Categories
latest news

താലിബാന്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ തുടങ്ങി, പലരും ഒളിവില്‍, വനിതകളെ പ്രത്യേകം ഉന്നം വെക്കുന്നു, ഹിജാബ് നിർബന്ധം

അഫ്ഗാനിസ്ഥാനില്‍ ആധിപത്യം നേടിക്കഴിഞ്ഞ താലിബാന്റെ ആദ്യ ഉന്നങ്ങളിലൊന്ന് മാധ്യമപ്രവര്‍ത്തകരാണ്. താലിബാന്റെ നിഷ്ഠൂരതകള്‍ക്കെതിരെ മാധ്യമങ്ങള്‍ ലോകത്തെ ബോധവല്‍ക്കരിക്കുമെന്ന നിഗമനമുള്ള താലിബാന്‍ ഭീകരര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക തിരച്ചിലുകള്‍ ആരംഭിച്ചതിന്റെ സൂചന വന്നു കഴിഞ്ഞു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തിയിരിക്കയാണ് പല പ്രവിശ്യകളിലും. അതിനാല്‍ പല വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരാതായിരിക്കുന്നു.

കഴിഞ്ഞ ദിവസം ജര്‍മന്‍ ടി.വി. ജേര്‍ണലിസ്റ്റായ ഡ്യൂഷെ വെല്‍-ന്റെ വീട് താലിബാന്‍ ആക്രമിച്ചതോടെയാണ് മാധ്യമവേട്ടയുടെ കാര്യം പുറത്തു വന്നിരിക്കുന്നത്. ഡ്യൂഷെയുടെ ഒരു ബന്ധു താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. മറ്റു ചിലര്‍ക്ക് പരിക്കേറ്റു. ജലാലാബാദില്‍ താലിബാന്‍ വിരുദ്ധ റാലി റിപ്പോര്‍ട്ട് ചെയ്ത ജേര്‍ണലിസ്റ്റിനെ താലിബാന്‍ ഭീകരമായി മര്‍ദ്ദിച്ച സംഭവവും ഉണ്ടായി.
ഇതോടെ അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകര്‍ ഒട്ടേറെ പേര്‍ രാജ്യം വിടാനുള്ള നീക്കത്തിലാണ്. അവരില്‍ പലരും ഇന്ത്യയിലെ സുഹൃദമാധ്യമങ്ങളെ വിസ ലഭ്യമാക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ച് ബന്ധപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

thepoliticaleditor

എന്നാല്‍ ഈ സംഘര്‍ഷത്തിനിടയിലും അഫ്ഗാനിലെ ഏറ്റവും വലിയ ടെലിവിഷനായ ടോളോ ന്യൂസ് അതിന്റെ ജോലി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. പക്ഷേ അവരുടെ വാര്‍ത്താ അവതരണത്തിലും ശൈലിയിലും സാരമായ സ്വര വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നാണ് നിരീക്ഷണം. കഴിഞ്ഞ ദിവസം ചാനല്‍ മലാല യൂസഫ് സായിയുടെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. താലിബാനെതിരെ ശക്തമായ സന്ദേശമാണ് മലാല ആ അഭിമുഖത്തില്‍ നല്‍കിയിരുന്നത്. ഇത് ലോകം ആകെ ശ്രദ്ധിച്ചു, മലാലയുടെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും സെന്‍സര്‍ഷിപ്പില്ലാതെ മാധ്യമങ്ങളെ താലിബാന്‍ പ്രവര്‍ത്തിക്കാനനുവദിക്കുമോ എന്നതാണ് കാത്തിരിക്കുന്ന കാര്യമെന്നും ടോളോ ന്യൂസിന്റെ എഡിറ്ററും മലാലയുമായി അഭിമുഖം നടത്തിയ വ്യക്തിയുമായ മിറാഖ പോപ്പാല്‍ പറയുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും അതിന് ഉറപ്പു ലഭിക്കുമോ എന്ന് പറയാനാവില്ല–മിറാഖ പറയുന്നു.

സര്‍ക്കാര്‍ ടി.വി.യുടെ പരിപാടി അവതാരക സ്ഥാനത്തു നിന്നും വനിതകളെ കഴിഞ്ഞ ദിവസം മുതല്‍ വിലക്കി. ഇപ്പോള്‍ താലിബാനികളാണ് പരിപാടി അവതരിപ്പിക്കുന്നത്

വനിതാ ജേര്‍ണലിസ്റ്റുകള്‍ വലിയ വെല്ലുവിളി നേരിട്ടേക്കാം എന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ ടി.വി.യുടെ പരിപാടി അവതാരക സ്ഥാനത്തു നിന്നും വനിതകളെ കഴിഞ്ഞ ദിവസം മുതല്‍ വിലക്കി. ഇപ്പോള്‍ താലിബാനികളാണ് പരിപാടി അവതരിപ്പിക്കുന്നത്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ആദ്യ ദിവസം ടോളോ ന്യൂസില്‍ വനിതകളെ ഡ്യൂട്ടിയില്‍ നിയോഗിക്കാതെ ഇരുന്നു. പിറ്റേന്നു മുതല്‍ വനിതകള്‍ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. എന്നാല്‍ വനിതകളെല്ലാം ഹിജാബ് ധരിച്ചു മാത്രമേ പ്രത്യക്ഷപ്പെടാവൂ എന്ന് താലിബാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരിക്കയാണ്.

കാബൂളിലാണ് വലിയ മാധ്യമങ്ങളുടെ പ്രധാന ഓഫീസുകള്‍ ഉള്ളത്. അവര്‍ക്ക് ഇതവരെ വലിയ ഭീഷണി വന്നിട്ടില്ല. എന്നാല്‍ പ്രവിശ്യകളിലെ മാധ്യമപ്രവര്‍ത്തനം വലിയ പ്രശ്‌നത്തിലാണ്. താലിബാന്‍ അവിടെ പിടിമുറുക്കിയിരിക്കയാണ്. ഒട്ടും ശുഭാപ്തി വിശ്വസമില്ല എന്നാണ് ടോളോ ന്യൂസ് മേധാവി തുറന്നു പറയുന്നത്. കഴിഞ്ഞ ദിനങ്ങള്‍ അത്ര നല്ലതായിരുന്നില്ല എന്ന സൂചനയും നല്‍കുന്നുണ്ട്. ടോളോ ന്യൂസിന്റെ കോമ്പൗണ്ടില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ വന്നു. അവര്‍ സര്‍ക്കാരിന്റെ സപ്ലൈ ആയുധങ്ങള്‍ ഉണ്ടോ എന്നന്വേഷിച്ചാണ് വന്നതെന്നാണ് പറഞ്ഞത്. എങ്കിലും ഇത് നല്ല സൂചനയല്ല–ടോളോ ന്യൂസ് മേധാവി പറയുന്നു.

Spread the love
English Summary: taliban tagets media in afghanistan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick