Categories
kerala

100 പവന്‍, 10 ലക്ഷത്തിന്റെ കാര്‍, ഒരേക്കര്‍ ഭൂമി…എന്നിട്ടും ഭര്‍ത്താവിന്റെ ഭീകരമായ മര്‍ദ്ദനവും അപമാനിക്കലും…

കൊല്ലം ശൂരനാട് ഭര്‍ത്താവിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ എന്ന യുവതിയുടെ വാട്‌സ്ആപ് ചാറ്റില്‍ വ്യക്തമാകുന്നത് ഭര്‍ത്താവിന്റെ ഭീകരമായ മര്‍ദ്ദനത്തിന്റെയും അപമാനിക്കലിന്റെയും രേഖാചിത്രങ്ങള്‍…
ഭര്‍ത്തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് ഇന്നലെ വിസ്മയ ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയുടെ മരണം. നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ് എസ്.വി.വിസ്മയ.

വിസ്മയ ബന്ധുവിന് അയച്ച വാട്സാപ് സന്ദേശം

‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. കഴിഞ്ഞ ദിവസം അയാൾക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനേയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷെ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ച് വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി..കാലു കൊണ്ട് മുഖത്ത് അമർത്തി’– ബന്ധുവിന് അയച്ച വാട്സാപ്പ് ചാറ്റിൽ വിസ്മയ പറഞ്ഞിരിക്കുന്നത് ഇങ്ങനെ.

thepoliticaleditor
വിസ്മയ ബന്ധുവിന് അയച്ച വാട്സാപ് ചിത്രങ്ങളിൽ ഒന്ന്

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കിരൺ കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. 100 പവനും 10 ലക്ഷം രൂപയുടെ വാഹനവുമായിരുന്നു സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ സ്ത്രീധനമായി നല്‍കിയ വാഹനം തിരിച്ചെടുത്ത് പകരം അതിന്‍റെ വിലയായ 10 ലക്ഷം രൂപ പണമായി നല്‍കണമെന്നാവശ്യപ്പെട്ട് കിരണ്‍കുമാര്‍ നിരന്തരമായി മദ്യപിച്ചെത്തി മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നെന്നാണ് തെളിവുകള്‍ സഹിതം സഹോദരന്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. പീഢന വിവരം പെണ്‍കുട്ടി വാട്സാപ്പില്‍ അറിയിച്ചിരുന്നതിന്‍റെ തെളിവുകളാണ് സഹോദരന്‍ പോലീസിന് കൈമാറിയത്.

വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി അടുത്തിടെയാണ് വിസ്മയ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാല്‍, ഇതിനു ശേഷവും ഭര്‍ത്താവില്‍നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനമേറ്റിരുന്നതായാണ് വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.

സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Spread the love
English Summary: watsapp chat of vismaya reveals the heartless behaviour of husband

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick