Categories
latest news

ജി.സുധാകരന്റെ പുതിയ കവിത…. ഇതുവരെ ചെയ്‌തത്‌ നന്ദി കിട്ടാത്ത പണി, വേട്ടയാടലിനെതിരെ അമര്‍ഷം

‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ
പണികളൊക്കെ നടത്തി ഞാനെന്റെയി
മഹിത ജീവിതം സാമൂഹ്യമായെന്നു
പറയും സ്‌നേഹിതര്‍ സത്യമതെങ്കിലും
വഴുതി മാറും മഹാനിമിഷങ്ങളില്‍
മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ്
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം’.

ജി.സുധാകരന്‍ വീണ്ടും കവിതയെഴുതുകയാണ്‌, തന്റെ ആത്മസംഘര്‍ഷങ്ങള്‍ കടലാസില്‍ കവിതയായി വാര്‍ന്നു വീണത്‌ പക്ഷേ പുറത്തു വന്നയുടനെ വിവാദവുമായി. സ്ഥിരമായി തന്റെ കവിതകള്‍ വെളിച്ചം കാണിക്കുന്ന കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച പുതിയ കവിത ‘നേട്ടവും കോട്ടവും’ആലപ്പുഴയിലെ സമകാലിക സി.പി.എം. വിഭാഗീയത നിഴലിക്കുന്ന സാഹിത്യരചനയായതിനാല്‍ ചര്‍ച്ചയായി.

thepoliticaleditor

സുധാകരന്‍ പ്രതിയാക്കപ്പെട്ടിരിക്കുന്ന അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിവിവാദവും ജില്ലയില്‍ സുധാകര വിരുദ്ധ ഗ്രൂപ്പുകാര്‍ ഒന്നിച്ച്‌ തന്നെ ആക്രമിക്കുന്നതും കവിതയിലെ വരികള്‍ക്കിടയില്‍ വായിക്കാം. തന്നെ വേട്ടയാടുന്നതിലെ അമര്‍ഷവും വിഷമവും സുധാകരന്‍ കവിതയില്‍ പങ്കുവെക്കുന്നു. എന്നാല്‍ വിവാദമായതിനെത്തുടര്‍ന്ന്‌ വിശദീകരണക്കുറിപ്പുമായി ജി.സുധാകരന്‍ രംഗത്തു വന്നു. തന്റെ കവിത ചെറുപ്പക്കാര്‍ക്കു വേണ്ടിയുള്ളതാണെന്നും മറ്റൊന്നും വായിക്കേണ്ടതില്ലെന്നും അദ്ദഹം പറയുന്നു.

പാര്‍ട്ടിയ്ക്ക് വേണ്ടി പണിയെടുത്തത് വ്യര്‍ത്ഥമായെന്ന നിരാശ കവിതയിൽ പ്രതിഫലിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വെട്ടിനിരത്തപ്പെട്ട സുധാകരനെ ഒരു വിഭാഗം സംഘടിതമായി വേട്ടയാടുകയാണ്. അമ്പലപ്പുഴയിലെ പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുറ്റവിചാരണ നേരിടുന്നതിനിടെയാണ് കവിത ചര്‍ച്ചയാകുന്നത്. പാര്‍ട്ടിയില്‍ നിന്നും തനിക്കേറ്റ ദുഖങ്ങളാണ് കവിതയ്ക്ക് വിഷയമെന്നാണ് വ്യാഖ്യാനം. അക്ഷീണം പണിയെടുത്ത തന്നെ പാര്‍ട്ടിയ്ക്കുള്ളിലെ നവാഗതര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ രോഷവും വേദനയും കവി മറച്ചുവെയ്ക്കുന്നില്ല. താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും കഴിവുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് സ്‌നേഹിതര്‍ പറയുന്നുവെന്നും കവിതയുടെ അവസാനഭാഗത്ത് കവി ചൂണ്ടിക്കാട്ടുന്നു.

ഇനി ഒരു ജന്മമുണ്ടോ; ജന്മാന്തരങ്ങളില്‍
പ്രണയപൂര്‍വ്വം പ്രതീക്ഷയില്‍ അല്ല ഞാന്‍
മനുജപര്‍വ്വം കഴിഞ്ഞിനി ശേഷിപ്പു
ചരിത വീഥിതന്‍ നേട്ടവും കോട്ടവും
അതിലൊരാശങ്ക വേണ്ടെന്നു സ്‌നേഹിതര്‍
കഴിവതൊക്കെയും ചെയ്‌തെന്നു സ്‌നേഹിതര്‍
ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാ ഭരിതരായ
നവാഗതര്‍ അക്ഷീണ മനസ്സുമായി നവപഥവീഥിയില്‍.

എന്നാണ് കവി പറയുന്നത്.

എന്നാൽ കവിത പാർട്ടി വൃത്തങ്ങളിൽ വിവാദമായതോടെ, പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയാണെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കവിത നവാഗതര്‍ക്ക് സമര്‍പ്പിക്കുന്നത് ആണെന്നും വ്യക്തമാക്കി പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ പേജും സഹിതം സുധാകരൻ ഫേസ് ബുക്കില്‍ കുറിപ്പിട്ടു. തനിക്കെതിരെ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഈ കവിതയും തനിക്കു എതിരായ തെളിവായി ഉപയോഗിക്കും എന്നതിനാൽ ആവാം സുധാകരൻ നിഷേധ കുറിപ്പുമായി വന്നിട്ടുള്ളതു. അതെ സമയം കവിത കൊണ്ട് തൻ എന്താണോ ഉദ്ദേശിച്ചത് അത് ചർച്ചാവിഷയമാവുകയും ചെയ്തു.

Spread the love
English Summary: NEW POEM OF G SUDHAKARAN ROCKS DISCUSSIONS ABOUT CPM GROUPISM IN ALAPUZHA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick