Categories
kerala

ക്ഷോഭിക്കാതെ പറയാന്‍ കൊതിച്ചു, ക്ഷോഭത്തില്‍ കുരുങ്ങി കെ.സുധാകരന്റെ വാര്‍ത്താസമ്മേളനം, ആരോപണ ബോംബിങ് തുടർന്നു

മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കാന്‍ കെ.പി.സി.സി. പ്രസിഡണ്ട് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനം ഒടുവില്‍ സ്ഥിരം ശൈലിയില്‍ കുരുങ്ങിയ ക്ഷോഭവര്‍ത്തമാനത്തില്‍ അവസാനിച്ചു. പക്വതയുള്ള പ്രതികരണം പ്രതീക്ഷിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സൂചിപ്പിച്ചിട്ടും സുധാകരന് പൊട്ടിത്തെറിക്കുന്ന സ്ഥിരം രീതി ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അമാന്യമായ പരാമര്‍ശങ്ങളുടെ പേരില്‍ പിണറായിയെ വിമര്‍ശിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ച സുധാകരനും അമാന്യമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതൊക്കെ വരും ദിവസങ്ങളില്‍ അദ്ദേഹത്തിനെതിരായി കോണ്‍ഗ്രസില്‍ തന്നെ വിമര്‍ശനം കനക്കാന്‍ ഇടയാക്കുമെന്ന് ഉറപ്പാണ്.

സുധാകരന്‍ പറഞ്ഞു തുടങ്ങിയ അതേ താളത്തില്‍ തുടര്‍ന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന് തന്നെ വിനയായി. തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുധാകരന് തീര്‍ച്ചയായും ചില അനുകൂല ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഓഫ് ദ റെക്കോര്‍ഡ് ആയി, വ്യക്തിപരമായ രീതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മനോരമ വാരിക പ്രസിദ്ധീകരിച്ചത് ചതിയായിരുന്നു എന്ന വ്യക്തമാക്കല്‍ വിമര്‍ശകരുടെ വായടക്കാന്‍ പോരുന്നതായിരുന്നു. മനോരമയിലെ അഭിമുഖകാരന്‍ ഇങ്ങോട്ടു ചോദ്യം ചോദിക്കുകയായിരുന്നു എന്നും അത് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു എന്നും എന്നാല്‍ തന്നെ ചതിക്കുകയായിരുന്നു എന്നും സുധാകരന്‍ പറഞ്ഞത് വളരെ അനുഭാവത്തോടെയാണ് എല്ലാവരും കേട്ടത്. പിണറായിയുടെ അതേഭാഷയില്‍ പറയാന്‍ താന്‍ ഇല്ല എന്ന മുഖവുരയോടെയായിരുന്നു സുധാകരന്റെ തുടക്കം.

thepoliticaleditor

എന്നാല്‍ പീന്നീട് സ്ഥിരം സുധാകര ശൈലിയിലേക്ക് വാര്‍ത്താസമ്മേളനം നീങ്ങി. പിണറായിയുടെ വിധേയനായ കാര്യം പറയാന്‍ കണ്ടോത്ത് ഗോപിയെയും ഹാജരാക്കിയായിരുന്നു വാര്‍ത്താസമ്മേളനം. പിണറായിയുടെ ഭാഷയും ശൈലിയും പൊളിറ്റിക്കല്‍ ക്രിമനലിന്റെതാണെന്നു പറഞ്ഞ സുധാകരന്‍ മുഖ്യമന്ത്രി ഉന്നയിച്ച എല്ലാ ആരോപണവും നിഷേധിച്ചു. പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് അഭിമുഖത്തില്‍ താന്‍ പറഞ്ഞിട്ടില്ല. പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി തയ്യാറാക്കിയെന്നത് കള്ളക്കഥയാണ്. ഈ കാര്യം ശരിയെങ്കില്‍ എന്തുകൊണ്ട് പിണറായി പൊലീസില്‍ പരാതിപ്പെട്ടില്ല. എന്തുകൊണ്ട് ഒരാളോട് പോലും പറഞ്ഞില്ല. എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞ ആള്‍ ആരെന്ന് വെളിപ്പെടുത്തുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ തന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെളിയിക്കാനും സുധാകരന്‍ വെല്ലുവിളിച്ചു.
മണല്‍, സാമ്പത്തിക മാഫിയ ബന്ധം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം താന്‍ അവസാനിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
ഇത്രയും കാര്യം കഴിഞ്ഞശേഷം സുധാകരന്‍ പിണറായി വിജയനെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിലേക്കു തിരിഞ്ഞതോടെ അന്തരീക്ഷവും മൂഡും മാറി. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നു കാണിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഇതിന് തുടക്കമിട്ടു. തുടര്‍ന്ന് വെടിക്കെട്ടു പോലെ ആരോപണങ്ങളും അധിക്ഷേപവും തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് നിങ്ങള്‍ക്ക് എ.കെ.ജി സെന്ററില്‍ നിന്നും വാട്‌സ് ആപിലൂടെ കിട്ടുന്ന ചോദ്യമാണോ ചോദിച്ചു കൊണ്ടിരിക്കുന്നത് എന്നും ക്ഷുഭിതനായി. വിമര്‍ശനത്തിനിടയില്‍, ‘കുറച്ചൊക്കെ ആണത്തം വേണം’ തുടങ്ങിയ പ്രയോഗങ്ങളും കടന്നു വന്നു. സുധാകരന്റെ മേല്‍ എന്നും ആരോപിക്കാറുള്ള പിണറായി വിജയനോടുള്ള വ്യക്തി വിദ്വേഷം എന്ന സംഗതിക്ക് അടിവരയിടുന്ന പ്രതികരണങ്ങളാണ് വാര്‍ത്താസമ്മേളനത്തിന്റെ അവസാന ഘട്ടമാകുമ്പോഴേക്കും സുധാകരനില്‍ നിന്നും ഉണ്ടായത്. അതേസമയം തനിക്ക് പിണറായിയോട് യാതൊരു വ്യക്തിവിരോധവും ഇല്ലെന്ന് സുധാകരന്‍ പ്രസ്താവിച്ചു കൊണ്ടാണ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

Spread the love
English Summary: k sudhakaran couldnt change his provocative style of talk in todays press meet

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick