Categories
kerala

പത്രപ്രവർത്തകന് പോലീസ് മർദ്ദനം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ, സി.ഐ.യെ മലപ്പുറത്തേക്ക്‌ സ്ഥലം മാറ്റി സര്‍ക്കാര്‍

മാധ്യമം ദിനപത്രത്തിന്റെ ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിനെ മർദ്ദിച്ച തിരുർ പോലീസ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. കെ.പി. എം റിയാസ് സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിനെ തിരൂരില്‍ നിന്നും മാറ്റി രാത്രി വൈകി ആഭ്യന്തര വകുപ്പ്‌ ഉത്തരവിറക്കി. ഫർഷാദ് ഉടൻതന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടതിനു പിറകെയാണ്‌ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ട്‌ ഉത്തരവായത്‌. മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പൊലീസ്‌ മേധാവിമാരുടെ ആസ്ഥാനങ്ങളിലേക്ക്‌ വ്യാഴാഴ്‌ച മാര്‍ച്ച്‌ നടത്താന്‍ ആഹ്വാനം ചെയ്‌തിരുന്നു.

thepoliticaleditor

ഇക്കഴിഞ്ഞ ജൂലൈ 8 നാണ് പരാതിക്കു അടിസ്ഥാനമായ സംഭവം. പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തൂർ പുതുപള്ളിയിലെ കടയിൽ നിൽക്കുമ്പോഴാണ് തനിക്ക് മർദ്ദനമേറ്റതെന്ന് പരാതിക്കാരൻ അറിയിച്ചു. ഇടതുകാലിലും ഇരുതോളിലും കൈയിലും കാലിലും ലാത്തി ഉപയോഗിച്ച് ശക്തിയായി മർദ്ദിച്ചു. താൻ പത്രപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു. തുടർന്ന് പരാതിക്കാരൻ തിരൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധനങ്ങൾ വാങ്ങാനെത്തിയ തന്നെ അകാരണമായി മർദ്ദിച്ച സി ഐ, ടി.പി ഫർഷാദിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് കമ്മീഷൻ പരിഗണിക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick