Categories
kerala

പാര്‍ടി നേതാവിനെ രക്ഷിക്കാന്‍ ചെയ്‌തതായിരിക്കാം, എല്ലാ പാര്‍ടിക്കാരും ചെയ്യന്നതു തന്നെയുമാവാം…പക്ഷേ പരസ്യമായ തെളിവുകളില്‍ മന്ത്രി ചോദ്യം ചെയ്യപ്പെടണം…

എ.കെ. ശശീന്ദ്രന്‍ എന്ന എന്‍.സി.പി.യിലെ തലതൊട്ടപ്പനായ നേതാവ്‌ ഒരു ക്രിമിനല്‍ സംഭവം അല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കപ്പെട്ട ഒരു മാനഭംഗശ്രമം ഒതുക്കാന്‍ ശ്രമിച്ചു എന്നത്‌ ജനാധിപത്യകേരളം പല രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. അത്‌ അങ്ങിനെയാണ്‌. ജനാധിപത്യത്തില്‍ പല സാധ്യതകളുണ്ട്‌, പല ചര്‍ച്ചകള്‍ക്ക്‌ ഇടമുണ്ട്‌.

ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ…ശശീന്ദ്രന്‍ ചെയ്‌തതില്‍ എന്തെങ്കിലും തെറ്റുണ്ടോ. ഒരു പാര്‍ടി നേതാവ്‌ തന്റെ സഹപ്രവര്‍ത്തകനെയും ഒപ്പം പാര്‍ടിയുടെ മുഖവും രക്ഷിക്കാന്‍ നടത്തിയ ഒരു ശ്രമം. ഇത്‌ ആദ്യമായി ചെയ്യുന്നതും അവസാനമായി ചെയ്യാന്‍ പോകുന്നതും ശശീന്ദ്രനല്ലെന്ന്‌ ഉറപ്പാണ്‌. കാസര്‍ഗോട്ടെ കല്യോട്ടെ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയത്‌ മറ്റെന്തിനായിരുന്നു…നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയത്‌ മറ്റെന്തിനായിരുന്നു… ഡെല്‍ഹിയിലെ കൂട്ടക്കൊലയെ വന്‍മരം പിഴുതു വീഴുമ്പോള്‍ പരിസരത്തെ മണ്ണ്‌ തെറിച്ചു പോകുക സ്വാഭാവികം എന്ന്‌ ന്യായീകരിക്കപ്പെട്ടത്‌ മറ്റെന്തിനായിരുന്നു…ഗോഡ്‌സെ ദേശ സ്‌നേഹമാണ്‌ പ്രകടിപ്പിച്ചത്‌ എന്ന്‌ ന്യായീകരിക്കുന്നത്‌ മറ്റെന്തിനാണ്‌…ഇത്‌ എല്ലാ പ്രസ്ഥാനങ്ങളിലും പാര്‍ടികളിലും നടക്കുന്നു. എന്ത്‌ തോന്ന്യാസം ചെയ്‌താലും സ്വന്തം പാര്‍ടിക്കാരാണെങ്കില്‍ മറച്ചുപിടിക്കാനും നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുത്താനും ന്യായീകരിക്കാനും സംരക്ഷിക്കാനും ആരാണ്‌ പിന്നില്‍… എ.കെ. ശശീന്ദ്രന്‍ എന്ന എന്‍.സി.പി. നേതാവും എ.കെ.ശശീന്ദ്രന്‍ എന്ന മന്ത്രിയും അതേ ചെയ്‌തുള്ളൂ.. അത്‌ ഇനിയും ആരും ചെയ്യാനിടയുളളതുമാകുന്നു..
അതിനാല്‍ പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ…!!
എന്നാല്‍ എനിക്ക്‌ പറയാനുള്ളത്‌ മറ്റൊന്നാണ്‌. പരസ്യമായ തെളിവുകള്‍ മന്ത്രിക്കെതിരായി വന്നിരിക്കുന്നു. അതിലൊന്ന്‌ ഒരു ശബ്ദ സന്ദേശമാണ്‌. അത്‌ തന്റെതു തന്നെയാണെന്ന്‌ മന്ത്രി സമ്മതിച്ചു കഴിഞ്ഞു. എന്നാല്‍ ആരോപിക്കപ്പെടുന്നതു പോലെ താന്‍ ഒരു കേസും ഒതുക്കണമെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ മന്ത്രി വിശദീകരിക്കുന്നു. സംഭാഷണത്തിന്‌ നല്‍കുന്ന വ്യാഖ്യാനമല്ല സത്യം. പക്ഷേ മന്ത്രിയെന്ന നിലയില്‍ ശശീന്ദ്രന്‍ കളവ്‌ പറയുന്നത്‌ സത്യപ്രതിജ്ഞാ ലംഘനമാണ്‌. പരാതിക്കാരിയുടെ പിതാവിനോട്‌ സംസാരിക്കുന്നതു വരെ തനിക്ക്‌ പ്രശ്‌നം മാനഭംഗവിഷയമാണെന്നറിയില്ലായിരുന്നു എന്ന്‌ മന്ത്രി ശശീന്ദ്രന്‍ പറഞ്ഞത്‌ കള്ളമാണ്‌. കാരണം തന്റെതു തന്നെ എന്ന്‌ മന്ത്രി ഉറപ്പിച്ച സംഭാഷണം അതിന്‌ തെളിവായുണ്ട്‌.

പിന്നെ സംഭാഷണത്തിന്റെ മോട്ടീവ്‌ സംബന്ധിച്ച വ്യാഖ്യാനങ്ങള്‍. അക്കാര്യത്തില്‍ മന്ത്രിയില്‍ നിന്നും വ്യക്തമായി ഒരു ഏജന്‍സി മൊഴിയെടുക്കേണ്ടതുണ്ട്‌. അത്‌ മൂല്യനിര്‍ണയം ചെയ്യേണ്ടതുണ്ട്‌. സ്വന്തം മകളെ ഒരു വ്യക്തി സ്വന്തം ഹോട്ടലില്‍ വെച്ച്‌ കയ്യില്‍ കയറിപ്പിടിച്ച്‌ മാനം കെടുത്തി എന്ന്‌ ഒരു പിതാവ്‌ വ്യക്തമായി പറയുന്ന ഒരു ഫോണ്‍ സംഭാഷണം, അതും ഈ നാട്ടിലെ മന്ത്രിയോട്‌ ആവര്‍ത്തിച്ച്‌ പറയുന്ന ഒരു സംസാരം…അത്‌ മാത്രം വെച്ച്‌ പൊലീസ്‌ അന്വേഷണം സാധ്യമായ സംഭവമാണിത്‌ എന്നോര്‍ക്കണം…

thepoliticaleditor

അതിനാല്‍ മന്ത്രിയുടെ ഈ സംഭാഷണത്തില്‍ പൊതുസമൂഹത്തിന്‌ കടുത്ത സംശയവും പരാതിക്കാരിക്കും പിതാവിനും മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച്‌ പരാതിയും ഇവയിലേതെങ്കിലും ഒന്നെങ്കിലും ഉണ്ടെങ്കില്‍ മന്ത്രിക്കെതിരെ ഒരു ഔദ്യോഗിക ഏജന്‍സി കേസെടുക്കേണ്ടതാണ്‌. കേസെടുക്കുന്ന ഏജന്‍സി മന്ത്രിയുടെ മൊഴിയെടുക്കണം, മന്ത്രി പറഞ്ഞതില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടോ എന്ന്‌ തീര്‍ച്ചയായും വിശകലനം ചെയ്യണം, മന്ത്രിയുടെ സംഭാഷണത്തില്‍ മന്ത്രി വിശദീകരിച്ച പോലെ നിഷ്‌കളങ്കമായ അന്വേഷണ ത്വര മാത്രമേ ഉള്ളോ എന്ന്‌ തെളിയിക്കുക തന്നെ വേണം. മന്ത്രി കള്ളം പറഞ്ഞിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുക തന്നെ വേണം…
അല്ലെങ്കില്‍ ഈ മന്ത്രി കേരളീയരുടെ നീതി ബോധത്തെ പരിഹസിക്കുന്ന രൂപമായി രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിക്കുമെന്നുറപ്പാണ്‌.

Spread the love
English Summary: telephone conversation contreversy strikes the morality and lawfulness of a public servant

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick