Categories
kerala

മംഗോ മൊബൈൽ ഉദ്‌ഘാടനം ഏറ്റ മുഖ്യമന്ത്രി ഞാനല്ല, ആരെന്നു പി ടി തോമസ് കണ്ടുപിടിക്കട്ടെ എന്ന് പിണറായി

നടത്തിപ്പുകാർ കേസിൽപ്പെട്ടു അറസ്റ്റിലായ മാംഗോ മൊബൈൽ താൻ ആണ് ഉദ്‌ഘാടനം ചെയ്തത് എന്ന പി ടി തോമസിന്‍റെ ആരോപണത്തിൽ നിയമസഭയിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന മാംഗോ മൊബൈൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചെന്ന് കഴിഞ്ഞ ദിവസമാണ് പിടി തോമസ് പറഞ്ഞത്. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയായിരുന്നു പി ടി തോമസിന്‍റെ പരാമര്‍ശം.

മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി.ടി. തോമസ് ഇതു പറഞ്ഞതെങ്കിലും പൊതുവില്‍ സഭയിലുണ്ടായ പ്രതീതി, ഞാന്‍ അറസ്റ്റിലാവേണ്ടതരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ പോയി എന്നതാണ്. പി ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്–മുഖ്യമന്ത്രി വിശദീകരിച്ചു

thepoliticaleditor

.2016 ഫെബ്രുവരിയിലാണ് മാംഗോ കേസ് പ്രതികൾ അറസ്റ്റിലായത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവന നടത്തിയതിന് പി ടി തോമസ് നിയമസഭയിൽ മാപ്പു പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മറുപടി:

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനായി സഭയെ ദുരുപയോഗിക്കുന്നതിനെതിരെ ഞാന്‍ മുമ്പും ഈ സഭയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. സഭാവേദി നല്‍കുന്ന പരിരക്ഷ രാഷ്ട്രീയമായി ആവര്‍ത്തിച്ചു ദുരുപയോഗിക്കുന്നതു വീണ്ടും സഭാധ്യക്ഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.

മാംഗോ ഫോണ്‍ – മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുമ്പ് അതിന്‍റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് പി.ടി. തോമസ് കഴിഞ്ഞ ദിവസം ഒരു പരാമര്‍ശം ഈ സഭയില്‍ നടത്തി. എന്‍റെ മേല്‍വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി.ടി. തോമസ് ഇതു പറഞ്ഞതെങ്കിലും പൊതുവില്‍ സഭയിലുണ്ടായ പ്രതീതി, ഞാന്‍ അറസ്റ്റിലാവേണ്ടതരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ പോയി എന്നതാണ്. ഇതു സത്യമല്ല, സര്‍.

2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി.ടി. തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല.

ഏതായാലും, പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീകള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്‍റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ.

വനംകൊള്ളക്കാരുടെ സ്വാധീനത്തെക്കുറിച്ചു പറയവേയാണ് പി.ടി. തോമസ് ഇതു പറഞ്ഞത്. വനംകൊള്ളക്കാര്‍ നിസ്സാരക്കാരല്ലെന്നും, നേരത്തേ തന്നെ തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരായിരുന്നുവെന്നും പറഞ്ഞിട്ട്, അവരുടെ സ്വാധീനം ബോധ്യപ്പെടുത്താനാണ് നമ്മുടെ മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈലിന്‍റെ ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്നത് എന്ന് വിശദീകരിച്ചത്. ഉദ്ഘാടന വേദിയില്‍ വെച്ചു പോലീസ് അറസ്റ്റു ചെയ്തതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല എന്നും പറഞ്ഞു.

ഏതായാലും, ആ തട്ടിപ്പുകാരുടെ സ്വാധീനത്തിന്‍റെ വലയ്ക്കുള്ളില്‍ നില്‍ക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി. തോമസ് കണ്ടുപിടിക്കട്ടെ.

Spread the love
English Summary: chief minister smashes pt thomas for his allegation against cm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick