Categories
exclusive

കെ.സുധാകരന്‍ വരുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍

കണ്ണൂരില്‍ സി.പി.എമ്മിനോട് കിടപിടിക്കുന്ന പ്രകോപനപരതയുടെ കോണ്‍ഗ്രസ് പ്രതിരൂപമായി കേരളത്തില്‍ നിറയെ അറിയപ്പെടുന്ന കെ.സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയോഗിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിഗണിച്ച ഏറ്റവും പ്രധാന കാര്യം, ഒരു ഗ്ലൂക്കോസ് ഇഫക്ട് ഉണ്ടാക്കാനാവുന്ന നേതാവിനെയാണ് ഇന്ന് കേരളത്തില്‍ ആവശ്യം എന്നതായിരിക്കാം. തലമുറമാറ്റത്തിന്റെ കാറ്റ് വീശിയപ്പോള്‍ പാര്‍ടിയില്‍ സംഭവിച്ച ഒരു പ്രത്യേക കാര്യത്തിന്റെ പ്രതിഫലനമാണ് സുധാകരന്റെ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഗ്രൂപ്പിന്റെ വക്താക്കളായിരിക്കെ തന്നെ ഇപ്പോഴത്തെ കോണ്‍ഗ്രസ് എം.എല്‍.എ.മാരും എം.പി.മാരും ഭൂരിപക്ഷവും ഗ്രൂപ്പിനതീതമായി ചില കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ തയ്യാറാവുന്നു എന്നതാണ് ആ കാര്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിയന്ത്രിക്കുന്ന ഗ്രൂപ്പുകള്‍ പോലും പ്രതിപക്ഷ നേതാവിന്റെ കാര്യം വന്നപ്പോള്‍ വി.ഡി.സതീശന് അനുകൂലമായി നിന്നു. പാര്‍ടി പ്രസിഡണ്ടായി സുധാകരനെയാണ് താല്‍പര്യപ്പെടുന്നതെന്ന് ഭൂരിഭാഗം ജനപ്രതിനിധികളും ഹൈക്കമാന്‍ഡിനോട് വ്യക്തമാക്കി എന്നാണ് കേള്‍ക്കുന്നത്. അങ്ങിനെയെങ്കില്‍ ചെന്നിത്തല, ചാണ്ടി തുടങ്ങിയവരുടെ കൈപ്പിടിയില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം വേറൊരു കൗതുകകരമായ തലത്തിലേക്ക് മാറുകയാണ്.–ഗ്രൂപ്പുകളിക്കുമ്പോഴും കടുത്ത ഗ്രൂപ്പില്ലാത്തവര്‍ക്ക് പിന്തുണ നല്‍കുന്ന പുതിയ രീതി. നിലനില്‍പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ ഇതല്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് വീണ്ടും ചെന്നിത്തല, ഉമ്മന്‍ചാണ്ടി ദ്വന്ദ്വങ്ങളുടെ പതിവു പരീക്ഷണങ്ങളില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ആത്മവിശ്വാസം ഇല്ല എന്നതാണ് വാസ്തവം.

സുധാകരന്‍ വന്നാല്‍…

സുധാകരനെ എ,ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായാണ് എതിര്‍ത്തത്. കാര്യം സുധാകരന്‍ ഒരു വിശാല ഐ-ഗ്രൂപ്പുകാരനാണ്. എന്നാല്‍ അതില്‍ തന്നെ ചെന്നിത്തലയെ അനുസരിക്കാത്ത, തന്റെതായ അനുയായികളുള്ള കുറുഗ്രൂപ്പുകാരനുമാണ്. അതിനാല്‍ ചെന്നിത്തലയ്ക്ക് സുധാകരന്‍ അസ്വീകാര്യനാണ്. എ-ഗ്രൂപ്പുകാര്‍ക്ക് തീരെ പറ്റില്ല.

സുധാകരനില്‍ ഇവര്‍ കാണുന്ന അയോഗ്യതകള്‍ എന്തോ അതാണ് യഥാര്‍ഥത്തില്‍ സുധാകരന്റെ യോഗ്യത !! കണ്ണൂരില്‍ സി.പി.എമ്മിനോട് എതിരിട്ട് നില്‍ക്കാന്‍ കഴിയുന്ന നേതാവായി അവിടുത്തെ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം കാണുന്ന വ്യക്തിയാണ് സുധാകരന്‍. സി.പി.എമ്മിന്റെ ആധ്യപത്യം കണ്ണൂരില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസനഷ്ടം ആണ് എപ്പോഴും ഉണ്ടാക്കാറ്. അത് മാറ്റിയെടുക്കുന്നത് മിക്കപ്പോഴും സുധാകരന്റെ ചടുലവും, പ്രകോപനപരവും, ഊര്‍ജ്ജ്വസലവുമായ മാനറിസങ്ങളും നീക്കങ്ങളും ആണ്. അതില്‍ പലപ്പോഴും അമാന്യമായ പദപ്രയോഗങ്ങളും ഭീഷണി മുഴക്കലുകളും കൊമ്പുകോര്‍ക്കലുകളുമൊക്കെ ഉണ്ടാവും. പക്ഷേ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ വലിയ ആത്മവിശ്വാസമാണ്. സുധാകരന്റെ അപ്രമാദിത്വശൈലി മാത്രമാണ് കണ്ണൂരില്‍ കോണ്‍ഗ്രസിന് സി.പി.എമ്മിന്റെ മൃഗീയാധിപത്യത്തോട് മല്ലിട്ടു പിടിച്ചു നില്‍ക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത്.
കോണ്‍ഗ്രസിലെ ഗുണ്ടായിസത്തിന്റെ പ്രതീകമായാണ് സി.പി.എം. സുധാകരനെ ചിത്രീകരിക്കാറുള്ളത്. എന്നാല്‍ സി.പി.എം. മാത്രമല്ല, കണ്ണൂര്‍ കോണ്‍ഗ്രസിലെ വേറൊരു ധാരയിലുള്ള നേതാക്കളും സുധാകരന്റെ അക്രമാത്മക ശൈലിക്കെതിരെ നിരന്തരം പോരാടിയവരാണ്. മുന്‍ ഡി.സി.സി. അധ്യക്ഷന്‍ പി.രാമകൃഷ്ണനെപ്പോലുള്ളവരെ ഉദാഹരണമായി എടുക്കാം. അതായത് സുധാകരന്‍ശൈലിക്ക് പാര്‍ടിക്കകത്തു തന്നെ എതിര്‍ശബ്ദങ്ങള്‍ ധാരാളമുണ്ട്. ദീര്‍ഘകാലം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന എന്‍.രാമകൃഷ്ണന്‍ മുതല്‍ പി. രാമകൃഷ്ണന്‍ വരെയുള്ള പരമ്പരാഗത കോണ്‍ഗ്രസുകാരുടെ നിര ആ സരണിയിലാണ്.

സുധാകരന്‍ അടിയന്തിരാവസ്ഥക്കാലത്ത് ജനതാപാര്‍ടിക്കാരനായിരുന്നു. ജയിലിലും കിടന്നു, രണ്ടു വര്‍ഷം. പിന്നീട് കോണ്‍ഗ്രസുകാരനായി. സി.പി.എം പറയുന്ന സുധാകരന്റെ ഗുണ്ടായിസം യഥാര്‍ഥത്തില്‍ ഉണ്ടയില്ലാത്ത വെടിയല്ല. 90-കളില്‍ സുധാകരന്റെ ഇമേജ് രാഷ്ട്രീയഗുണ്ടയുടെത് തന്നെയായിരുന്നു. സി.പി.എം അനുഭാവിയയായ നാല്‍പാടി വാസു വധക്കേസ്, കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് അവിടുത്തെ സി.പി.എം.പ്രവര്‍ത്തകനായ സപ്ലൈയറെ കൊന്ന കേസ്, ഇ.പി.ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനാ കേസ് തുടങ്ങി പലതിലും സുധാകരന്റെ പേര് വന്നിട്ടുണ്ട്. മറ്റു ചില സംശയാസ്പദ മരണങ്ങളിലും സുധാകരന്റെ പേര് അക്കാലത്ത് അലഞ്ഞു നടന്നിട്ടുണ്ട്. സുധാകരന്റെ നാടായ കണ്ണൂരിനടുത്ത നടാല്‍ പ്രദേശം ഒരു കാലത്ത് ഭീകരമായ ചോരപ്പോരാട്ടങ്ങളാല്‍ വിറങ്ങലിച്ച ഇടമായിരുന്നിട്ടുണ്ട്. നടാലിലെ ദിനേശ്ബീഡി കമ്പനികള്‍ക്കു നേരെ ഇടയ്ക്കിടെ നടക്കുന്ന ആക്രമണങ്ങള്‍, വെട്ടലും കുത്തലും, നടാലിനടുത്ത റെയില്‍ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍–ഇതിലെല്ലാം സുധാകരന്റെ ഇടപെടല്‍ 90-കളില്‍ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തെളിവില്ലാത്ത അനുമാനങ്ങളാകയാല്‍ പ്രത്യക്ഷത്തില്‍ കേസുകള്‍ സുധാകരന്റെ പേരില്‍ ഉണ്ടായതുമില്ല. ഈ തരത്തിലുള്ള ഇമേജ് സുധാകരന്‍ എന്ന കോണ്‍ഗ്രസുകാരനെ പരമ്പരാഗതമായി ശാന്തിയും സമാധാനവും അഹിംസയും പ്രമാണമാക്കിയ കോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തകരില്‍ വലിയ എതിര്‍പ്പുണ്ടാക്കി എന്നത് വാസ്തവമാണ്. എന്നാല്‍ ഈ ഇമേജ് കണ്ണൂരില്‍ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ അനിവാര്യമാണ് എന്ന് സുധാകരന്‍ എപ്പോഴും വാദിക്കുകയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കയും ചെയ്തു. ഒരിക്കൽ സിപിമ്മിൽ നിന്നും പുറത്തു വന്ന എ.പി .അബ്ദുള്ളക്കുട്ടിയെ സിപിമ്മിന് എതിരെ തന്നെ കുന്തമുനയാക്കിയത് ഉൾപ്പെടെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ആൾരൂപം ആണ് സുധാകരൻ.

സുധാകരന്‍ ഇന്ന് നേരിടുന്ന ചോദ്യം

കണ്ണൂരില്‍ കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനും വളരാനും സുധാകരന്റെ ശൈലി കൂടിയേ തീരൂ എന്ന വാദിക്കുന്നവര്‍, സുധാകരന്റെ യോഗ്യതയായി കണക്കാക്കപ്പെടുന്ന ചടുലതയും, ഊര്‍ജ്ജ്വസ്വലതയും, പോരാട്ട വീര്യവും കേരളത്തിലെ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കും എന്ന് വിശ്വസിക്കുന്നവരോടുള്ള ചോദ്യം, ഈ യോഗ്യതകള്‍ കൊണ്ട് കണ്ണൂരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതാണ്. അതിനുള്ള ഉത്തരം ഇല്ല എന്നതുമാണ് !! ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങള്‍ നോക്കൂ. ഇടതുമുന്നണിയുടെ കോട്ടകളാണ് മിക്കയിടവും. അത് മാറ്റാനായിട്ടില്ല. എന്നു മാത്രമല്ല, ഓരോ തവണയും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ സി.പി.എം. വെച്ചടി കയറ്റമാണ്. നേരത്തെ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മണ്ഡലങ്ങളില്‍ പോലും പാര്‍ടിക്ക് ഇപ്പോള്‍ ക്ഷീണമാണ്. പേരാവൂരില്‍ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. ഇത്തവണ ഇരിക്കൂറിലും കടുത്ത പരീക്ഷണമായിരുന്നു. കോണ്‍ഗ്രസിനെ എന്നും വാരിപ്പുണര്‍ന്നുകൊണ്ടിരുന്ന കണ്ണൂര്‍ മണ്ഡലം ഇപ്പോള്‍ തുടര്‍ച്ചയായി ഇടതുമുന്നണിയുടെ കയ്യിലാണ്. ഇത്തവണ അവിടെ തോറ്റത് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് തന്നെയാണ്.!! സുധാകരന്റെ യോഗ്യതകള്‍ പാര്‍ടിക്ക് നേട്ടമാകുമെങ്കില്‍ അതിന്റെ ചലനം ഇത്ര കാലമായിട്ടും കണ്ണൂരില്‍ കാണാത്തതെന്തേ എന്നതാണ് സുധാകരന്‍ നേരിടുന്ന ഒരു പ്രധാന ചോദ്യം. കണ്ണൂരിലെ കാലാവസ്ഥയല്ല കേരളത്തിലുടനീളം. കണ്ണൂരിലെ ശൈലി കൊണ്ട് കേരളത്തിലുടനീളം പാര്‍ടി വളര്‍ത്താനാവുമോ എന്നതിന് ഉത്തരം ലഭിക്കാന്‍ പോകുന്നതേയുള്ളൂ.

സുധാകരന്റെ മൃദുഹിന്ദുത്വം

കണ്ണൂരില്‍ സി.പി.എമ്മിനോട് എതിരിടുന്നത് സുധാകരന്‍ മാത്രമല്ല, ആര്‍.എസ്.എസും ഉണ്ട്. അക്രമാസക്തതയില്‍ ഇവരെല്ലാം ഒരേ തൂവല്‍പക്ഷികളാകുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ കണ്ണൂരില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുധാകരന്‍ ആര്‍.എസ്.എസിനെ നിശിതമായി വിമര്‍ശിക്കാറില്ല. ആര്‍.എസ്.എസിന്റെ പരിപാടിയില്‍ ഉല്‍ഘാടകനായി പങ്കെടുത്തിട്ടുണ്ട, അടുത്ത കാലത്ത് വര്‍ക്കിങ് പ്രസിഡണ്ടായിരിക്കുന്ന ഘട്ടത്തില്‍ പോലും. സുധാകരന്റെ മൃദുഹിന്ദുത്വം എപ്പോഴും സി.പി.എം. ആക്ഷേപമായി എടുത്തു പറയാറുണ്ട്. ഒരു ഘട്ടത്തില്‍ സുധാകരന്‍ തന്നെ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്–തന്നെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന്.
കേരളത്തില്‍ കോണ്‍ഗ്രസ് പയറ്റിയ മൃദുഹിന്ദുത്വമാണ് ന്യൂനപക്ഷങ്ങളെ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്കു ചായാന്‍ പ്രേരിപ്പിച്ചത് എന്നത് പകല്‍ പോലെ വ്യക്തമാണ്. 2019-ല്‍ ശബരിമല സമരത്തിന്റെ ആനുകൂല്യം യു.ഡി.എഫിലേക്ക് സന്ദര്‍ഭവശാല്‍ വന്നുചേരുകയും വലിയ വിജയം ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ മൃദുഹിന്ദുത്വത്തിലാണ് തങ്ങളുടെ വോട്ട് ബാങ്ക് എന്ന് രമേശ് ചെന്നിത്തല തെറ്റിദ്ധരിച്ചു. എന്നാല്‍ സി.പി.എമ്മിന് ഒരു കിഴുക്കു നല്‍കാന്‍ ശ്രമിച്ച ഇടതുപക്ഷക്കാരായ അയ്യപ്പ വിശ്വാസികള്‍ അവര്‍ക്ക് എല്ലാ തരത്തിലും വര്‍ജ്യരായ ബി.ജെ.പി.ക്ക് നല്‍കാതെ തല്‍ക്കാലം കോണ്‍ഗ്രസിന് വോട്ട് കുത്തിയതാണെന്നും അത് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടിയാണെന്നും തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് ബുദ്ധി പോയില്ല. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പു കൊണ്ടും പഠിച്ചില്ല. 2021-ലെ നിയമസഭാ പ്രകടന പത്രികയില്‍ ആചാരലംഘനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന വാഗ്ദാനം പോലും നല്‍കാന്‍ മടി കാണിക്കാത്ത കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം തങ്ങളെ തുണയ്ക്കും എന്ന് കരുതി. പക്ഷേ വലിയ തകര്‍ച്ചയാണ് ഉണ്ടായത്.

പുതിയ പ്രതിപക്ഷ നേതാവായി വി.ഡി.സതീശന്‍ ചുമതലയേറ്റ് നടത്തിയ ആദ്യ പ്രതികരണത്തില്‍ ഭൂരിപക്ഷ,ന്യൂനപക്ഷ വര്‍ഗീയതകളെ കോണ്‍ഗ്രസ് നഖ ശിഖാന്തം എതിര്‍ക്കും എന്ന് പ്രഖ്യാപിച്ചത് തിരിച്ചറിവിന്റെ സൂചനയായി കരുതുന്നവര്‍ ഏറെയാണ്. പാര്‍ടി അധ്യക്ഷനായി കെ.സുധാകരന്‍ വരുമ്പോള്‍ ഈ വര്‍ഗീയ വിരുദ്ധ നിലപാട് വാക്കിലും പ്രവൃത്തിയിലും കൊണ്ടുവരുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.

പുതിയ സാഹചര്യത്തില്‍ സുധാകരന്റെ “അനിവാര്യത”

കേരളത്തിലെ പാര്‍ടിയെ ഇപ്പോഴത്തെ നിരാശയില്‍ നിന്നും കരകയറ്റാന്‍ സാധാരണ ഗ്രൂപ്പുകളികള്‍ കൊണ്ട് നെയ്‌തെടുത്ത നേതൃത്വം കൊണ്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശ്വസിക്കുന്നു. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. 2016-ലെതിലും ആഴമുള്ള പരാജയമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. മാത്രമല്ല എതിരിടേണ്ടത് സാധാരണ ഭരണാധികാരിയെ അല്ല, പിണറായി വിജയന്‍ എന്ന കേരളം കണ്ട മികച്ച അഡ്മിനിസ്‌ട്രേറ്ററെയോ മാനേജരെയോ ആണ്. അടിത്തട്ടില്‍ വരെ ആഴ്ന്നു ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്താലേ മാറ്റമുണ്ടാകൂ. അതിനുള്ള പോരാട്ടവീര്യവും മരുന്നും കൊടിക്കുന്നിലിന്റെ കയ്യലല്ല സുധാകരന്റെ ശൈലിയിലാണ് ഉള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കേരളത്തില്‍ പോലും ഒട്ടേറെ ഇടങ്ങളില്‍ പാര്‍ടിയുടെ അടിസ്ഥാന ഘടകങ്ങള്‍ പോലും പ്രവര്‍ത്തിച്ചിരുന്നില്ല എന്നതു തന്നെയാണ്. താപ്പാനകള്‍ അവരുടെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി പ്രചാരണം നടത്തിയെങ്കില്‍ സ്ഥാനാര്‍ഥികളായ ചെറുപ്പക്കാര്‍ മണ്ഡലത്തില്‍ നവാഗതരായിരുന്നതിനാല്‍ വെളളം കുടിച്ചു. താഴെത്തട്ടു മുതല്‍ സുഘടിതമായ വിവിധ കമ്മിറ്റികള്‍ ഇല്ല എന്ന പരിമിതി പ്രചാരണത്തില്‍ മോശമായി ബാധിച്ചു. ഇത് മറികടക്കണമെങ്കില്‍ നല്ല ഉശിരുള്ള നേതാവ് വരണം എന്നതാണ് കോണ്‍ഗ്രസിന്റെ ശരി. ആ രീതിയില്‍ നോക്കിയാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ച ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് സുധാകരന്റെത് എന്നു പറയാം.

അണികളെ ആവേശഭരിതരാക്കാനുള്ള കഴിവുള്ള സുധാകരന്‍ മികച്ച പോരാട്ടവീര്യം കാണിക്കുന്ന വ്യക്തിയാണ്. ചടുലതയും പോരാട്ട വീര്യവും ഊര്‍ജ്ജ്വസ്വലതയും ഒപ്പം നിര്‍ത്തുകയും വ്യക്തിപരമായ അധിക്ഷേപങ്ങളും അപക്വമായ പെരുമാറ്റങ്ങളും ഉപേക്ഷിക്കുകയും ചെയ്താല്‍ കുമ്പക്കുടി സുധാകരന്‍ എന്ന കോണ്‍ഗ്രസ് അധ്യക്ഷന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്ലൂക്കോസ് ആകാന്‍ കഴിയും. എ, ഐ ഗ്രൂപ്പു മാനേജര്‍മാരുടെ മുഖം തിരിക്കലുകള്‍ മധുവിധുക്കാലം പിന്നിട്ടാലും പിന്തുടരുകയാണെങ്കില്‍ വി.എം.സുധീരന് നേരിട്ട പ്രതിസന്ധി സുധാകരനെയും ബാധിച്ചേക്കാം. പക്ഷേ സുധീരനെ പോലെ ഇട്ടിട്ട് പോകുന്ന ആളല്ല സുധാകരന്‍. പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും അറിയാം. ഹൈക്കമാന്‍ഡിന്റെ വിശ്വാസം നേടിയെടുക്കല്‍ സുധാകരന് ആദ്യമേ ഏറ്റവും പ്രധാനമാണ്. കാരണം ദേശീയ നേതൃത്വത്തിന്റെ പൂര്‍ണവിശ്വസത്തിലുള്ള നല്ലപിള്ളയല്ല സുധാകരന്‍. ദേശീയ നേതൃത്വത്തിന്റെ ആനുകൂല്യം ഇല്ലെങ്കില്‍ ഇപ്പോള്‍ തീര്‍ച്ചയായും അസംതൃപ്തസംഘമായി മാറിയിട്ടുള്ള ഉമ്മന്‍ചാണ്ടി- ചെന്നിത്തല് അച്ചുതണ്ടിനെ ഒതുക്കാന്‍ സുധാകരന് വിയര്‍ക്കേണ്ടിവരും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: after effect when k sudhakaran being the president of kpcc

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick