രാത്രിയിൽ തറയിൽ പായയോ ബെഡ്ഷീറ്റോ വിരിച്ച് കിടന്നുറങ്ങുന്നത് അപകടകരമാണ്. ഉറക്കത്തിൽ ചെറിയ പാമ്പുകൾ കടിച്ചാൽ പെട്ടെന്ന് വേദന അറിയില്ലെങ്കിലും മണിക്കൂറുകൾ കഴിയുമ്പോൾ ജീവന് ഭീഷണിയാകും. കട്ടിൽ ഭിത്തിയോടോ ജനലിനോടോ ചേർത്തിടരുത്. വിരികൾ നിലത്ത് മുട്ടി കിടക്കരുത്. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ദൂരേക്ക് വെളിച്ചം കിട്ടുന്ന ടോർച്ച് ഉപയോഗിക്കണം. തെങ്ങിൻ തോലുകൾ, ചപ്പിലകൾ, ഓടിൻ കഷ്ണങ്ങൾ, ഇഷ്ടികകൾ, തെങ്ങിൻ തൊണ്ട് എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കണം.
പാമ്പുകടിയേറ്റ ആളിന് ധൈര്യം നൽകുകയും ഒരിടത്ത് ഇരുത്തുകയും വേണം. നടക്കാനോ ഓടാനോ പാടില്ല. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കും. കടിയേറ്റ ഭാഗം മുറിക്കാനോ, കഴുകാനോ വായ കൊണ്ട് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്. മുറിവിന് പത്ത് ഇഞ്ച് മുകളിലായി തുണി ഉപയോഗിച്ച് അധികം മുറുക്കാതെ കെട്ടണം (രണ്ട് വിരൽ കടക്കാൻ പാകത്തിന് വിടവ് വേണം). കടിയേറ്റ ആളെ കിടത്തിയോ കസേരയിൽ ചാരിയിരുത്തിയോ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. കുലുക്കം തട്ടുന്ന ടൂ വീലറുകൾ ഒഴിവാക്കുക. ആന്റി വെനം ലഭ്യമായ, വെന്റിലേറ്റർ സൗകര്യവുമുള്ള ആശുപത്രികളിൽ എത്രയും വേഗം എത്തിക്കണം. സമയം ആണ് ഏറ്റവും പ്രധാനം. കടിച്ച പാമ്പിനെ തിരഞ്ഞും മറ്റും സമയം നഷ്ടമാക്കരുത്. വിഷം ഏറ്റുവോ എന്ന് ലക്ഷണങ്ങൾ വഴി തിരിച്ചറിയാൻ സാധിക്കും.














