Categories
latest news

ഊഹാപോഹങ്ങളുടെ നടുവൊടിച്ച്‌, എന്നാല്‍ മുകേഷിനോടുള്ള ഭിന്ന സ്വരം ധ്വനിഭംഗിയില്‍ വെളിവാക്കി മേതില്‍ ദേവിക

നടന്‍ മുകേഷുമായുള്ള വിവാഹമോചനമാണോ അതോ രാഷ്ടീയക്കാരനായ മുകേഷുമായുള്ള വിവാഹമോചനമാണോ കലാകാരിയായ മേതില്‍ ദേവിക തേടിയത്‌..? തീര്‍ച്ചയായും രാഷ്ട്രീയക്കാരനായ മുകേഷിനെയല്ല ദേവിക ഒപ്പം കൂട്ടി ജീവിക്കാന്‍ തീരുമാനിച്ചത്‌ എന്ന്‌ അവരുടെ വാക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്‌. ഈ താരവിവാഹമോചനത്തെ സോഷ്യല്‍ മീഡിയ ഒരു പാട്‌ ഊഹാപോഹങ്ങളും ചേര്‍ത്ത്‌ വലിയൊരു വിവാദമാക്കിയതിനെതിരെ അതീവ പക്വതയോടെ പ്രതികരിച്ച്‌ എല്ലാ ഊഹങ്ങളുടെയും മുനയൊടിച്ച ദേവിക പക്ഷേ വ്യംഗഭംഗിയോടെ പറഞ്ഞ ചില കാര്യങ്ങളിലാണ്‌ വസ്‌തുതകള്‍. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍, തന്റെ നിലപാടുകള്‍ സംസാരിക്കാന്‍ തയ്യാറായ ദേവിക വ്യത്യസ്‌തയായി നില്‍ക്കുന്നു.

മുകേഷ്‌ ലളിത കലാ അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത്‌ ലളിതകലാ അക്കാദമി അംഗമായിരുന്നു ദേവിക. ദേവിക ഇഷ്ടപ്പെട്ട മുകേഷ്‌ രാഷ്ട്രീയക്കാരനായ മുകേഷിനെ ആയിരുന്നില്ലെന്ന്‌ ദേവിക സൂചിപ്പിക്കുന്നു. രാഷ്ട്രീയക്കാരന്റെ സമയങ്ങള്‍ ഒരു വിഷയമാണ്‌. തനിക്ക്‌ കുടുംബജീവിതം കിട്ടിയില്ലെന്ന്‌ ദേവിക പറഞ്ഞതായി പറയുന്നുണ്ട്‌. അതില്‍ യാഥാര്‍ഥ്യമുണ്ടാകണം. ദേവികയുടെ കണ്‍സപ്‌റ്റ്‌ അനുസരിച്ചല്ല പിന്നീട്‌ മുകേഷിന്റെ ജീവിതം ഉണ്ടായത്‌. അതില്‍ ദേവികയ്‌ക്ക്‌ കിട്ടിയ സമയം, കിട്ടിയ പരിഗണനകള്‍ താന്‍ പ്രതീക്ഷിച്ച മാതിരി വന്നില്ല എന്നതാണ്‌ ദേവിക സൂചിപ്പിച്ചത്‌. രാഷ്ട്രീയത്തിലേക്ക്‌ വരാനുള്ള തീരുമാനം മുകേഷിന്റെതാണെന്ന്‌ ദേവിക അടിവരയിട്ടു പറയുന്നു. രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന മുകേഷില്‍ താന്‍ സങ്കല്‍പിച്ച പഴയ മുകേഷ്‌ നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന്‌ ദേവിക തിരിച്ചറിയുന്നു. ഇത്‌ അവര്‍ തമ്മിലുള്ള വേര്‍പിരിയലിന്‌ പ്രധാന കാരണമായിട്ടുണ്ടെന്നാണ്‌ ദേവിക തന്നെ നല്‍കുന്ന സൂചന.

ദേവിക ഇവിടെ പറയാതെ പറയുന്ന മറ്റൊരു കാര്യമുണ്ട്‌–മുകേഷ്‌ സ്വന്തം താല്‍പര്യം മാത്രമാണ്‌ നോക്കിയിരുന്നത്‌. ഒരു തവണ ജനപ്രതിനിധിയാകുക ഒരു കൗതുകമെന്നു വെച്ചാല്‍ പോലും രണ്ടാം തവണയും അതിലേക്കു പോകുന്നതിനു പിന്നില്‍ ഒരു ആസ്‌കതിയുടെ തലം ഉണ്ട്‌. സ്വയം അഭിരമിക്കുന്ന കാര്യങ്ങളില്‍ പങ്കാളിയെ ചേര്‍ക്കാന്‍ മുകേഷിന്‌ സാധിച്ചില്ല എന്നതാണ്‌ ദേവിക നല്‍കിയ സൂചന. നേരത്തെ തന്നെ ദേവിക മടുപ്പും എതിര്‍പ്പും പറഞ്ഞിരിക്കാം, പക്ഷേ പങ്കാളിയല്ല കാര്യം തന്റെ താല്‍പര്യം മാത്രമാണ്‌ താന്‍ നോക്കാന്‍ പോകുന്നത്‌ എന്നത്‌ ഭാവിയിലേക്കുള്ള സന്ദേശമായി ദേവികയ്‌ക്ക്‌ തോന്നി എന്നിടത്താണ്‌ കാര്യം. എങ്കിലും തികച്ചും പക്വതയോടെ, തിരഞ്ഞെടുപ്പുകാലത്ത്‌ ഉള്ളില്‍ക്കിടന്ന്‌ പുകയുമ്പോഴും അതിന്റെ തീയോ കനലോ ഒട്ടും പുറത്തു പറയാതെ മുകേഷിന്റെ നേട്ടത്തിന്‌ തടസ്സമായി എന്ന്‌ പരാതിപ്പെടലിന്‌ വഴികൊടുക്കാതെ ദേവിക പെരുമാറിയത്‌ പ്രശംസനീയമാണ്‌. ഒരു വ്യക്തിയുടെ ക്യാരക്ടര്‍ അതില്‍ നിഴലിക്കുന്നുണ്ട്‌. മാധ്യമങ്ങള്‍ അതാണ്‌ എടുത്തു പറയേണ്ട പ്രധാനമായൊരു കാര്യം.

വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല മുകേഷ്‌ എന്ന പ്രതികരണത്തിലും ചില സൂചനകളുണ്ട്‌. ദേഷ്യം വന്നാല്‍ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു എന്ന്‌ ദേവിക വെളിപ്പെടുത്തുന്നു. ഈ വൈകാരിക അനിയന്ത്രിതാവസ്ഥ അവരുടെ ജീവിതത്തില്‍ സൃഷ്ടിച്ച പൊരുത്തക്കേടുകള്‍ക്കും അസംതൃപ്‌തിക്കും ദേവികയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ പങ്കുണ്ട്‌ എന്നതാണ്‌ കാര്യം. ജനപ്രതിനിധിയായ മുകേഷ്‌ തന്നെ ഒരു ബാലനോട്‌ പെരുമാറുന്ന രീതി അടുത്ത കാലത്ത്‌ പൊതുപ്ലാറ്റ്‌ഫോമില്‍ ഏറെ വിവാദം സൃഷ്ടിച്ചതാണ്‌.

thepoliticaleditor
Spread the love
English Summary: METHIL DEVIKA SPOKES TO MEDIAS OPENLY ABOUT HER DIVORCE NOTICE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick