Categories
latest news

മലയാളി ഒരിക്കലും മറക്കാത്ത “മയിൽ‌പ്പീലി”

ഇന്നലെ അന്തരിച്ച എസ.രമേശൻ നായരെക്കുറിച്ചു ഒരു സംഗീതോപാസകന്റെ അനുസ്മരണം

Spread the love

പുരാണത്തിൽ കുചേലൻ തന്റെ പ്രിയസഖാവും സഹപാഠിയുമായ കൃഷ്ണന് അവിൽ പൊതിനൽകിയപോലെ കവി രമേശൻനായർ ഭഗവാനുനൽകിയത്അക്ഷരങ്ങളാൽതീർത്തഅവിൽപൊതിയാണ്.മൂവ്വായിരത്തിലധികം ഭക്തിഗാനങ്ങൾക്ക് രചനനിർവഹിച്ച അദ്ദേഹത്തിൻറെ തൂലികക്ക് മകുടം ചാർത്തുന്നത് മയിൽ‌പ്പീലി എന്ന ഗുരുവായൂരപ്പഭക്തിഗാനങ്ങളാണ്.
പുലർച്ച വാകച്ചാർത്തിന് പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാന കേട്ടുണരുന്ന ഗുരുവായൂരപ്പൻ പിന്നെ കേൾക്കുന്നത് രമേശൻനായരുടെ ഗാന ധാരയാണ്, അത്ര മേൽ പ്രിയങ്കരമാണ് മയിൽപ്പീലി ഗുരുവായൂരപ്പനും.

രമേശൻ നായരുടെ രചനയിൽ ജയവിജയന്മാരിലെ ജയൻ സംഗീത സംവിധാനം ചെയ്തു തരംഗിണി പുറത്തിറക്കിയ ഗുരുവായൂരപ്പഭക്തിഗാന ആൽബമാണ് മയിൽപ്പീലി.ഇറങ്ങിയ സമയത്തു തന്നെ വളരെയധികം വിറ്റഴിഞ്ഞ ഈ ആൽബം മലയാള സംഗീതശാഖയിലെ ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. ഇന്നും ഇതിലെ ഗാനങ്ങൾ ഹിറ്റായി നിൽക്കുന്നു.
”എന്റെ മറ്റെല്ലാഗാനങ്ങളും ഭഗവാന്റെ തിരുനെറ്റി വരെയേ എത്തിയിട്ടൂള്ളൂവെന്നാണ് തോന്നിയിട്ടുള്ളത്. അതിനും മുകളിലാണ് മയിൽപ്പീലിയെന്നതിനാൽ ആ ആൽബവും അങ്ങനെതന്നെയെന്ന് വിശ്വസിക്കുന്നു”കവിയുടെ വാക്കുകൾ അന്വർത്ഥമാകുന്നതിനു തെളിവാണ് ഗുരുവായൂർ നടയിലൂടെ നടക്കുമ്പോൾ ഇരുവശത്തുമുള്ള കടകളിൽ നിന്നും അനുസ്യൂതമായി ഒഴുകിയെത്തുന്ന മയിൽപ്പീലിയിലെ ഗാനങ്ങൾ.

thepoliticaleditor
രമേശൻനായർ


ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഗുരുവായൂർ കണ്ണനെ തേടിയെത്തിയ കവി ഐതിഹ്യങ്ങളുടെ മാലികകളാണ് പാട്ടുകളിൽ കോർത്തു വച്ചത്. മേല്പത്തൂർ ഭട്ടതിരിയുടെ വാതം ചികിത്സയും പൂന്താനത്തിന്റെ വിഭക്തിയും വില്വമംഗളത്തിന്റെ പൂജയും സന്ദീപനിമഹര്ഷിയുടെ ഗുരുകുലത്തിലെ പഠനവുമെല്ലാം വരികളിൽ തെളിയുമ്പോൾ കൃഷ്ണഭക്തിയുടെ സാഗരത്തിൽ അദ്ദേഹം മുങ്ങി നിവരുകയാണെന്ന് തോന്നിപ്പോകും.കൌസ്തുഭമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേൾക്കുന്ന കവി രാധയുടെ പ്രേമത്തെയും തന്റെ ഭക്തിയെയും ഗുരുവായൂരപ്പനുമുന്നിൽ ഒരു സമസ്യാപൂരണത്തിന് വെക്കുകയാണ്. ”ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍സരിഗമ കൊളുത്തും പരം പൊരുളേ ”എന്ന വരികളിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം തന്നെയാണ് കാവ്യവിഷയമാക്കിയത്.

മയിൽ‌പ്പീലിക്ക് യേശുദാസിന്റെ ഗന്ധർവ്വനാദം ആയിരുന്നുവെങ്കിൽ പുഷ്പ്പാഞ്ജലിയിലൂടെ കണ്ണന് ഭാവഗായകന്റെ ഹൃദയസ്പർശിയായ സ്വരധാരയിലായിരുന്നു നൈവേദ്യം .’നെയ്യാറ്റിൻകരവാഴും കണ്ണാ നിന്മുന്നിലൊരു നെയ്‌വിളക്കാകട്ടെ എന്റെ ജൻമം’ എന്ന് ഭാവഗായകൻ പാടുമ്പോൾ കവിയുടെ ഭാവന നമ്മെ മറ്റൊരുലോകത്തേക്കാണ് നയിക്കുക.അമ്പാടിതന്നിലൊരുണ്ണി,ഗുരുവായൂരമ്പലം ശ്രീവൈകുണ്ഡം എന്നീ ഗാനങ്ങളിലൂടെ രമേശൻനായർ കൃഷ്ണഭക്തിയുടെ വിഹായസ്സിൽഒരു കൃഷ്ണപ്പരുന്താകുകയായിരുന്നു.
രാധാകൃഷ്ണപ്രണയത്തിന് നവമാധുര്യം പകർന്നുതന്ന മുകുന്ദമാല എന്ന ആൽബത്തിലെ കാത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു എന്ന ഗാനമായിരിക്കും ഒരുപക്ഷേ ആ തൂലികയിൽ പിറന്ന അവസാന കൃഷ്ണഭക്തിഗാനവും.

Spread the love
English Summary: UNFORGETTABLE MAYILPPELI SONGS OF S. RAMESHANNAIR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick