• Home
  • kerala
  • റാമിന് മുൻ‌കൂർ ജാമ്യമില്ല, സംഗീത നമ്പ്യാർക്ക് അനുവദിച്ചു…കാരണങ്ങൾ
Image

റാമിന് മുൻ‌കൂർ ജാമ്യമില്ല, സംഗീത നമ്പ്യാർക്ക് അനുവദിച്ചു…കാരണങ്ങൾ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ല സെഷൻസ് കോടതി നാലിന്റേതാണ് വിധി. അതേസമയം, രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. വകുപ്പ് മേധാവി ഡോ. എം കെ റാം ജാതിയുടെയും നിറത്തിന്റെയും പേരിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിന് മുൻപ് തങ്ങളെ അറിയിച്ചിരുന്നതായി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.

സംഭവദിവസം ഉച്ചയ്ക്ക് ഒരുമണി മുതൽ 1.10 വരെ നിതിൻ പ്രിൻസിപ്പലിന്റെ ക്യാബിനിൽ ഉണ്ടായിരുന്നുവെന്നും ആ സമയം ഡോ. റാം അവിടെ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ലോൺ ആപ്പ് ഭീഷണി മൂലമാണ് ആത്മഹത്യ സംഭവിച്ചതെന്നും ജാത്യാധിക്ഷേപം ഉണ്ടായിരുന്നില്ലെന്ന് മറ്റ് കുട്ടികൾ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.’ആ ഇഡിയറ്റ് സിമ്പതിക്കു വേണ്ടി ചാടി’ എന്ന് ഡോ. റാം പറയുന്നത് കേട്ടുവെന്ന് നിതിന്റെ സഹപാഠി മൊഴി നൽകിയിരുന്നു. റാമുമായി ഉണ്ടായ പ്രശ്നങ്ങൾ നിതിൻ പ്രിൻസിപ്പലിന് മുൻപിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഡോ. റാം ഒ.ബി.സി വിഭാഗത്തിൽ പെടുന്ന ആളാണ്. അതിനാൽ എസ്.സി/ എസ്.ടി. ആക്ട് ബാധകമല്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ജാതീയ അധിക്ഷേപം ചെയ്ത ആൾ ഏത് ജാതിയിൽ പെടുന്നു എന്നതിനേക്കാൾ ഇരയുടെ എസ്.സി/എസ്.ടി പദവിയാണ് നിർണായകം എന്ന് പ്രൊസിക്യൂഷൻ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *