• Home
  • South India
  • ആതിരപ്പള്ളി വനത്തിലൂടെ വാല്‍പ്പാറയിലേക്ക് ചാറ്റൽ മഴയിൽ യാത്ര ചെയ്തിട്ടുണ്ടോ…. തീരാ നഷ്ടമാണ്
Image

ആതിരപ്പള്ളി വനത്തിലൂടെ വാല്‍പ്പാറയിലേക്ക് ചാറ്റൽ മഴയിൽ യാത്ര ചെയ്തിട്ടുണ്ടോ…. തീരാ നഷ്ടമാണ്

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ നിന്നും രാവിലെ പുറപ്പെടുന്ന ഒരു ബസ് ഉണ്ട്- വാല്‍പ്പാറയിലേക്ക്. ആതിരപ്പള്ളി വനത്തിലൂടെ, വാഴച്ചാല്‍, മലക്കപ്പാറ, ഷോളയാര്‍ വഴി ആ ബസ് തമിഴ്‌നാട്ടിലെ ഹില്‍സ്‌റ്റേഷനായ വാല്‍പ്പാറയിലെത്തുമ്പോള്‍ നിങ്ങള്‍ കടന്നു പോകുന്നത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത മനോഹാരിതയിലൂടെയായിരിക്കും. ഇനി ബസ്സില്‍ പോകാതെ ഇരുചക്ര-നാലു ചക്രവാഹനത്തിലാണ് യാത്രയെങ്കിലോ കൂടുതല്‍ അഡ്വഞ്ചറസ് ആവുകയും അതിന്റെ ത്രില്‍ മറ്റൊരു ലെവലിലാവുകയും ചെയ്യും.

ഇനി മറ്റൊരു റൂട്ട് പിടിക്കാം- കോയമ്പത്തൂരില്‍ നിന്നും പുറപ്പെടാം. അല്ലെങ്കില്‍ പാലക്കാട് നിന്നും പൊള്ളാച്ചിയിലൂടെ യാത്ര ചെയ്ത് ലോം സായിപ്പ് സാഹസികമായി നിര്‍മ്മിച്ച അതിമനോഹരമായ ഹെയര്‍പിന്‍ റോഡിലൂടെ മലകയറി ഒടുവില്‍ വാല്‍പ്പാറയുടെ അനുപമമായ സൗന്ദര്യഭൂമിയിലേക്ക് എത്താം. പൊള്ളാച്ചിയില്‍ നിന്നും അരമണിക്കൂര്‍ ഇടവിട്ട് ബസ്സുകള്‍ ഉണ്ട് വാല്‍പ്പാറയ്ക്ക്. ബൈക്കിലാണ് യാത്രയെങ്കില്‍ ഇത്രയും ത്രില്‍ ഉണ്ടാകുന്ന യാത്ര വേറെയില്ല. നേരിയ മഴ പെയ്യുമ്പോഴാണ് യാത്രയെങ്കില്‍ അടിപൊളി അനുഭവമായിരിക്കും. മഞ്ഞുകാലത്താണെങ്കിലും അവിസ്മരണീയമായ റൈഡായിരിക്കും ഈ പിന്‍മുടിവളവിലൂടെയുള്ള കയറ്റം.

ലോം സായിപ്പിനെ അനുസ്മരിക്കാനായി ഇവിടെ ഒരിടത്തെ വ്യൂ പോയിന്റിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുണ്ട്. ലോംസ് വ്യൂ പോയിന്റിലൊക്കെ ഒന്നു നിര്‍ത്തി അകലെയുള്ള പറമ്പിക്കുളം ഡാമിന്റെ റിസര്‍വോയറിന്റെ വിദൂരദൃശ്യം കാണുമ്പോള്‍ ഉള്ളിലുണരുന്ന വികാരം പറഞ്ഞറിയിക്കാനാവില്ല.

മഴക്കാലത്ത് ആതിരപ്പള്ളി-വാല്‍പ്പാറ യാത്ര ഒരു പക്ഷേ കേരളത്തിലെ ഏറ്റവും മനോഹരമായ മഴയാത്രകളില്‍ പ്രമുഖമായതായിരിക്കും. മഴയുടെ അസൗകര്യങ്ങള്‍ മാറ്റിവെക്കുന്നവര്‍ക്കുള്ളതാണ് ഈ യാത്ര. ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാന്‍ ഇതിലേറെ മികച്ച സമയം ഇല്ലെന്നു തന്നെ പറയാം. സംഹാരരൂപിയായ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം പൂര്‍ണമായി വെളിപ്പെടുന്ന കാലമാണീ മഴക്കാലം.

കാട്ടില്‍ പെയ്യുന്ന മഴയുടെ ചലനങ്ങളും ഭാവമാറ്റങ്ങളും ആസ്വദിച്ച് വാല്‍പ്പാറ റോഡിലൂടെ റൈഡ് ചെയ്യുമ്പോള്‍ പക്ഷേ അതിന്റെ റിസ്‌കും മനസ്സിലുണ്ടാകണം. വന്യജീവികളുടെ സാന്നിധ്യം മറന്നു കൊണ്ട് യാത്ര അരുത്. വഴിയില്‍ വിജനമായിടത്ത് വാഹനം നിര്‍ത്തി പുറത്തിറങ്ങരുത്. കാട്ടിനകത്തേക്ക് വെറുതെ നടന്നു നീങ്ങരുത്.
ആതിരപ്പള്ളി വിട്ടാല്‍ നിങ്ങള്‍ക്ക് പിന്നെ കാര്യമായ ജനവാസവും കടകളും ലഘുവായ ഭക്ഷണമോ ചായയോ ഒക്കെ കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ളത് മലക്കപ്പാറയിലായിരിക്കും. വേണമെങ്കില്‍, താല്‍പര്യമുണ്ടെങ്കില്‍ ഷോളയാര്‍ ഡാം കാണാനും ഈ യാത്രയിലൂടെ സാധിക്കും. അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍ ഡാമുകളുണ്ട്. സാധാരണ ഗതിയില്‍ നമുക്ക് ഇവ കാണാന്‍ സാധ്യത ഇല്ലാത്തതാണ്. അപ്പര്‍ ഷോളയാര്‍ തമിഴ്‌നാട്ടിലും ലോവര്‍ ഷോളയാര്‍ കേരളത്തിന്റെ പ്രദേശത്തും ആണ്.

കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്റർ ദൂരത്തിലുമാണ് ഈ ഹിൽസ്റ്റേഷൻ . അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. വലിയ വനമേഖലകൾ തൊട്ടംമേഖലയുടെ പരിധിക്കപ്പുറവും തുടരുന്നു. തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്.
റോഡ്‌ ഗതാഗതം മാത്രമേ ഈ പ്രദേശത്തേക്ക്‌ ഉള്ളൂ.

പൊള്ളാച്ചിയിൽ നിന്നും 64 കിലോ മീറ്റർ അകലെയാണ് വാൽപ്പാറ. 40 കൊടും വളവുകൾ നിറഞ്ഞ ചുരം കയറി വേണം ഈ റോഡിലൂടെ വാൽപാറയിൽ എത്തിച്ചേരാൻ. കേരളത്തിലെ ചാലക്കുടിയിൽ നിന്നും സംസ്ഥാനപാത 21-ലൂടെ അതിരപ്പിള്ളി -വാഴച്ചാൽ- മലക്കപ്പാറ വഴി വാൽപ്പാറയിൽ എത്തിച്ചേരാം.
റിസോർട്ടുകൾ, ഹോട്ടലുകൾ, കോട്ടേജുകൾ, ഹോം സ്റ്റേകൾ, ടീ എസ്റ്റേറ്റ് ബംഗ്ലാവുകൾ എന്നിങ്ങനെ വാൾപാറയിൽ ധാരാളം താമസ സൗകര്യങ്ങളുണ്ട്. ഒക്ടോബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ മെയ് ഇതാണ് വാൽപ്പാറ സന്ദർശിക്കാൻ പറ്റിയ ഫെയർ സീസൺ.

പൊള്ളാച്ചിയിൽ നിന്ന് 64 കോയമ്പത്തൂരിൽ നിന്ന് 102, ചാലക്കുടിയിൽ നിന്ന് 108 , അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് 78 കിലോമീറ്ററുകൾ അകലെയായാണ് വാപ്പാറ സ്ഥിതി ചെയ്യുന്നത് . കോയമ്പത്തൂർ വിമാനത്താവളമാണ് വാൽപ്പാറയ്ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം 124 കിലോമീറ്റർ . കോയമ്പത്തൂർ ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഏകദേശം 105 കിലോമീറ്റർ.

Leave a Reply

Your email address will not be published. Required fields are marked *

ആതിരപ്പള്ളി വനത്തിലൂടെ വാല്‍പ്പാറയിലേക്ക് ചാറ്റൽ മഴയിൽ യാത്ര ചെയ്തിട്ടുണ്ടോ…. തീരാ നഷ്ടമാണ് - The Political Editor