Categories
kerala

എന്‍.സി.പി. നേതാവ്‌ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതി ഒതുക്കാനായി മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടു? നടന്ന സംഭവങ്ങൾ ഇങ്ങനെ …

പിതാവിനോട്‌ സംസാരിച്ചപ്പോള്‍ മാത്രമാണ്‌ വിഷയം പാര്‍ടി പ്രശ്‌നമല്ലെന്ന്‌ മനസ്സിലായത്‌ എന്ന മന്ത്രിയുടെ വിശദീകരണം കള്ളമാണെന്നതിന്‌ മന്ത്രിയുടെ ഫോണ്‍ സംഭാഷണം തന്നെ തെളിവാണ്‌

Spread the love

എന്‍.സി.പി. നേതാവ്‌ ജി. പത്മാകരന്‍ തന്നെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതി ഒതുക്കാനായി മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടു എന്ന്‌ ആരോപണം ഉയരുന്നു. പരാതിക്കാരിയായ യുവതിയുടെ പിതാവായ എന്‍.സി.പി. പ്രവര്‍ത്തകനെ മന്ത്രി ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖയാണ്‌ പുറത്തു വന്നിട്ടുള്ളത്‌. ഇതില്‍ വിഷയം നല്ല രീതിയില്‍ അവസാനിപ്പിക്കണം എന്ന്‌ മന്ത്രി പറയുന്നുണ്ട്‌. ഇതാണ്‌ ഇപ്പോള്‍ വലിയ വിവാദമായി കത്തിപ്പടരുന്നത്‌. പരാതിക്കാരിയായ യുവതി ബി.ജെ.പി.യുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകയാണ്‌. എന്നാല്‍ മന്ത്രി ആരോപണം നിഷേധിച്ചു.

ജി. പത്മാകരന്‍ ഒരു കടയ്‌ക്കകത്ത്‌ വെച്ച്‌ തന്നെ കയറിപ്പിടിച്ചു എന്ന്‌ പൊലീസില്‍ പരാതി നല്‍കിയത്‌ കൊല്ലം ജില്ലയിലെ കുണ്ടറയിലെ യുവതിയാണ്‌. എന്നാല്‍ പിതാവായ പ്രാദേശിക എന്‍.സി.പി. നേതാവിനെ സ്വാധീനിച്ച്‌ പരാതി ഇല്ലാതാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ശ്രമിച്ചു എന്നാണ്‌ ആരോപണം.

പരാതിക്കാരിയായ യുവതി കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. അന്നു മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ഇവരെക്കുറിച്ച്‌ പ്രചാരണം നടന്നു വെന്ന്‌ യുവതി പൊലീസില്‍ പരാതിപ്പെട്ടിരുന്നു എന്നു പറയുന്നു. എന്നാല്‍ പൊലീസ്‌ നടപടിയെടുത്തില്ലെന്നാണ്‌ യുവതി പറയുന്നത്‌. ഇതിനെത്തുടര്‍ന്നാണ്‌ കഴിഞ്ഞ ജൂണ്‍ 28-ന്‌ വീണ്ടും പൊലീസില്‍ യുവതി പരാതി നല്‍കിയത്‌. പത്മാകരന്‍ തന്നെ അപമാനിച്ചു എന്നതായിരുന്നു പുതിയ പരാതി.

thepoliticaleditor

അതേസമയം ശബ്ദരേഖയില്‍ പറയുന്ന കാര്യത്തില്‍ മന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചു. പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്‌ തന്റെ പാര്‍ടിക്കാരനായതിനാലാണെന്നും പാര്‍ടിയുമായുള്ള പ്രശ്‌നമാണെന്ന്‌ വിചാരിച്ചാണ്‌ സംസാരിച്ചു തുടങ്ങിയതെന്നും അതല്ല പ്രശ്‌നം എന്നു മനസ്സിലായതോടെ വിഷയം അവസാനിപ്പിക്കാന്‍ പൊതുവായി പറയുകയാണ്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ആ സംസാരത്തോടെ താന്‍ ആ വിഷയം വിട്ടതായും മന്ത്രി വ്യക്തമാക്കി.

വിവാദം കൊഴുക്കുന്നതിനിടെ വ്യക്തമാകുന്ന ഒരു കാര്യം മന്ത്രിയും യുവതിയുടെ പിതാവും തമ്മിലുള്ള സംഭാഷണം പുറത്താക്കിയത്‌ എന്‍.സി.പി.യിലെ ഉള്‍പാര്‍ടി നീരസവുമായി ബന്ധപ്പെട്ടാണ്‌ എന്നതാണ്‌.

യുവതിയുടെ പിതാവ്‌ തന്നെയാണ്‌ ഫോണ്‍ സംഭാഷണം പുറത്തേക്ക്‌ നല്‍കിയത്‌ എന്നത്‌ വ്യക്തമാണ്‌. എന്‍.സി.പി.യുടെ കുണ്ടറയിലെ നിയോജക മണ്ഡലം പ്രസിഡണ്ടാണ്‌ ഇദ്ദേഹം. പാര്‍ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌ പത്മാകരന്‍. മന്ത്രി ശശീന്ദ്രന്റെ പിന്തുണ ഉള്ള വ്യക്തിയാണ്‌ പത്മാകരന്‍ എന്നാണ്‌ സൂചന. അതു കൊണ്ടാണ്‌ കേസ്‌ ഒതുക്കാന്‍ മന്ത്രി തന്നെ നേരിട്ട്‌ ഇടപെട്ടതും. ഇതായിരിക്കണം യുവതിയുടെ പിതാവിനെ പ്രകോപിപ്പിച്ചതും.

പിതാവിനോട്‌ സംസാരിച്ചപ്പോള്‍ മാത്രമാണ്‌ വിഷയം പാര്‍ടി പ്രശ്‌നമല്ലെന്ന്‌ മനസ്സിലായത്‌ എന്ന മന്ത്രിയുടെ വിശദീകരണം കള്ളമാണെന്നതിന്‌ മന്ത്രിയുടെ ഫോണ്‍ സംഭാഷണം തന്നെ തെളിവാണ്‌. വിഷയം അറിഞ്ഞതു കൊണ്ടു തന്നെയാണ്‌ താന്‍ വിളിക്കുന്നതെന്ന്‌ മന്ത്രി യുവതിയുടെ പിതാവിനോട്‌ വ്യക്തമായി പറയുന്നുണ്ട്‌. മന്ത്രി എന്തിനാണ്‌ ഇത്തരം കള്ളങ്ങള്‍ പറയുന്നത്‌ എന്ന ചോദ്യവും ഉയരുമ്പോള്‍ അദ്ദേഹം കൂടുതല്‍ സംശയത്തിന്റെ നിഴലിലേക്ക്‌ വരികയാണ്‌.

പൊലീസിന്റെ നിലപാട്‌ ഇതുവരെ വ്യക്തമായിട്ടില്ല. സി.പി.എമ്മും പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല.

മന്ത്രി പദവിയുടെ ബലത്തില്‍ പരാതികള്‍ ഒതുക്കാന്‍ സ്വാധീനിച്ച, അധികാര ദുര്‍വിനിയോഗം കാണിച്ച മന്ത്രി രാജി വെക്കണമെന്ന്‌ ബി.ജെ.പി. പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഒന്നാം പിണറായി മന്ത്രിസഭ അധികാരമേറ്റയുടനെ മന്ത്രി ശശീന്ദ്രന്‌ രാജി വെക്കേണ്ടിവന്നതും ഒരു യുവതിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്നായിരുന്നു. പക്ഷേ ആ ഫോണ്‍ സംഭാഷണം മന്ത്രിയുടെതു തന്നെയായിരുന്നു. അന്ന്‌ മുഖ്യമന്ത്രി നേരിട്ട്‌ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. പിന്നീട്‌ ഇക്കാര്യത്തില്‍ അന്വേഷണക്കമ്മീഷന്‍ വരെ ഉണ്ടായി. എന്നാല്‍ മന്ത്രി കുറ്റമുക്തപ്പെട്ടതോടെ മന്ത്രിപദം തിരിച്ചു കിട്ടി.

Spread the love
English Summary: allegation against minister saseendran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick