Categories
kerala

നല്‍കിയ ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കാന്‍ കഴിയുമോ….മന്ത്രിക്കും മീതെയോ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക്? വിവാദം കനക്കുന്നു

മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചയാള്‍ക്ക് നല്‍കിയതിന്റെ പേരില്‍ റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തില്‍ വിവാദം കത്തുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ആണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കിയത്. അത് സമ്മാനിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഉദ്യോഗസ്ഥയായ ഒ.ജി ശാലിനിയുടെ ബഹുമതിയാണ് റദ്ദാക്കപ്പെട്ടത്. വകുപ്പിലെ വിവരാവകാശ ഓഫീസറായ ശാലിനി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയിലെ അംഗവുമാണ്.
ചന്ദ്രശേഖരന്‍ മന്ത്രിയായിരിക്കുമ്പോള്‍ അന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ജയതിലക് ഇറക്കിയ് ഒരു ഉത്തരവ് ആണ് വിവാദ മരം മുറിയിലേക്ക് നയിച്ചത്. ഉത്തരവ് ദുരുപയോഗിക്കാനുള്ള സാധ്യത കോഴിക്കോട് കളക്ടര്‍ ചൂണ്ടിക്കാട്ടിയിട്ടും അത് അവഗണിക്കുകയായിരുന്നു ജയതിലക് എന്ന് പറയുന്നു. പി്ന്നീട് മന്ത്രിക്കു തന്നെ ഇത് ബോധ്യപ്പെട്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു. പക്ഷേ അപ്പോഴേക്കും മരം മുറിക്കലും കടത്തലും നിര്‍ബാധം നടത്തിത്തുടങ്ങിയിരുന്നു.

റവന്യൂമന്ത്രി കെ.രാജന്‍

പുതിയ റവന്യൂമന്ത്രി പോലുമറിയാതെ ജയതിലക് ഇപ്പോള്‍ എടുത്ത തീരുമാനം പുതിയ വിവാദങ്ങളിലേക്കും നയിച്ചിരിക്കുന്നു. മന്ത്രിക്കും മീതെയാണോ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തിയിരിക്കയാണ്. കേന്ദ്രമന്ത്രി വി.മുരളീധരനും പരിഹാസവുമായി രംഗത്തു വന്നിരിക്കയാണ്. മുരളീധരന്റെ ഫേസ് ബുക്ക് പേജില്‍ സീതാറാം യെച്ചൂരി വിവരാവകാശനിയമത്തെ കേന്ദ്രസര്‍ക്കാര്‍ കൊല്ലുന്നു എന്ന പ്രസ്താവനയുമായി ചേര്‍ത്താണ് കേരളത്തിലെ സംഭവത്തെ മുരളീധരന്‍ വിമര്‍ശിക്കുന്നത്. വിവരാവകശത്തെ ആര്‍ക്കാണ് ഭയം യെച്ചൂരി എന്ന ചോദ്യമാണ് മുരളീധരന്‍ ഉയര്‍ത്തുന്നത്. ഇടതുസര്‍ക്കാരാണ് വിവരാവകാശത്തിന്റെ വേരറുക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിക്കുന്നു. വിവരാവകാശപ്രകാരം രേഖകള്‍ നല്‍കിയ ഉദ്യോഗസ്ഥയോടുള്ള സമീപനം ഇതിനുദാഹരണമാണെന്നും മുരളീധരന്‍ പറയുന്നു.

thepoliticaleditor

ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണമായി :

വിവരാവകാശത്തെ ആര്‍ക്കാണ് ഭയം ശ്രീ സീതാറാം യച്ചൂരി…?
സര്‍ക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും മറയ്ക്കാന്‍ വിവരാവകാശ നിയമത്തിന്‍റെ വേരറുക്കാന്‍ ശ്രമിക്കുന്നത് താങ്കളുടെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ്…
മുട്ടില്‍ മരംകൊള്ള പുറത്തുകൊണ്ടുവന്ന വിവരാവകാശ രേഖകള്‍ ചട്ടപ്രകാരം നല്‍കിയ ഉദ്യോഗസ്ഥയോടുള്ള കേരളസര്‍ക്കാരിന്‍റെ സമീപനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് എന്താണ് പറയാനുള്ളത്…?
ഒരിക്കല്‍ നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുക എന്ന കേട്ടുകേള്‍വിയില്ലാത്ത പ്രതികാര നടപടിയോട് പാര്‍ട്ടി മൗനം പാലിക്കുന്നതെന്ത്….?
വെള്ളരിക്ക പട്ടണം മോഡല്‍ ഭരണം നടത്തുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വം ആരെയാണ് ഭയപ്പെടുന്നത്…?
നാടിന്‍റെ സമ്പത്ത് കൊള്ളയടിച്ചവരെ വെളിച്ചത്തു കൊണ്ടു വന്നത് മഹാഅപരാധമാണു പോലും…!
സ്ത്രീ ശാക്തീകരണത്തിന്‍റ വക്താക്കളാണ് മികച്ച വനിതാ ഉദ്യോഗസ്ഥരെ ആത്മവീര്യം കെടുത്തി തളര്‍ത്താന്‍ ശ്രമിക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം..
ഉദ്യോഗസ്ഥരെ വിരട്ടിയാല്‍ തീരുന്നതല്ല മരംകൊള്ളയ്ക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മേല്‍ വീണ കറയെന്ന് മനസ്സിലാക്കുക..
കാലം കണക്ക് പറയിക്കുക തന്നെ ചെയ്യും….
വിവരാവകാശ നിയമത്തിന്‍റെ അന്തസത്ത നിലനിര്‍ത്താനുള്ള സീതാറാം യച്ചൂരിയുടെ പോരാട്ടം തിരുവനന്തപുരത്തു നിന്ന് തുടങ്ങട്ടെ…!

Spread the love
English Summary: GOOD SERVICE ENTRY CANCELLATION IN REVENUE DEPARTMENT CREATES CRITICISM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick