Categories
kerala

30 വർഷത്തെ സാമ്പത്തിക ഉദാരവത്ക്കരണം: ഇന്ത്യ എന്തു നേടി ?

1991-ൽ അവതരിപ്പിച്ച സാമ്പത്തിക പരിഷ്കാരത്തിന്റെ കേന്ദ്ര ബിന്ദു പൊതുവായി കരുതപെടുന്നത് കമ്പോളത്തിന് അനുകൂലമായ ഭരണകൂടത്തിന്റെ പിൻവാങ്ങൽ അല്ല, മറിച്ച് സർക്കാരിന്റെ സ്വഭാവത്തിലുള്ള മാറ്റമാണ്. സ്ഥൂല സാമ്പത്തിക സ്ഥിരതയ്ക്കും (Macro economic stability) ഘടനാപരമായ പരിഷ്കാരത്തിനും (Structural reforms) പ്രധാന്യം നൽകിയാണ് 1991 ജൂലൈ മാസം 24ാം തീയ്യതി കേന്ദ്രധനകാര്യ മന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് തന്റെ ബജറ്റിലൂടെ “പുത്തൻ സാമ്പത്തിക നയം ” (New Economic Policy) അവതരിപ്പിച്ചത്.

സാമ്പത്തിക വികസനത്തിന് കുതിപ്പ്

                ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പരിഷ്കരണത്തിന്റെ സ്വാധീനം വിലയിരുത്തുമ്പോൾ ഗുണ-ദോഷസമിശ്രമായ ഫലമാണ് കാണുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തികവികസനത്തെ രണ്ടു ഘടകങ്ങളെ ആധാരമാക്കി വിലയിരുത്താം. ഒന്നാമതായി, സാമ്പത്തിക വളർച്ച, രണ്ടാമതായി, മാനവവികസന രംഗത്തുളള വളർച്ച. ഇക്കാലയളവിൽ സാമ്പത്തിക വളർച്ചയെ നിർണ്ണയിക്കുന്ന ജി .ഡി.പി വളർച്ചാ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

thepoliticaleditor

• ഉദാരവൽക്കരണം (Liberalisation), സ്വകാര്യവൽക്കരണം (Privatisation), ആഗോളവത്ക്കരണം (Globalisation) എന്നിവയിലൂടെ ലൈസൻസ് രാജ് ഇന്ത്യയിൽ അവസാനിപ്പിക്കാനും, വിപണികൾക്ക് നിയന്ത്രണം വിട്ടുകൊടുക്കുകയും, പൊതുമേഖലകളെ സ്വകാര്യവൽക്കരിക്കുകയും, ഇന്ത്യൻ വിപണിയെ ആഗോള വിപണികളുമായി മത്സരിക്കാനും, ബഹുരാഷ്ട കമ്പനികൾക്ക് ഇന്ത്യയിൽ വിദേശനിക്ഷേപത്തിനുള്ള സാധ്യതയും തുറന്നു നൽകി.

• അതിനൊപ്പം സ്വകാര്യ മേഖലയുടെ മുകളിലുള്ള സർക്കാർ നിയന്ത്രണങ്ങൾ കുറയ്ക്കുകയും, അന്താരാഷ്ട വ്യാപാരത്തിനുള്ള എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

• ടെലികോം മേഖലയെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുകയും ടെലികോം സംയുക്ത സംരംഭങ്ങളിൽ വിദേശ പങ്കാളിത്തം അനുവദിച്ചു.

• 1991-ലെ സാമ്പത്തിക പരിഷ്കാരത്തിനുശേഷം ഏറ്റവും വലിയ മാറ്റങ്ങൾ പ്രകടമായത് ബാങ്കിംഗ് – ഇൻഷൂറൻസ് മേഖലയിലാണ്.

ഡോ. മൻമോഹൻ സിംഗ്

•  ദേശസാൽകൃതബാങ്കുകളുടെ ആധുനീകവൽക്കരണവും ഗ്രാമീണ മേഖലയിലടക്കം ബ്രാഞ്ചുകൾ സ്ഥാപിക്കുന്നതിനായി ബ്രാഞ്ച് ബാങ്ക് ലൈസൻസ് ഉദാരമാക്കി. അതിനൊടൊപ്പം പുതിയ സ്വകാര്യ ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി.

• പൊതുമേഖലയുടെ കുത്തകയായിരുന്ന ഇൻഷൂറൻസ് മേഖലയിൽ സ്വകാര്യവൽക്കരണത്തോടെ വിദേശ ഇൻഷൂറൻസ് കമ്പനികളും ഇന്ത്യൻ ഇൻഷൂറൻസ് മേഖലയിൽ പ്രവർത്തിക്കുവാൻ അനുമതി നൽകി.

• ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ മൂലധനം ഒഴുകിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെത്തിയ വിദേശ മൂലധനത്തിന്റെ ഏറിയ പങ്കും വിനിയോഗിക്കപ്പെട്ടത് ഓഹരി കമ്പോളത്തിലാണ്.

• പ്രത്യക്ഷ നികുതികൾ കുറയ്ക്കുകയും കൂടുതൽ ലളിതവത്കരിക്കുകയും ചെയ്ത ഇൻകം ടാക്സിലും കോർപറേറ്റ് ടാക്സിലും നികുതി ഇളവുകളും സ്ലാബ് പരിഷ്കരണവും നടപ്പിലാക്കി.

മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു

• 1991 നു ശേഷം സേവന രംഗത്താണ് വൻ കുതിപ്പാണ് പ്രകടമാകുന്നത്. 1994 മുതൽ ഇന്ത്യയിൽ സേവന നികുതി ഏർപ്പെടുത്തി.

• വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇക്കാലയളവിൽ വർധനവ് പ്രകടമായി. വിദേശത്തുനിന്നുള്ള പണമയക്കലും സോഫ്റ്റ് വെയർ കയറ്റുമതിയുമാണ് വിദേശ നാണ്യ ശേഖരത്തിൽ വർദ്ധനവുണ്ടാക്കാൻ സഹായിക്കുന്നത്.

മാനവവികസനത്തിന് തളർച്ച

• 1990-ലെ ആദ്യ മാനവവികസന റിപ്പോർട്ടിലെ (Human Development Report) സൂചിക പ്രകാരം 144 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ 114 മതാണ്. എന്നാൽ 2020-ലെ സൂചിക പ്രകാരം 189 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ റാങ്ക് 131 മതാണ്.
• ആഗോള പട്ടിണി സൂചിക (Global Hunger Index) പ്രകാരം 99 രാജ്യങ്ങൾക്കിടയിൽ 2014 -ൽ ഇന്ത്യയുടെ സ്ഥാനം 55 റാങ്ക് ആയിരുന്നുവെങ്കിൽ 2020-ൽ 107 രാജ്യങ്ങൾക്കിടയിൽ 94 റാങ്കാണ്.
• കാർഷികരംഗത്തെയാണ് സാമ്പത്തിക പരിഷ്കാരം ഏറ്റവും കൂടുതൽ ബാധിച്ചത്. കർഷകർക്ക് ന്യായ വില ഉറപ്പുവരുത്തുന്നിലെന്ന് മാത്രമല്ല കാർഷിക സബ്സിഡികൾ കുറയുന്നതിനാൽ കൃഷി ചെലവ് വർദ്ധിച്ച് കൃഷിക്കാർ തങ്ങളുടെ അതിജീവനം പോലും സാധ്യമാകാതെ ലക്ഷകണക്കിന് ഇന്ത്യയിലെ കർഷകരെയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം

• കേന്ദ്രസർക്കാർ അടിസ്ഥാന സൗകര്യവികസനത്തിന് മുഖ്യപരിഗണന നൽകുകയും, നിക്ഷേപ – ഉല്പാദന പ്രവർത്തനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുകയും ചെയ്തതിന്റെ ഫലമായി വിദ്യാഭ്യാസ – ആരോഗ്യ മേഖലയിൽ പൊതുമേഖലയുടെ പങ്കാളിത്തത്തിലുളള കുറവ് പ്രതിസന്ധി സൃഷ്ടിച്ചു.
• ടെൻഡുൽകറിന്റെ ദാരിദ്ര്യ പഠനപ്രകാരം 1993 – 94 കാലത്ത് 45.3 ശതമാനത്തിൽ നിന്ന് 2011-12 കാലത്ത് 21.9 ശതമാനമായി ദാരിദ്ര്യ നിരക്ക് കുറഞ്ഞു. എങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ദാരിദ്ര്യം, പട്ടിണി, പോഷകാഹാര കുറവ് എന്നിവ ഉയർന്ന നിലയിലാണ്.
• ആപേക്ഷികമായി  ദാരിദ്ര്യത്തിൽ കുറവുണ്ടെങ്കിലും ഇന്ത്യയിലെ മൂന്നിലൊരാൾ എന്ന കണക്കിൽ ഇന്നും ബഹുമുഖ ദാരിദ്ര്യം (Multidimensional Poverty) അനുഭവിക്കുന്നു.
• ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളം ഒരു ശതമാനത്തോളമുള്ള ശതകോടീശ്വരന്മാർ കൈക്കലാക്കിയത്. ഇന്ത്യയിൽ വർധിച്ചുവരുന്ന അസമത്വം ദാരിദ്ര്യത്തിന് എതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും സാമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കുകയും സാമ്പത്തികവളർച്ചയെ പോലും മന്ദഗതിലാക്കുകയും ചെയ്തു.
• സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെടുമ്പോഴും തൊഴിൽ രഹിത വളർച്ച (Jobless Growth)യും സ്ഥിരം തൊഴിലവസരങ്ങൾ കുറയുന്നു.

ഇപ്പോഴത്തെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍

• ഇന്ത്യയിലെ തൊഴിൽ മേഖലയിലെ വളർച്ച മാത്രമല്ല കുറഞ്ഞത് അതിനൊപ്പം തൊഴിൽ പങ്കാളിത്ത നിരക്കിലും (Labour Force Participation Rate) വൻ കുറവാണ് പ്രകടമാകുന്നത്. ലോകബാങ്കിന്റെ കണക്കു പ്രകാരം 1990-ൽ ഇന്ത്യയുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 58.4 ശതമാനമായിരുന്നു. എന്നാൽ 2018-ൽ 49.4 ശതമാനമായി തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞു.
• 2017-18 നു ശേഷം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനവും ചരക്കു – സേവനനികുതി പരിഷ്കാരവും  കൂടുതൽ തൊഴിൽ നഷ്ടത്തിന് കാരണമായി.
• കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം 2020 മാർച്ച് മാസം മുതൽ പലതവണകളായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യയിലെ തൊഴിൽ മേഖലയെ രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്ന അവസ്ഥയിലെത്തിച്ചു.
• • എങ്കിലും മറ്റു രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മാനവവികസന രംഗത്ത് പ്രത്യേകിച്ച് യാതൊരു കുതിപ്പും കാണാനില്ലെന്ന് മാത്രമല്ല തികച്ചും നിരാശാജനകമായ അവസ്ഥയിലാണ്.

              മൂന്ന് പതിറ്റാണ്ടിലെ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തിലും ഗുണനിലവാരത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഈ പരിഷ്കരണങ്ങൾ സമ്പദ് വ്യവസ്ഥയിൽ ട്രിക്കിൾ ഡൗൺ ഇഫക്റ്റിലൂടെ(അരിച്ചിറങ്ങൽ സിദ്ധാന്തം) ഇന്ത്യയിലെ ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഫലപ്രദമായിരുന്നില്ല. ഇന്ത്യയിൽ ഇക്കാലയളവിൽ ഉയർന്ന സാമ്പത്തിക വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും കാരണമാകുന്നില്ലെന്ന് തുറന്നുകാട്ടുന്നു.

(ലേഖകൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)

Spread the love
English Summary: what we gain from the three decades of economic reforms?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick