്യം പറഞ്ഞപ്പോള്‍ വിജിത്തിന്റെ അയല്‍ക്കാരനും സഹപ്രവര്‍ത്തകനും സര്‍വ്വോപരി മലയാളിയുമായ സജീഷ് എനിക്കൊരു വിചിത്രമായ പേര് പറഞ്ഞുതന്നു- താംപ്ടി സുര്‍ള. അത് കാട്ടിലുള്ള ഒരു പുരാതന ക്ഷേത്രമാണെന്ന സാമാന്യ അറിവേയുള്ളു അദ്ദേഹത്തിന്. നേരിട്ട് പോയിട്ടില്ല. സ്വന്തം ഐ-പാഡില്‍ വളരെ താല്‍പര്യപൂര്‍വ്വം തിരഞ്ഞ് അങ്ങോട്ടേക്കുള്ള ഏകദേശവഴിയൊക്കെ സജീഷ് കുറിച്ചു തരികയും ചെയ്തു.

മധ്യഗോവന്‍ പട്ടണമായ പോണ്ടയില്‍ നിന്നാണ് പശ്ചിമഘട്ടഭംഗിയുടെ വഴികള്‍ ആരംഭിക്കുന്നത്. പോണ്ട ആണ് ഗോവയിലെ ഹിന്ദുസംസ്‌കൃതിയുടെ കേദാരം. പ്രമുഖ ഹിന്ദുക്ഷേത്രങ്ങളെല്ലാം പോണ്ടയിലാണ്. മതസഹിഷ്ണുത കുറഞ്ഞ പോര്‍ച്ചുഗീസുകാര്‍ നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ സന്ദര്‍കരെ സ്വീകരിക്കുന്ന പ്രിയോളിലെ ശിവക്ഷേത്രമായ മങ്കേഷ് ക്ഷേത്രം ഉള്‍പ്പെടെ പുനര്‍നിര്‍മ്മിച്ചവയാണ്. എന്നാല്‍ താംപ്ടിസുര്‍ളയിലെ മഹാദേവക്ഷേത്രം അതിപുരാതനമാണ്. ഒരു കാനന പുഷ്പം പോലെ വിശുദ്ധം. കൊടുംകാട്ടിനകത്ത് സ്ഥിതിചെയ്യുന്നതുകൊണ്ടായിരിക്കണം, 13-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രം പോര്‍ച്ചുഗീസുകാരുടെ കണ്ണില്‍പ്പെടാതിരുന്നതെന്നു കരുതപ്പെടുന്നു. അചുംബിതമായ കാനനത്തിന്റെ പച്ചപ്പുതപ്പിനികത്ത് പൊതിഞ്ഞുവെച്ച ശിലാവിഗ്രഹത്തിന്റെറ വിശുദ്ധി തഴുകുന്ന ദേവാലയം.

ബോണ്ട്‌ലയിലെ വന്യജീവിതം

സഹ്യന്റെ നിഴല്‍പ്പാടുകള്‍ നിറഞ്ഞ താഴ്‌വാരത്തിലൂടെ സുഖദായകമായ കുളിര്‍പ്പടലങ്ങള്‍ വകഞ്ഞുമാറ്റി, പച്ചപ്പിന്റെ തണല്‍ കണ്ണില്‍ നിറച്ച് ഒരു യാത്രയാണ് താംപ്ടി സുര്‍ളയിലേക്ക് താല്പര്യമെങ്കില്‍ പോണ്ടയില്‍ നിന്നും ബോണ്ട്‌ല വഴിയാകാം യാത്ര. മഡ്ഗാവില്‍ നിന്നും പനാജിയില്‍ നിന്നും ഏകദേശം ഒരേ ദൂരമാണ് പോണ്ടയിലേക്ക്. പനാജിയില്‍ നിന്നാണെങ്കില്‍ പഴയ ഗോവ വഴി ദേശീയപാതയിലൂടെ എത്താം. പോണ്ട-ബല്‍ഗാം പാതയില്‍ അര മണിക്കൂര്‍ സഞ്ചരിച്ചുകഴിഞ്ഞാല്‍ കൈചൂണ്ടി കാണാം- ബോണ്ട്‌ല വന്യജീവിസങ്കേതം, 14 കിലോമീറ്റര്‍, വ്യാഴം അവധി. വെറുതെ 14 കിലോമീറ്റര്‍ വാഹനം ഓടിച്ച് പോയി നിരാശരാകാതിരിക്കാന്‍ മാന്യമായ ഒരു മുന്നറിയിപ്പ്. ഓര്‍ത്തുനോക്കിയപ്പോള്‍ കൃത്യം വ്യാഴാഴ്ച!! മനസ്സിലൊരു മല്‍പ്പിടുത്തം -നിക്കണോ അതോ പോണോ !! ഒടുവില്‍ ഉള്ളം പറഞ്ഞു- ഉറപ്പായും പോണം. ഗോവയിലെ ഏറ്റവും ചെറുതും എളുപ്പം എത്താവുന്നതുമായ വന്യജീവികേന്ദ്രമായിട്ടും പോയില്ലെങ്കില്‍… കവാടമെങ്കിലും കണ്ടുവരാം.


ആ യാത്രയാണ് സത്യത്തില്‍ താംബ്ടി സുര്‍ളയിലേക്കുള്ള അതിമനോഹരമായ യാത്രാവഴി എനിക്ക് സമ്മാനിച്ചത്. ബോണ്ട്‌ലയിലേക്കുള്ള യാത്രയുടെ പതിന്‍മടങ്ങിരട്ടി ലാവണ്യപൂര്‍ണമായ യാത്ര. ഒരു പക്ഷേ ബോണ്ട്‌ല വന്യജീവികേന്ദ്രത്തിന്റെ കവാട കാവലാള്‍, അപരിചിതനോട് ആവശ്യമില്ലാത്തത്ര അതീവ സൗഹൃദത്തോടെ എനിക്കു ആ നാട്ടുപാത പറഞ്ഞുതന്നിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തിരഞ്ഞെടുക്കുക ദേശീയപാതയായിരുന്നു. ഉസ്ഗാവിലൂടെ മോളെം വഴി പോയാലും യാത്ര ചിലപ്പോള്‍ രസകരമായിരിക്കാം, എങ്കിലും ചാണകവറളികള്‍ നിരത്തി ഉണക്കാനിട്ട ടാര്‍റോഡുള്ള, കാടും നാടും ഇണചേര്‍ന്ന് നേര്‍ത്ത ഒരു നാട്ടുമുള്‍വേലിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന വാള്‍പോയി ഗ്രാമത്തിലൂടെ പോകണമെന്ന് വഴികാട്ടിയ കാവലാള്‍ക്ക് നന്ദി.

കോളാമ്പിപ്പൂക്കളുടെ വേലി

വാള്‍പോയി പിന്നിട്ട് സഹ്യന്റെ മുടിയഴിച്ചിട്ട ഹരിത താഴ്‌വാരത്തിലൂടെയുള്ള യാത്രയില്‍ ഉടനീളം ബാല്യം പിന്‍വിളിച്ച കാഴ്ചകള്‍ സാന്ദ്രചിത്രങ്ങളായി മനക്കണ്ണില്‍ ഉണര്‍ന്നു നിന്നു. കാട്ടുകമ്പുകളും മുളയുടെ മുള്ളുകളും കൊണ്ട് കെട്ടിയ പഴയ വേലികള്‍ക്കകത്ത് നോക്കെത്താദൂരത്തോളം പച്ചനെല്‍പ്പാടങ്ങള്‍. നെല്‍സമൃദ്ധിയുടെ നടുവില്‍ ധ്യാനിക്കുന്ന കാട്ടുകൊക്കുകളെപ്പോലെ മെല്ലിച്ച കാലുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന കാവല്‍മാടങ്ങളുടെ ഏകാന്തത. കാട്ടുവേലിക്കല്‍ പടര്‍ന്ന പൂക്കളില്‍ ഇളംവയലറ്റ് കോളാമ്പിയുടെയും അരിപ്പൂങ്കുലകളുടെയും അലങ്കാരത്തനിമ.
താംബ്ടി സുര്‍ളയില്‍ നിന്നുള്ള തിരിച്ചുവരവില്‍ ഇടക്കിടെ ഒരു പിന്‍വിളിയുടെ ഭാരം കൂടി കൂട്ടിനുണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഭഗവാന്‍ മഹാവീര്‍ വന്യമൃഗ സങ്കേതത്തിന്റെ ശീതളമായ ഹരിതചാരുതയില്‍ കറുത്ത ചരടുപോലെ നീണ്ടുനീണ്ടുപോയ ടാര്‍റോഡില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ മാത്രമാണ് മധ്യാഹ്നത്തിന്റെ സൂര്യശോഭ കണ്ണില്‍ നിറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

ഗോവയുടെ ശരിയായ നിറം അതിന്റെ ഗ്രാമങ്ങളിലെ പച്ചയാണ് - The Political Editor